Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്ത്രി ബാബുവിന്...

മന്ത്രി ബാബുവിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം

text_fields
bookmark_border
മന്ത്രി ബാബുവിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം
cancel

കൊച്ചി: കള്ള് നിരോധിക്കണമെന്ന ഹൈകോടതി നിരീക്ഷണത്തെ വിമ൪ശിച്ച എക്സൈസ് മന്ത്രി കെ.ബാബുവിൻെറ പ്രസ്താവന വോട്ടുബാങ്ക് സംരക്ഷിക്കാൻ ലക്ഷ്യമിട്ടെന്ന് ഹൈകോടതി. കള്ളുൽപ്പാദനവും ഉപഭോഗവും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാജ കള്ളാണ് ലഭ്യമാകുന്നതെന്ന് ബോധ്യമായതിനാലാണ് പരിഹാര മാ൪ഗമെന്ന നിലയിൽ കള്ള് നിരോധമെന്ന നി൪ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, നി൪ദേശം മുഖവിലയ്ക്കെടുക്കാതെയും പരിഹാരം കാണാൻ ശ്രമിക്കാതെയും സ൪ക്കാ൪ ഹൈകോടതിയെ അധിക്ഷേപിക്കുന്നത് ദയനീയമാണ്. തങ്ങൾ സേവിക്കേണ്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ഓ൪ത്തല്ല, വോട്ടുബാങ്കുകൾ ലക്ഷ്യമിട്ടാണ് ഹൈകോടതി നി൪ദേശങ്ങളെ ഭരണക൪ത്താക്കൾ അധികാരപരിധി മറികടന്നും അധിക്ഷേപിക്കുന്നത്.
ഹൈകോടതിയെ ആക്രമിക്കാൻ കൊടിനിറം പോലും നോക്കാതെയാണ് രാഷ്ട്രീയക്കാരുടെ പ്രതികരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു അബ്കാരികേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീൽ പരിഗണിക്കുമ്പോഴാണ്, എന്ത് കുടിക്കണമെന്ന് ജനം തീരുമാനിക്കുമെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമുള്ള മന്ത്രി ബാബുവിൻെറ പ്രസ്താവനയെ ജസ്റ്റിസ് എസ്. സിരിജഗൻ രൂക്ഷമായ ഭാഷയിൽ വിമ൪ശിച്ചത്.
ഏത് മദ്യം കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെങ്കിൽ മദ്യഷാപ്പുകൾക്ക് ലൈസൻസ് സംവിധാനം ഏ൪പ്പെടുത്തിയതെന്തിനെന്ന് കോടതി ചോദിച്ചു. ജനത്തിൻെറ ഇഷ്ടത്തിന് വിടാമെങ്കിൽ ഇരുചക്ര വാഹന യാത്രക്കാ൪ ഹെൽമറ്റ് ധരിക്കണമെന്ന് ശാഠ്യം പിടിക്കുന്നതിൻെറ കാര്യമെന്താണ്. ജനം സ്വയം തീരുമാനിച്ചാൽ മതിയെങ്കിൽ നിയമവ്യവ്യസ്ഥയുടെ ആവശ്യമില്ല. ചില സമയങ്ങളിൽ ജനങ്ങൾക്ക് എതിരാണെന്ന് തോന്നാമെങ്കിലും പൊതുജന ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്നവയാണ് നിയമങ്ങൾ. ഇതിനുദാഹരണമാണ് അബ്കാരി നിയമം.
കള്ളുനിരോധം നടപ്പാക്കാത്തതിന് ഈ മേഖലയിലുള്ളവരുടെ തൊഴിൽ നഷ്ടമാകുമെന്ന വാദമാണ് സ൪ക്കാ൪ ഉന്നയിക്കുന്നത്. സ൪ക്കാ൪ അനുമതിയോടെ വിതരണം ചെയ്യുന്നത് നല്ല കള്ളാണെന്ന് വിശ്വസിച്ച് വ്യാജ കള്ള് കുടിച്ച് ആരോഗ്യം അപകടപ്പെടുത്തുന്നവരെക്കുറിച്ച് സ൪ക്കാറിന് ചിന്തയില്ല. കള്ള് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളെക്കാൾ പതിന്മടങ്ങാണ് വ്യാജ കള്ള് കുടിക്കാൻ വിധിക്കപ്പെട്ടവരെന്ന് സ൪ക്കാ൪ മനസ്സിലാക്കണം.
കള്ളുഷാപ്പുകൾ നിരോധിക്കാൻ കഴിയില്ലെങ്കിൽ കുറഞ്ഞപക്ഷം ചെത്തിയെടുക്കുന്ന യഥാ൪ഥ കള്ളുതന്നെയാണ് കുടിക്കാൻ നൽകുന്നതെന്ന് ഉറപ്പുവരുത്താനെങ്കിലും സ൪ക്കാറിന് കഴിയണം.
കള്ള് നിരോധം മൂലം തൊഴിൽ നഷ്ടപ്പെടുമെന്ന സ൪ക്കാ൪ വാദം ദു൪ബലമാണ്. യഥാ൪ഥ കള്ളെന്നാൽ തേങ്ങാവെള്ളം പോലെ ശുദ്ധമായ ശീതള പാനീയമാണ്. കള്ള് ശീതളപാനീയമായി സംസ്കരിച്ച് വിൽപ്പന നടത്താവുന്ന പദ്ധതി സംബന്ധിച്ച് കേരള കാ൪ഷിക സ൪വകലാശാലയുടെ ഒരു നി൪ദേശമുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടുമുണ്ട്. സ൪ക്കാ൪ ഈ പദ്ധതിയുമായി മുന്നോട്ട് പോയാൽ ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെടാതെ തന്നെ കള്ള് വ്യവസായ മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സാധിക്കും.
ജനത്തിൻെറ ആരോഗ്യം സംരക്ഷിക്കുന്നതിന് പകരം ഭരണക൪ത്താക്കൾ കോടതിയെ ചീത്തവിളിക്കുന്ന നയമാണ് പിന്തുടരുന്നതെങ്കിൽ ജനതാൽപര്യമല്ല വോട്ടുബാങ്കാണ് ഭരണക൪ത്താക്കളുടെ ലക്ഷ്യമെന്ന് ജനങ്ങൾക്കും വിശ്വസിക്കേണ്ടി വരും. ജനാരോഗ്യം മറന്ന് വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി പ്രവ൪ത്തിക്കാതെ സ൪ക്കാ൪ ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story