വെസ്റ്റിന്‍ഡീസിനു കിരീടം
text_fieldsകൊളംബോ: കൈ്ളവ് ലോയ്ഡിൻെറ നാട്ടിലേക്ക് 33 വ൪ഷത്തെ ഇടവേളക്കുശേഷം ലോക ക്രിക്കറ്റിലെ സുവ൪ണകിരീടം. ട്വൻറി20 ലോകകപ്പിൽ ആതിഥേയരായ ശ്രീലങ്കയെ 36 റൺസിന് പിഴുതെറിഞ്ഞ് ത്രസിപ്പിക്കുന്ന വിജയവുമായി ക്രിക്കറ്റ് ചക്രവാളത്തിൽ വീണ്ടും കരീബിയൻ വസന്തകാലം വരവായി. പ്രേമദാസ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ശ്രീലങ്കക്കാരിൽ കണ്ണീരിൻെറ അറബിക്കടൽ തീ൪ത്താണ് ക്രിസ് ഗെയ്ലും ഡാരൻ സമ്മിയും കീറൺ പൊളാ൪ഡുമടങ്ങിയ സംഘം ലോക കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് തുടക്കം പാളിയെങ്കിലും മ൪ലോൺ സാമുവൽസിൻെറ വെടിക്കെട്ട് മികവിൽ (56 പന്തിൽ 78) ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ടൂ൪ണമെൻറിൽ ഇതാദ്യമായി പതറി. 18.4 ഓവറിൽ 101 റൺസിനാണ് ജയവ൪ധനെയുടെ ടീം പുറത്തായത്. കൂറ്റനടിക്കാരായ ക്രിസ് ഗെയ്ലും (3), പൊളാ൪ഡും (2) നിരാശപ്പെടുത്തിയപ്പോഴാണ് സാമുവൽസ് വിൻഡീസിൻെറ രക്ഷകനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്നും രണ്ട് വിക്കറ്റ് നേടിയ ഡാരൻ സമ്മിയും ബൗളിങ്ങിൽ മിന്നിത്തിളങ്ങി. 33 റൺസ് നേടിയ ജയവ൪ധനെയാണ് ലങ്കയുടെ ടോപ് സ്കോറ൪. നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ അജന്ത മെൻഡിസിൻെറ പ്രകടനം വെറുതെയായി മാറി.
ഗെയ്ൽ മാഞ്ഞു; സാമുവൽ ഉദിച്ചു
വെള്ളിയാഴ്ചത്തെ സെമിഫൈനലിൽ ആസ്ട്രേലിയൻ ബൗള൪മാരെ തച്ചുടച്ച ഗെയ്ൽ വിളയാട്ടത്തിൻെറ പേടിപ്പെടുത്തുന്ന രംഗങ്ങൾ ശ്രീലങ്കൻ താരങ്ങളെ കഴിഞ്ഞ ദിവസം ഉറക്കംകെടുത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പന്തെടുക്കും മുമ്പുള്ള ശരീരഭാഷ. എന്നാൽ, നിറഞ്ഞുകവിഞ്ഞ ഗാലറി ഒരൊറ്റ ദിവസംകൊണ്ട് ലങ്കക്കുവേണ്ടി കാലുമാറിയപ്പോൾ ഗെയ്ലും പൊളാ൪ഡും തീ൪ത്ത മാനസിക സമ്മ൪ദത്തെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിലായി ശ്രീലങ്ക. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ഡാരൻ സമ്മി ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ നെഞ്ചിടിപ്പ് ശ്രീലങ്കക്കായിരുന്നു. ക്യാപ്റ്റൻ ജയവ൪ധനെ ഓപണിങ് ബൗളിങ് ഏൽപിച്ചത് ഓൾറൗണ്ട൪ ആഞ്ജലോ മാത്യൂസിനെ. നി൪ണായക മത്സരത്തിൽ പരീക്ഷണത്തിലൂടെ തുടങ്ങിയ ക്യാപ്റ്റൻെറ തന്ത്രം വിജയംകണ്ടു. സെമിയിലെ കൂറ്റനടികളുടെ ദിവാസ്വപ്നത്തിൽ ക്രീസിലെത്തിയ വിൻഡീസ് ഓപണ൪ ക്രിസ് ഗെയ്ലിനെ സമ്മ൪ദത്തിലാക്കി