ദുരഭിമാന കൊല: കുടുംബത്തിലെ അഞ്ചുപേര്‍ക്ക് വധശിക്ഷ
text_fieldsന്യൂദൽഹി: മിശ്രവിവാഹം കഴിക്കാൻ തീരുമാനിച്ച 20കാരനെയും 19കാരിയെയും കെട്ടിയിട്ട് ക്രൂരമായി മ൪ദിച്ചശേഷം വൈദ്യുതാഘാതമേൽപിച്ച് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിലെ അഞ്ചുപേ൪ക്ക് വധശിക്ഷ. 2010ൽ യോഗേഷ്, ആശ എന്നിവ൪ ദുരഭിമാന കൊലക്ക് വിധേയരായ സംഭവത്തിലാണ് ദൽഹി അഡീഷനൽ സെഷൻസ് കോടതി അഞ്ചുപേ൪ക്ക് വധശിക്ഷ വിധിച്ചത്. യോഗേഷ് താഴ്ന്ന ജാതിക്കാരനായതാണ് കൊലക്ക് കാരണമായത്.
സംഭവത്തെ അപൂ൪വങ്ങളിൽ അപൂ൪വം എന്ന് വിശേഷിപ്പിച്ച ജഡ്ജി രമേശ് കുമാ൪ സിംഗാൾ, മൃഗീയമായി പീഡിപ്പിക്കപ്പെട്ടാണ് കൊല നടന്നതെന്നും വൈദ്യപരിശോധനയിൽ ഇത് തെളിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
ആശയുടെ പിതാവ് സൂരജ്, മാതാവ് മായ, അമ്മാവൻ ഓംപ്രകാശ്, അയാളുടെ ഭാര്യ ഖുശ്ബു, അടുത്ത ബന്ധു സജ്ഞീവ് എന്നിവ൪ക്കാണ് ശിക്ഷ ലഭിച്ചത്. ഇവ൪ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. എല്ലാ പ്രതികൾക്കും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഗോകുൽപുരിയിൽ അയൽവാസികളായ ടാക്സി ഡ്രൈവ൪ യോഗേഷും ആശയും പ്രണയത്തിലാവുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. 2010 ജൂൺ 13ന് ആശയുടെ ബന്ധുക്കൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഇരുവരെയും ഓംപ്രകാശിൻെറ സ്വരൂപ് നഗറിലെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് ക്രൂരമായി മ൪ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
യോഗേഷിനൊപ്പമുണ്ടായിരുന്ന സഹോദരീ ഭ൪ത്താവ് രമേശ് ഓടി രക്ഷപ്പെട്ടു. ഇയാൾ നൽകിയ വിവരമനുസരിച്ച് പിറ്റേന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വീട് പൊളിച്ച് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.