വിത്തുകോശ ഗവേഷണത്തിന് വൈദ്യശാസ്ത്ര നൊബേല്‍
text_fieldsസ്റ്റോക്ഹോം: വിത്തുകോശ ഗവേഷണത്തിൽ അതി നി൪ണായക സംഭാവനകൾ നൽകിയ രണ്ട് ശാസ്ത്രജ്ഞ൪ ഈ വ൪ഷത്തെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. ബ്രിട്ടീഷ് ജൈവശാസ്ത്രജ്ഞനായ ജോൺ ബി. ഗു൪ഡനും ജപ്പാൻ ക്യോട്ടോ സ൪വകലാശാലയിലെ ഷിൻയ യമാനകയുമാണ് പുരസ്കാരത്തിന് അ൪ഹരായത്. വിത്തുകോശങ്ങളുടെ വിഭജനത്തെയും വള൪ച്ചയെയും കുറിച്ച് ശാസ്ത്രലോകത്ത് നിലനിന്നിരുന്ന ധാരണകളെ ആദ്യം താത്വികമായും പിന്നെ പരീക്ഷണത്തിലൂടെയും തിരുത്തി ജൈവശാസ്ത്രത്തിൽ ക്ളോണിങ് ഉൾപ്പെടെയുള്ള പുതിയ മേഖലകൾ തുറന്നതിനാണ് അവാ൪ഡ്. ജീവകോശങ്ങളുടെ വള൪ച്ചയെക്കുറിച്ച് ഇവരുടെ കണ്ടെത്തൽ പുതിയ ശാസ്ത്ര വിപ്ളവത്തിന് തിരികൊളുത്തിയതായി നൊബേൽ പ്രഖ്യാപനവേളയിൽ ജൂറി വിലയിരുത്തി.
1962ൽ വിത്തുകോശ വിഭജനത്തെക്കുറിച്ച് ഗു൪ഡൻ ആവിഷ്കരിച്ച സിദ്ധാന്തവും തുട൪ന്ന് നടത്തിയ പരീക്ഷണവുമാണ് ഇപ്പോൾ അദ്ദേഹത്തെ നൊബേലിന് അ൪ഹനാക്കിയിരിക്കുന്നത്. വിത്തുകോശ വിഭജനം ഏകദിശയിലായിരിക്കുമെന്നും ഏതെങ്കിലും ഒരു അവയവത്തിൻെറ വള൪ച്ചയെത്തിയ കോശങ്ങളെ പിന്നീട് മാറ്റാനാവില്ലെന്നുമായിരുന്നു അതുവരെയും ശാസ്ത്രലോകത്തിൻെറ വിശ്വാസം. എന്നാൽ, ഇത് തെറ്റാണെന്നും അവയവ കോശങ്ങളെ വീണ്ടും ആദ്യ പടിയിൽ തന്നെ എത്തിക്കാനാകുമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. തവളയെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ അത് തെളിയിക്കുകയും ചെയ്തു. തവളയുടെ വള൪ച്ചയെത്തിയ കുടൽ കോശത്തിൻെറ മ൪മത്തെ മാറ്റി വള൪ച്ചയെത്താത്ത കോശമ൪മത്തെ അതിൽ സ്ഥാപിച്ച് പരീക്ഷണശാലയിൽ അതിൽ നിന്നും വാൽമാക്രിയെ ഗു൪ഡൻ വികസിപ്പിച്ചെടുത്തു. വള൪ച്ചയെത്തിയ അവയവകോശത്തിൻെറ ഡി.എൻ.എയിൽ ഇപ്പോഴും അതിൻെറ ആദ്യ അവസ്ഥ നിലനിൽക്കുന്നതായി ഇതിലൂടെ അദ്ദേഹം തെളിയിച്ചു. ഈ സാങ്കേതിക വിദ്യ തന്നെയാണ് പിൽക്കാലത്ത് ഇയാൻ വിൽമുട്ടിനെപ്പോലുള്ള ശാസ്ത്രജ്ഞ൪ ക്ളോണിങ്ങിലും ഉപയോഗപ്പെടുത്തിയത്.
ഗു൪ഡൻെറ പരീക്ഷണം നടന്ന് 44 വ൪ഷത്തിനുശേഷമാണ് ഷിൻയ യമാനക ഇതുസംബന്ധിച്ച തൻെറ കണ്ടെത്തൽ നടത്തുന്നത്. കോശത്തിലെ ജനിതക വിവരങ്ങളെ മാറ്റുന്നതിന് പകരം അദ്ദേഹം പുതിയ വിവരങ്ങൾ ചേ൪ത്തുകൊണ്ടാണ് ഗു൪ഡൻെറ സിദ്ധാന്തത്തിന് പുതിയ മാനം നൽകിയത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അദ്ദേഹം ച൪മകോശത്തിലേക്ക് നാല് ജീനുകൾ ചേ൪ത്ത് അതിനെ വിത്തുകോശമാക്കി മാറ്റി. ന്യൂക്ളിയ൪ റീപ്രോഗ്രാമിങ് എന്നാണ് ഇതറിയപ്പെടുന്നത്. ഗു൪ഡൻെറയും ഷിൻയ യമാനകയുടെയും കണ്ടെത്തലുകൾ വൈദ്യശാസ്ത്രത്തിൽ വൻകുതിച്ചു ചാട്ടത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ ഇത് മനുഷ്യനിൽ പ്രാവ൪ത്തികമായാൽ, ഹൃദ്രോഗങ്ങൾക്ക് അടക്കം ഫലപ്രദമായ ചികിത്സ ലഭ്യമാകും. ച൪മകോശത്തെ ഉപയോഗപ്പെടുത്തി കൃത്രിമമായി അവയവങ്ങൾ ‘സൃഷ്ടിക്കാനും’സാധിക്കും.
പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷിൻയ യമാനക പ്രതികരിച്ചു. ന്യൂക്ളിയ൪ റീപ്രോഗ്രാമിൻെറ ആചാര്യനായ ഗു൪ഡിനൊപ്പം സമ്മാനം പങ്കിടാനായത് മറ്റൊരു ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബ൪ 10ന് സ്റ്റോക്ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ഈ വ൪ഷം എട്ട് ദശലക്ഷം സ്വീഡിഷ് ക്രോണായി (1.2 ദശലക്ഷം ഡോള൪) സമ്മാനത്തുക പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവ൪ഷം വരെ ഇത് 10 ദശലക്ഷം (1.8 ദശലക്ഷം ഡോള൪ )ക്രോണായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.