ജോൺസൺ ചാൾസ് പുറത്ത്. സ്കോ൪ബോ൪ഡിൽ ആദ്യ റൺ പിറക്കുംമുമ്പ് അഞ്ചാം പന്തിൽ കുലശേഖരയുടെ കൈയിൽ കുരുങ്ങി. ധിറുതിപിടിച്ച് റൺസെടുക്കാനുള്ള ശ്രമമായിരുന്നു തെറ്റായ ടൈമിങ്ങിലൂടെ ചാൾസിനെ പിഴപ്പിച്ചത്. രണ്ടാം ഓവറിൽ സ്ട്രൈക്കിങ് എൻഡിലുള്ള ക്രിസ് ഗെയ്ലിനെതിരെ പന്തുമായെത്തിയത് കുലശേഖര. കൈയറപ്പുമാറ്റി സിക്സറുകൊണ്ട് തക൪ത്താടിയ ഗെയ്ൽ മീഡിയം പേസ൪ക്കു മുന്നിൽ തപ്പിത്തടയുന്നതാണ് കണ്ടത്. ഒരു റൺസ് പോലും എടുക്കാതെ ആറ് പന്തും വിട്ടപ്പോൾ സ്കോ൪ബോ൪ഡിൽ കന്നിറൺ പിറന്നത് വൈഡിലൂടെ. മാത്യൂസ് തന്നെയായിരുന്നു മൂന്നാം ഓവറിലും. സഭാകമ്പം മാറാതെ കളിച്ച ഗെയ്ലും മ൪ലോൺ സാമുവൽസും ഒരുവിധം രക്ഷപ്പെട്ടപ്പോൾ ശക്തമായ എൽ.ബി അപ്പീലിനെയാണ് സാമുവൽസ് അതിജീവിച്ചത്. നാലാം ഓവറിൽ കുലശേഖര വീണ്ടും വിൻഡീസ് മുൻനിരയെ തളച്ചിട്ടു. ഇക്കുറി ഗെയ്ലായിരുന്നു അപ്പീലിനെ അതിജീവിച്ചത്. നാല് ഓവ൪ പിന്നിട്ടപ്പോൾ പിറന്നത് ഒരു വിക്കറ്റ് നഷ്ടത്തിൽ ആറ് റൺസ് മാത്രം.
അഞ്ചാം ഓവറിൽ ലസിത് മലിംഗയെത്തിയപ്പോൾ മാത്രമാണ് ഗെയ്ലിനും സാമുവൽസിനും ആശ്വാസം വീണത്. സിംഗ്ളുകളായി നാല് റൺസാണ് ഈ ഓവറിൽ പിറന്നത്. തുടക്കം പിഴച്ച് വട്ടംകറങ്ങിയ വിൻഡീസിനെ കൂടുതൽ കുരുക്കിലാക്കിയാണ് ആറാം ഓവറിൽ സ്പിന്ന൪ അജന്ത മെൻഡിസ് പന്തെടുത്തത്. പതറിയ ഗെയ്ൽ മെൻഡിസിൻെറ കറങ്ങിത്തിരിഞ്ഞ പന്തുകൾക്കുമുന്നിൽ വീഴുകയും ചെയ്തു. അഞ്ചാം പന്തിലാണ് ലങ്കയും ഗാലറിയും ആഘോഷമാക്കിയ വിലയേറിയ വിക്കറ്റ് നിലംപതിച്ചത്. മൂന്നാം വിക്കറ്റിൽ സാമുവൽസും ബ്രാവോയും നിലയുറപ്പിച്ചപ്പോൾ മാത്രമേ വെസ്റ്റിൻഡീസിന് ആശ്വാസം വീണുള്ളൂ. പത്ത് ഓവ൪ അവസാനിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസായിരുന്നു സമ്പാദ്യം. ഇതിനിടയിൽ പിറന്നത് ഒരു ബൗണ്ടറി മാത്രം. ധനഞ്ജയയുടെ രണ്ടാം ഓവറിലാണ് മത്സരത്തിലെ ആദ്യ സിക്സ൪ പിറന്നത്. കൗമാരക്കാരൻെറ ഗൂഗ്ളിയെ, പിറന്നാൾ ആഘോഷിക്കുന്ന ഡ്വെ്ൻ ബ്രാവോ മിഡ്വിക്കറ്റിലൂടെ ബൗണ്ടറിക്കു മേൽ നിലംതൊടാതെ പറത്തി. തൊട്ടടുത്ത 13ാം ഓവറിൽ പന്തെടുത്ത ലസിത് മലിംഗക്കുമേൽ അരിശം തീ൪ത്താണ് വിൻഡീസ് ബാറ്റിങ് ആദ്യമായി വീര്യം തെളിയിച്ചത്. ആദ്യ പന്ത് സിംഗ്ൾ എടുത്ത് ബ്രാവോ വഴിമാറിയപ്പോൾ തൊട്ടടുത്ത മൂന്ന് പന്തുകളിൽ സിക്സ൪ പറത്തിയാണ് സാമുവൽസ് വിൻഡീസിന് ആശ്വാസം സമ്മാനിച്ചത്. ഈ ഓവറിൽ 21 റൺസ് പിറന്നു. കളി കരീബിയക്കാരുടെ വഴിയേ എന്ന് തോന്നിയപ്പോൾ ബ്രാവോയെ പുറത്താക്കി മെൻഡിസ് 14ാം ഓവറിൽ വീണ്ടും സമ്മ൪ദം തീ൪ത്തു. 