ചാരക്കേസ് ഗൂഢാലോചനക്ക് പിന്നില്‍ നരസിംഹ റാവുവും -മുരളീധരന്‍
text_fieldsതിരുവനന്തപുരം: ഐ.എസ്.ആ൪.ഒ ചാരക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും പങ്കുണ്ടെന്ന് കെ.മുരളീധരൻ. കെ. കരുണാകരൻ കൂടി പിന്താങ്ങി പ്രധാനമന്ത്രിയാക്കിയയാളാണ് റാവു. ഈ ജന്മത്തിൽ അയാളെ വിശ്വസിക്കാൻ കഴിയില്ല. സാമൂഹ്യ സംരക്ഷണസമിതി പ്രസ് ക്ളബിൽ സംഘടിപ്പിച്ച ‘നമ്പിനാരായണനോട് മാപ്പ് ചോദിക്കുന്നു’ പരിപാടിയിൽ മുരളീധരൻ പറഞ്ഞു.
സി.ബി.ഐ ശിക്ഷിക്കണമെന്ന് ശിപാ൪ശചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി എടുത്താൽ പിന്നിൽ പ്രവ൪ത്തിച്ചവ൪ ആരെന്ന് പുറത്തുവരും. സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, എസ്. വിജയൻ എന്നിവ൪ക്കെതിരെയാണ് സി.ബി.ഐ നടപടി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സ൪ക്കാറിൻെറ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈകമാൻഡിനെ സമീപിക്കും.
ചാരക്കേസിനുപിന്നിൽ പ്രവ൪ത്തിച്ചവ൪ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ട്. പക്ഷേ, ഒപ്പം ഇനിയും പ്രവ൪ത്തിക്കേണ്ടതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ചാരക്കേസിൽ ഒരു നഷ്ടപരിഹാരവും കിട്ടാത്ത ആളിൻെറ മകനാണ് താൻ.
ചാരക്കേസ് വെറും ചാരമെന്നാണ് സി.ബി.ഐ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ഒരു സി.ഐയുടെ തലയിൽ ഇത് ഉദയം കൊണ്ടത്. അത്രക്ക് ബുദ്ധിമാനായ ഉദ്യോഗസ്ഥനൊന്നുമല്ല എസ്. വിജയൻ. സിബിമാത്യൂസിനോടും നമ്പിയോടും കെ. കരുണാകരന് പ്രത്യേകം വിരോധം ഉണ്ടാകേണ്ട കാര്യവുമില്ല.
കെ.കരുണാകരൻെറ രാഷ്ട്രീയ ജീവിതത്തിനിടെ നാല് കേസുകളിലാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. തട്ടിൽ എസ്റ്റേറ്റ്, രാജൻ, പാമോയിൽ, ഐ.എസ്.ആ൪.ഒ കേസുകൾ. ഇതിന് പിന്നിലെ ഗൂഢാലോചനയെല്ലാം സ്വന്തം പക്ഷത്ത് നിന്നാണുണ്ടായത്. പ്രതിപക്ഷം അത് മുതലെടുക്കുകമാത്രമാണ് ചെയ്തത്.
കരുണാകരൻ ശൈലി മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനിടെയാണ് ചാരക്കേസ് ഉണ്ടായത്. 18 കോൺഗ്രസ് എം.എൽ.എമാ൪ കരുണാകരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദം കൊഴുക്കവെ താരസംഘടനയുടെ വേദിയിലെത്തിയ കരുണാകരനെ കൂവി. അതിന് ശേഷമാണ് ഘടകകക്ഷികൾ രംഗത്തുവന്നത്. കരുണാകരനെ മുന്നിൽ നി൪ത്തി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വൻ പരാജയമായിരിക്കും ഫലമെന്നും അതിനാൽ മാന്യമായൊരു പദവി നൽകി കേന്ദ്രത്തിലിരുത്തണമെന്നും ഘടകകക്ഷികൾ ആവശ്യപ്പെട്ടു. കൂടാതെ രമൺശ്രീവാസ്തവയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ ഒരു കുറ്റവും കണ്ടെത്താത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കരുണാകരൻ തയാറായില്ല. ഒടുവിൽ പ്രധാനമന്ത്രി നരസിംഹറാവുവിൻെറ മുന്നിലും രാജിക്കാര്യമെത്തി. പി.സി.ചാക്കോ, രമേശ് ചെന്നിത്തല എന്നിവരുൾപ്പെട്ട സംഘം റാവുവുമായി സംസാരിച്ചു.
അന്നുതന്നെ ജി.കെ. മൂപ്പനാ൪ തന്നെ രഹസ്യമായി വിളിച്ച് മാറ്റിനി൪ത്തി പറഞ്ഞു. കരുണാകരൻ രാജിവെക്കമെന്ന തീരുമാനമാണ് ഉണ്ടായതെന്ന്. ലീഡറുടെ എല്ലാ വള൪ച്ചയും കണ്ട നമ്മൾ ഇതിനും സാക്ഷിയായി എന്നാണ് ചെന്നിത്തല അപ്പോൾ പറഞ്ഞത്. പിന്നീട് ഗാന്ധി പാ൪ക്കിൽ പൊതുസമ്മേളനത്തിൽ കരുണാകരൻ രാജി പ്രഖ്യാപിക്കുകയായിരുന്നു. ചാരക്കേസിൽ എന്തെങ്കിലും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ നരസിംഹറാവുവിനും പങ്കുണ്ട് -മുരളീധരൻ പറഞ്ഞു.
നമ്പിനാരായണ് നൽകുന്ന നഷ്ടപരിഹാരം നികുതിപ്പണത്തിൽ നിന്ന് നൽകരുതെന്ന് സക്കറിയ പറഞ്ഞു. ഭരണകൂടവും പൊലീസും മാധ്യമങ്ങളും ആണ് ഇതിനുത്തരവാദി. നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണം -അദ്ദേഹം പറഞ്ഞു.
ശാസ്ത്രലോകത്തെ അന്താരാഷ്ട്ര ഗൂഢാലോചന ചാരക്കേസിൽ സംഭവിച്ചിട്ടുണ്ടെന്ന് നമ്പിനാരായണൻ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ റിപ്പോ൪ട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൂടുതൽ സൂക്ഷ്മത പുല൪ത്തണമെന്ന് തുട൪ന്ന് സംസാരിച്ച ബി.ആ൪.പി ഭാസ്ക൪ പറഞ്ഞു. മധുനായ൪ ന്യുയോ൪ക്ക് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.