കൂടംകുളത്ത് ദുരന്തമുണ്ടായാല്‍ ആര്‍ക്കാണ് ബാധ്യതയെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂദൽഹി: കൂടങ്കുളം ആണവനിലയത്തിൽ അപകടമുണ്ടാവുകയാണെങ്കിൽ നഷ്ടപരിഹാരം ആരു നൽകുമെന്ന് വിശദീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസ൪ക്കാറിനോട് ആവശ്യപ്പെട്ടു. ആണവബാധ്യത നിയമത്തിൽനിന്ന് കൂടങ്കുളത്തെ ഒഴിവാക്കിയതിൻെറ കാരണവും അറിയിക്കണം. കൂടങ്കുളം ആണവനിലയം പ്രവ൪ത്തനം തുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് ദീപക് മിശ്രയുമടങ്ങിയ ബെഞ്ച് കേന്ദ്ര സ൪ക്കാറിന് ഈ നി൪ദേശം നൽകിയത്. കേസ് സുപ്രീംകോടതി ഒക്ടോബ൪ 11ന് വീണ്ടും പരിഗണിക്കും.
1989ലെ നിയമപ്രകാരമാണ് ആണവനിലയത്തിന് പ്രവ൪ത്തനാനുമതി നൽകിയതെന്നും 2010ലെ ആണവ ബാധ്യത നിയമത്തിൽനിന്ന് കൂടങ്കുളത്തെ ഒഴിവാക്കിയിരിക്കുകയാണെന്നും ഹരജിക്കാ൪ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഉപയോഗിച്ച ആണവ ഇന്ധനം ഏഴു വ൪ഷം വരെ കൂടങ്കുളത്ത് സൂക്ഷിക്കാനാണ് തീരുമാനം. നിലയത്തിന് ചുറ്റും താമസിക്കുന്ന ലക്ഷക്കണക്കിനു പേരെ ഇത് ദോഷകരമായി ബാധിക്കും. ഉപയോഗിച്ച ഇന്ധനം നിലയത്തിൽ സൂക്ഷിക്കുന്നതിന് അമേരിക്കയിൽ പോലും വിലക്കുണ്ട്. ന്യായമായ ഈ ആവശ്യങ്ങളുന്നയിച്ച് പ്രദേശവാസികൾ നടത്തുന്ന സമരത്തെ അടിച്ചമ൪ത്തുകയാണ് സ൪ക്കാ൪.
8000 ഗ്രാമീണ൪ക്കെതിരെ ദേശദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിഷ്ക൪ഷിക്കുന്ന സുരക്ഷാ സംവിധാനംപോലും ഏ൪പ്പെടുത്താതെ പ്ളാൻറിൻെറ പ്രവ൪ത്തനം തുടങ്ങാനുള്ള നീക്കം തടയണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. എന്നാൽ, അപകടമുണ്ടായാൽ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ബാധ്യത സംബന്ധിച്ച് വിശദമായി മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കൂടങ്കുളം നിലയത്തിൽ ഇന്ധനം നിറക്കുന്നത് തടയാൻ വിസമ്മതിച്ച സുപ്രീംകോടതി , സുരക്ഷ പരമപ്രധാനമാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാൽ നിലയം അടച്ചിടുന്നതിന് ഉത്തരവിടാൻ മടിക്കില്ലെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കൂടങ്കുളം നിലയം പൂ൪ണമായും സുരക്ഷിതമാണെന്നും ഫുകുഷിമ ആണവ ദുരന്തത്തിന് സമാനമായ സ്ഥിതി ഉണ്ടായാലും നേരിടാൻ സജ്ജമാണെന്നുമാണ് നിലയത്തിൻെറ നടത്തിപ്പു ചുമതലയുള്ള ന്യൂക്ളിയ൪ പവ൪ കോ൪പറേഷൻ കോടതിയിൽ അറിയിച്ചിരിക്കുന്നത്. കോടതിയിലും പുറത്തും സമരം ശക്തമായി തുടരവെ, റഷ്യൻ സഹായത്തോടെയുള്ള കൂടങ്കുളം ആണവനിലയം കമീഷൻ ചെയ്യാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.