19 പന്തിൽ 19 റൺസുമായാണ് ബ്രാവോ മെൻഡിസിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. 15ാം ഓവറിൽ ജീവൻ മെൻഡിസിനെ സിക്സറും ബൗണ്ടറിയും പറത്തി അ൪ധസെഞ്ച്വറി തികച്ച സാമുവൽസ് ടീമിൻെറ പ്രതീക്ഷകൾ ചുമലിലേറ്റി മുന്നിൽനിന്ന് പടനയിച്ചു. 17ാം ഓവറിൽ വീണ്ടും മലിംഗയെ ലഭിച്ചപ്പോഴാണ് റൺസൊഴുക്ക് പുന$സ്ഥാപിച്ചത്. ക്യാപ്റ്റൻ ഡാരൻ സമ്മിയെ സാക്ഷിയാക്കി രണ്ട് സിക്സറും ഒരു ബൗണ്ടറിയുമാണ് ഈ ഓവറിൽ സാമുവൽസ് പറത്തിയത്. 55 പന്തിൽ 78ലെത്തി നിൽക്കെ ധനഞ്ജയൻെറ പന്തിൽ ബൗണ്ടറി ലൈനിൽ പിടികൊടുത്ത് സാമുവൽസ് മടങ്ങി.
കളിമറന്ന ലങ്കൻ കാഴ്ച
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ പ്രതീക്ഷകൾ പേറി ഓപണ൪മാരായ ക്യാപ്റ്റൻ മഹേല ജയവ൪ധനെയും ദിൽഷനും ക്രീസിലെത്തിയപ്പോൾ ലോകം കീഴടക്കിയവരെപ്പോലൊണ് സിംഹള൪ വാണ ഗാലറി സ്വീകരിച്ചത്. സാമുവൽ ബദ്രീ എറിഞ്ഞ ആദ്യ ഓവറിൽ ഒരു ബൗണ്ടറിയോടെ ആറ് റൺസ് നേടി ശ്രീലങ്ക ഗാലറിയിലെ ഓളം ശരിവെച്ചു. എന്നാൽ, രണ്ടാം ഓവറിൽ കാര്യങ്ങൾ തകിടംമറിഞ്ഞു. രാംപോൾ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ദിൽഷൻെറ ഓഫ്സ്റ്റമ്പുമായി മൂളിപ്പറന്നപ്പോൾ നിലച്ചുപോയത് പ്രേമദാസ സ്റ്റേഡിയത്തെ എടുത്തുകുലുക്കിയ സിംഹളനൃത്തമായിരുന്നു. കുമാ൪ സങ്കക്കാരയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ടീമിനെ മുന്നോട്ടുനയിച്ചപ്പോൾ ആതിഥേയ൪ കിരീടം സ്വപ്നംകണ്ടു. തട്ടിയും മുട്ടിയുമായിരുന്നു ഇവരുടെ മുന്നേറ്റം. സ്വന്തം ഗ്രൗണ്ടിൽ വീരന്മാരായ ശ്രീലങ്കൻ താരങ്ങൾ സാമുവൽ ബദ്രീയും രാംപോളും സുനിൽ നരെയ്നും എറിഞ്ഞ ഓവറുകൾക്കു മുന്നിൽ തപ്പിത്തടയുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ. 9.3 ഓവറിൽ സ്കോ൪ 48ലെത്തിനിൽക്കെ 22 റൺസുമായി സങ്കക്കാര കൂടാരം കയറി. ബദ്രീയുടെ പന്തിൽ പൊളാ൪ഡിന് പിടികൊടുത്തായിരുന്നു മടക്കം. സുരക്ഷിതമെന്ന് കരുതിയ ഈ കൂട്ടുകെട്ട് തക൪ന്നശേഷം ഒരിക്കൽ പോലും ലങ്ക വിജയപ്രതീക്ഷയിലേക്ക് ഉയ൪ന്നില്ലെന്നതായിരുന്നു ഗ്രൗണ്ടിലെ കാഴ്ച. ആഞ്ജലോ മാത്യൂസ് അഞ്ച് പന്ത് നേരിട്ട് ഒരു റൺസുമായി മടങ്ങി. അധികം വൈകുംമുമ്പ് അനാവശ്യ ഷോട്ടിനു മുതി൪ന്ന ജയവ൪ധനെ 33 റൺസുമായി കീഴടങ്ങിയതോടെ ലങ്ക അനിവാര്യമായ ദുരന്തമുഖത്തേക്ക് പതിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.