തിരുവനന്തപുരത്തിന് അവഗണനയെന്ന്; കെ. മുരളീധരന്‍ പ്രക്ഷോഭത്തിന്
text_fieldsതിരുവനന്തപുരം: തലസ്ഥാനജില്ലയുടെ വികസനസ്തംഭനത്തിന് പരിഹാരം ആവശ്യപ്പെട്ട് കെ. മുരളീധരൻ എം.എൽ.എ സമരരംഗത്തേക്ക്. മോണോറെയിലിൻെറ കാര്യത്തിൽ സ൪ക്കാ൪ ഉറപ്പുനൽകിയില്ലെങ്കിൽ ഡിസംബ൪ ഒന്നുമുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
1994ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആലോചിച്ച കൊച്ചി മെട്രോപദ്ധതി മാറ്റിവെപ്പിച്ച ശക്തികൾ ഇപ്പോൾ മോണോറെയിൽ പദ്ധതി അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നു.
തിരുവനന്തപുരത്തെ പല പദ്ധതികളും അവതാളത്തിലാണ്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ പ്രസ്താവനകളല്ലാതെ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ കഴിയുന്നില്ല. കരമന- കളിയിക്കാവിള നാലുവരിപ്പാത നി൪മാണവും സ്തംഭനാവസ്ഥയിലാണ്. മോണോറെയിൽ പദ്ധതിയിൽ കോഴിക്കോടിന് മുൻഗണന നൽകി തിരുവനന്തപുരത്തെ അവഗണിക്കാനാണ് നീക്കം. പദ്ധതി നടപ്പാകില്ലെന്ന ആശങ്കയിലാണ് ഇവിടത്തുകാ൪. വികസനപദ്ധതികളെല്ലാം കോഴിക്കോടിനും എറണാകുളത്തിനും ഡെങ്കിപ്പനിയും കോളറയും തിരുവനന്തപുരത്തിനും എന്ന സ്ഥിതിയാണിപ്പോൾ.
മാലിന്യപ്രശ്നം കാരണം ഇവിടെ ജീവിക്കാൻ പോലും ജനം ഭയപ്പെടുകയാണ്. മാലിന്യസംസ്കരണത്തിന് കൈക്കൊണ്ട തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല.
യു.ഡി.എഫ് സ൪ക്കാറിനെ പിന്തുണക്കുന്ന കൂടുതൽ എം.എൽ.എമാരെ സംഭാവന ചെയ്ത ജില്ലയാണ് തിരുവനന്തപുരം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഭരണമുന്നണിയെ ജയിപ്പിച്ച് സ൪ക്കാറിൻെറ നില കൂടുതൽ ഭദ്രവുമാക്കി.എന്നാൽ, വികസനപ്രവ൪ത്തനങ്ങളിൽ ജില്ല തഴയപ്പെടുന്നു. ഈസാഹചര്യത്തിൽ ശക്തമായ നിലപാടിന് മുഖ്യമന്ത്രി തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.