ടഫലിന് ലാസ്റ്റ് മാച്ച്
text_fieldsകൊളംബോ: കളിക്കാരുടെ തൊണ്ടപൊട്ടുന്ന അപ്പീലിനും ബാറ്റ്സ്മാൻെറ കണ്ണുരുട്ടലിനും ഗാലറിയുടെ ആ൪പ്പുവിളികൾക്കും മധ്യേ കണിശതയോടെ കളി നിയന്ത്രിക്കുന്ന സൈമൺ ടഫലിന് ഇന്ന് അവസാന അങ്കം. വിരമിക്കൽ പ്രഖ്യാപിച്ച ഐ.സി.സി എലൈറ്റ് പാനൽ അമ്പയ൪ സൈമൺ ടഫൽ വെസ്റ്റിൻഡീസ്-ശ്രീലങ്ക ഫൈനൽ മത്സരത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടിനോട് വിടപറയും. 1999ൽ തുടങ്ങിയ അമ്പയറിങ് കരിയറിനാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ വിരാമമിടുന്നത്. ഇതിനകം 74 ടെസ്റ്റും, 174 ഏകദിനങ്ങളും 33 ട്വൻറി20 മത്സരങ്ങളിലും അമ്പയ൪ കുപ്പായമണിഞ്ഞാണ് കണിശതയുടെ പര്യായമായ ഈ ആസ്ട്രേലിയക്കാരൻ ഗ്രൗണ്ടിനോട് വിടപറയുന്നത്. 2004 മുതൽ 2008 വരെ തുട൪ച്ചയായി അഞ്ചുതവണ ഐ.സി.സിയുടെ മികച്ച അമ്പയ൪ പുരസ്കാര ജേതാവായിരുന്നു ആസ്ട്രേലിയൻ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലെ പേസ് ബൗളറായിരുന്ന സൈമൺ ടഫൽ.
2011 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയ മൊഹാലിയിലെ മത്സരമായിരുന്നു കരിയറിലെ അവിസ്മരണീയമെന്ന് ടഫൽ. ‘രണ്ട് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാ൪ കാണികളായെത്തിയ മത്സരം കളിയെന്നതിനേക്കാൾ ഏറെ രാഷ്ട്രീയ പ്രാധാന്യവുമുള്ളതായിരുന്നു. 2011 ലോകകപ്പ് രണ്ട് ഫൈനലുകൾ നടന്ന ടൂ൪ണമെൻറാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൊഹാലിയിലെ സെമിയും വാങ്കഡെയിലെ യഥാ൪ഥ ഫൈനലും’ -കൊളംബോയിൽ വാ൪ത്താസമ്മേളനത്തിൽ ടഫൽ പറഞ്ഞു. ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ 25 ഓവ൪ എറിഞ്ഞ അഡ്ലെയ്ഡ് ടെസ്റ്റിലെ അഞ്ചാം ദിനവും മുത്തയ്യ മുരളീധരൻ 25 ഓവ൪ എറിഞ്ഞ കാൻഡി ടെസ്റ്റിലെ അഞ്ചാം ദിനവും ഓ൪മയിൽ തിളങ്ങുന്നുവെന്ന് ടഫൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.