ലീഗ് വടികൊടുത്ത് വാങ്ങിയത് ന്യൂനപക്ഷങ്ങള്‍ക്കുള്ള അടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ സംഘടിത നീക്കങ്ങൾ നടക്കുന്നതിനിടെ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് പട്ടാമ്പിയിൽ നടത്തിയ പരാമ൪ശം സമുദായത്തിന് ബാധ്യതയാകുന്നു. ലീഗിൻെറ അഞ്ചാം മന്ത്രിപദത്തെയും ഭരണപങ്കാളിത്തത്തെയും ബ്ളാക്ക്മെയിൽ ചെയ്ത് മറ്റു സാമുദായിക സംഘടനകൾ അവരുടെ കാര്യം നടത്തുന്നതിനിടയിൽ ഇബ്രാഹിം കുഞ്ഞിൻെറ പരാമ൪ശം ആ സംഘടനകൾക്കും വ൪ഗീയ ഫാഷിസ്റ്റ് വിഭാഗങ്ങൾക്കും ഏറെ ഗുണകരമാകുകയാണ്. നഷ്ടം ഉണ്ടാകുന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്കു മാത്രവും.
സമുദായത്തിലെ ലീഗിതര വിഭാഗങ്ങളെ ആക൪ഷിക്കാനുള്ള നീക്കത്തിൻെറ ഭാഗമായിട്ടാകാം ഇബ്രാഹിംകുഞ്ഞ് ഈ പരാമ൪ശം നടത്തിയത്. ലീഗിൻെറ പോക്കിൽ അതൃപ്തരായ ജനവിഭാഗങ്ങളും ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് ഇടപെടുന്ന യുവജന വിദ്യാ൪ഥി പ്രസ്ഥാനങ്ങളും ലീഗിൻെറ സ്വകാര്യ താൽപര്യങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രമുഖ വിഭാഗങ്ങളിൽ നിന്ന് അനുഭാവികളെ ആക൪ഷിക്കുക എളുപ്പമല്ലെന്നറിയാവുന്ന നേതൃത്വം ലീഗിൻെറ അണികളിൽ ചോ൪ച്ച വരാതിരിക്കാൻ പണിപ്പെടുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലുള്ള പരാമ൪ശം മാത്രമാകാം ഇബ്രാഹിം കുഞ്ഞ് നടത്തിയത്. എന്നാൽ ഇത് ന്യൂനപക്ഷ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഏറെ ബാധ്യതയാണ് വരുത്തുന്നത്.
കേരളത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾ അന൪ഹമായത് കൈയാളുകയാണെന്ന ബോധപൂ൪വ പ്രചാരണം നടക്കുന്ന കാലഘട്ടമാണിത്. ഭൂരിപക്ഷവിഭാഗങ്ങൾ ഒരുമിക്കുന്നതിൻെറ ഭാഗമായി സി.പി. എമ്മുമായി പോലും സഖ്യം വേണമെന്നുള്ള ആഹ്വാനവും സംഘ്പരിവാറിൽ നിന്നുണ്ടായിരിക്കുകയാണ്. അതിനിടയിൽ ലീഗിന് ഭരണത്തിൽ അപ്രമാദിത്തമുണ്ടെന്ന് ആരോപിച്ച് എസ്.എൻ.ഡി.പി, എൻ.എസ്.എസ് സംഘടനകൾ നിരന്തര പ്രചാരണ പരിപാടികൾ തന്നെ സംഘടിപ്പിക്കുന്നു. ലീഗാണ് ഭരിക്കുന്നതെന്ന് വരുത്തിത്തീ൪ക്കുന്നു. അങ്ങനെ ഭരണകേന്ദ്രങ്ങളെ വിരട്ടി അവ൪ പലതും നേടുകയും ചെയ്യുന്നു. അതും പോരാഞ്ഞ് വിലപേശൽ ശേഷി വികസിപ്പിക്കാനായി അവ൪ തന്ത്രപരമായ യോജിപ്പിനും മുതി൪ന്നിട്ടുണ്ട്. വാസ്തവത്തിൽ ഈ പ്രചാരണങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായും നിയമപരമായും ലഭിക്കുന്ന അ൪ഹമായ ആനുകൂല്യങ്ങളുടെ പോലും കടക്കൽ കത്തിവെക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഭരണതലത്തിൽ ലീഗിൽ നിന്ന് സമുദായത്തിന് കാര്യമായി എന്തെങ്കിലും പരിഗണന ലഭിച്ചതായി പറയാനില്ല. കാര്യം നടക്കണമെങ്കിൽ പണം വേണമെന്നതാണ് അനുഭവപ്പെടുന്ന യാഥാ൪ഥ്യം. മുന്നണിയിൽ തന്നെ ലീഗിനെ കടിഞ്ഞാണിടാൻ മറ്റു പാ൪ട്ടികൾ ഉപയോഗിക്കുന്നത്, ലീഗിനും അതു പ്രതിനിധാനം ചെയ്യുന്നുവെന്ന് അതിൻെറ നേതൃത്വം അവകാശപ്പെടുന്ന വിഭാഗങ്ങൾക്കും അമിത പരിഗണന ലഭിക്കുന്നതായി പ്രചാരണമുണ്ടെന്നു പറഞ്ഞാണ്. ഈ സാഹചര്യത്തിൽ ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞ് പൊന്നാനിയിൽ പ്രസംഗിച്ചത്, അണികളെ പിടിച്ചുനി൪ത്താൻ നടത്തിയ അഭ്യാസമാണെങ്കിൽ പോലും അത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പരിക്കേൽപ്പിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.