മാലേഗാവ്: അന്വേഷണം മരവിച്ചു
text_fieldsമുംബൈ: ഒരുവ൪ഷം മുമ്പ് എൻ.ഐ.എ ഏറ്റെടുത്ത 2006ലെ മാലേഗാവ് സ്ഫോടന പരമ്പര കേസ് അന്വേഷണത്തിൽ പുരോഗതിയില്ല. തുടക്കത്തിൽ കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസും പിന്നീട് അന്വേഷിച്ച സി.ബി.ഐയും സ്ഫോടനം നടത്തിയത് സിമിയാണെന്ന് കണ്ടെത്തിയിരുന്നു. ഒമ്പത് സിമി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ, 2007ലെ മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വാമി അസിമാനന്ദ മാലേഗാവ് സ്ഫോടനത്തിൻെറ ഉത്തരവാദിത്തവും ഏറ്റതോടെയാണ് കേസ് അന്വേഷണം എൻ.ഐ.എക്കു കൈമാറിയത്. അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ പുതിയ തെളിവുകൾ ലഭിച്ചതായും അതിൻെറ അടിസ്ഥാനത്തിൽ അറസ്റ്റിലായ സിമി പ്രവ൪ത്തകരുടെ ജാമ്യം തടയുന്നില്ലെന്നും എൻ.ഐ.എ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതെത്തുട൪ന്ന് 2011 നവംബ൪ അഞ്ചിന് കോടതി സിമി പ്രവ൪ത്തക൪ക്ക് ജാമ്യംനൽകി. എന്നാൽ, ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനുൾപ്പെടെ പ്രതിയാകാൻ സാധ്യതയുള്ള കേസിൽ എൻ.ഐ.എയുടെ തുടരന്വേഷണം പാതിവഴിയിലായ മട്ടാണ്.
2006 സെപ്റ്റംബ൪ എട്ടിന് മാലേഗാവിലെ ഹാമിദിയാ മസ്ജിദ്, ബഡെ ഖബറിസ്താൻ, മുശാവറത്ത് ചൗക്ക് എന്നിവിടങ്ങളിലാണ് 36 പേ൪ മരിച്ച സ്ഫോടന പരമ്പര നടന്നത്. സ്ഫോടനം നടന്ന് നാലാംമാസം കേസ് സി.ബി.ഐക്ക് കൈമാറി. അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയെ തുട൪ന്ന് കോടതിയുടെ അനുമതിയോടെ സി.ബി.ഐ വീണ്ടും അന്വേഷണം നടത്തി. എന്നാൽ, അന്നും സി.ബി.ഐ സിമിയെ കേന്ദ്രീകരിച്ചാണ് നീങ്ങിയത്. ന്യൂനപക്ഷ സമുദായ നേതാക്കളുടെ ഇടപെടലിനെ തുട൪ന്ന് 2011 ജൂൺ മൂന്നിനാണ് കേസ് എൻ.ഐ.എക്ക് കൈമാറുന്നത്.
സി.ബി.ഐയിൽനിന്ന് കേസ് ഏറ്റെടുത്ത എൻ.ഐ.എ ജയിലിൽ കഴിയുകയായിരുന്ന ഒമ്പത് പ്രതികളെയും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുകയാണ് ആദ്യം ചെയ്തത്.
ശാസ്ത്രീയ പരിശോധനകളുടെ റിപ്പോ൪ട്ടുകളും അന്വേഷണ റിപ്പോ൪ട്ടും സമ൪പ്പിക്കാമെന്ന് മോക്ക കോടതിയെ അറിയിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല. 2011 നവംബറിൽ സിമി പ്രവ൪ത്തകരുടെ ജാമ്യം തടയുന്നില്ലെന്ന സത്യവാങ്മൂലം മാത്രമാണ് സമ൪പ്പിച്ചത്. 2008ലെ മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്യാസി ദയാനന്ദ് പാണ്ടെക്ക് 2006ലെ സ്ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേസിലെ പ്രതിയും പൊലീസ് ചാരനുമായ അബ്റാ൪ അഹമദ് ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു.
സ്ഫോടന സമയത്ത് നാസിക് റൂറൽ എസ്.പിയായിരുന്ന രാജ്വ൪ധൻെറ പങ്കും അബ്റാ൪ തൻെറ ഹ൪ജിയിൽ വ്യക്തമാക്കിയിരുന്നു. തന്നെ ഉപയോഗിച്ച് മറ്റ് സിമി പ്രവ൪ത്തകരെ രാജ് വ൪ധൻ കെണിയിലാക്കുകയായിരുന്നുവെന്ന് അബ്റാ൪ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.