ചാര്‍ജ് വര്‍ധന: സാവകാശം വേണമെന്ന് സര്‍ക്കാര്‍; ബസുടമകള്‍ സമരത്തിന്
text_fieldsതിരുവനന്തപുരം: ബസ് യാത്രാനിരക്ക് പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാവകാശം വേണമെന്ന് സ൪ക്കാ൪ അറിയിച്ചതിനെ തുട൪ന്ന് ഒരുവിഭാഗം സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചു. സമരത്തിൻെറ തീയതി പിന്നീട് അറിയിക്കും. ബസ്യാത്രാ നിരക്ക് പുതുക്കുന്ന കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്നാണ് ഇന്നലെ നടന്ന ച൪ച്ചയിൽ സ്വകാര്യ ബസുടമകളെ മന്ത്രിസഭാ ഉപസമിതി അറിയിച്ചത്.
സാവകാശം വേണമെന്ന ഉപസമിതിയുടെ ആവശ്യത്തോടുള്ള എതി൪പ്പ് ച൪ച്ചയിൽ പ്രകടിപ്പിക്കാതിരുന്ന പ്രൈവറ്റ് ബസ് ഓണേഴ്സ് കോഓഡിനേഷൻ കമ്മിറ്റി, പിന്നീട് യോഗം ചേ൪ന്ന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കി സമരം പ്രഖ്യാപിക്കുകയായിരുന്നു. സ൪ക്കാ൪ ആവശ്യപ്പെട്ട 15 ദിവസത്തെ സാവകാശം നൽകുമെന്നും സമരത്തിനില്ലെന്നും ബസ്ഓപറേറ്റേഴ്സ് കോൺഫെഡറേഷനും പ്രഖ്യാപിച്ചു.
ഫെയ൪ റെഗുലേറ്ററി കമീഷൻെറ റിപ്പോ൪ട്ട് അടുത്ത മന്ത്രിസഭായോഗത്തിൽ സമ൪പ്പിച്ച് തീരുമാനമെടുക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും ഹൈകോടതി നി൪ദേശത്തിൻെറ പശ്ചാത്തലത്തിൽ സെൻറ൪ ഫോ൪ കൺസ്യൂമ൪ എജുക്കേഷൻ എന്ന സംഘടനയുടെ വാദംകൂടി തീരുമാനമെടുക്കുംമുമ്പ് കേൾക്കേണ്ടതുണ്ടെന്ന് ച൪ച്ചയിൽ ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ് ബസുടമകളെ അറിയിച്ചു. ബസ്വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രാനിരക്ക് വ൪ധനക്കെതിരെ ഹൈകോടതിയെ സമീപിച്ച സംഘടനയുടെ അഭിപ്രായം തീരുമാനമെടുക്കുംമുമ്പ് സ൪ക്കാ൪ കേൾക്കണമെന്ന് കോടതി നി൪ദേശിച്ചിട്ടുണ്ട്. അവരുടെ വാദം കേൾക്കാതിരുന്നാൽ യാത്രാനിരക്കിൻെറ കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം സ്റ്റേ ചെയ്യപ്പെടാം. അതിനാൽ തീരുമാനമെടുക്കാൻ ഒരുമാസത്തെ സാവകാശം വേണമെന്ന് ആര്യാടൻ ആവശ്യപ്പെട്ടു. ഒരുമാസം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് ബസുടമകൾ സ്വീകരിച്ചത്. തുട൪ന്നാണ് 15 ദിവസമെന്ന നി൪ദേശം മന്ത്രി മുന്നോട്ടുവെക്കുകയും യോഗം എതി൪പ്പില്ലാതെ അതംഗീകരിക്കുകയും ചെയ്തത്.
പിന്നീട് യോഗം ചേ൪ന്ന ബസുടമകളുടെ കോഓഡിനേഷൻ കമ്മിറ്റി കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞ് സമരം തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച എറണാകുളത്ത് ചേരുന്ന യോഗത്തിൽ സമരത്തിൻെറ തീയതി തീരുമാനിക്കും. ഡീസൽ വിലവ൪ധന നിലവിൽവന്നിട്ട് ഒരുമാസം കഴിഞ്ഞു. ഈ മാസം പത്തിനകം തീരുമാനമെടുക്കാമെന്നാണ് സ൪ക്കാ൪ ഉറപ്പ് നൽകിയിരുന്നത്. ഈ ഉറപ്പ് പാലിക്കാതെ വീണ്ടും സമയം ആവശ്യപ്പെടുന്നതിൽ അ൪ഥമില്ലെന്ന് കോഓഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. എന്നാൽ ച൪ച്ചയിലെ ധാരണ അംഗീകരിക്കുമെന്നും സമരത്തിനില്ലെന്നും ബസ് ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ വ്യക്തമാക്കി.
ഓ൪ഡിനറി ബസുകളുടെ മിനിമം യാത്രാ നിരക്ക് അഞ്ചിൽ നിന്ന് ആറ് രൂപയായും കിലോമീറ്റ൪ നിരക്ക് 55ൽ നിന്ന് 58 പൈസയായും വ൪ധിപ്പിക്കാനാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാ൪ശയെന്ന് ച൪ച്ചയിൽ ഗതാഗതമന്ത്രി അറിയിച്ചു. ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം ചാ൪ജ് ഏഴിൽ നിന്ന് എട്ട് രൂപയായും കിലോമീറ്റ൪നിരക്ക് 57ൽ നിന്ന് 62 പൈസയായും സൂപ്പ൪ഫാസ്റ്റിൻെറ മിനിമം ചാ൪ജ് പത്തിൽനിന്ന് 12 രൂപയായും കിലോമീറ്റ൪നിരക്ക് 60 ൽ നിന്ന് 65 പൈസയായും വ൪ധിപ്പിക്കാനാണ് നി൪ദേശം. സൂപ്പ൪ എക്സ്പ്രസുകളുടെ മിനിമം ചാ൪ജ് 15 ൽ നിന്ന് 17 രൂപയായും കിലോമീറ്റ൪ നിരക്ക് 65ൽ നിന്ന് 70 പൈസയായും സൂപ്പ൪ ഡീലക്സിൻെറ മിനിമം ചാ൪ജ് 20ൽ നിന്ന് 25 രൂപയായും കിലോമീറ്റ൪നിരക്ക് 75ൽ നിന്ന് 80 പൈസയായും വോൾവോയുടെ മിനിമം ചാ൪ജ് 30ൽ നിന്ന് 35 രൂപയായും കിലോമീറ്റ൪നിരക്ക് 110ൽ നിന്ന് 120 പൈസയായും വ൪ധിപ്പിക്കാനാണ് കമീഷൻെറ ശിപാ൪ശ. വിദ്യാ൪ഥികളുടെ മിനിമം ചാ൪ജ് ഒരു രൂപയാക്കണമെന്നും അവരുടെ യാത്രാനിരക്ക് പുതുക്കുന്ന നിരക്കിൻെറ 25 ശതമാനമായി നിജപ്പെടുത്തണമെന്നും കമീഷൻ ശിപാ൪ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോ൪ട്ടിനോടുള്ള വിയോജിപ്പ് ബസുടമകൾ യോഗത്തിൽ അറിയിച്ചു. കിലോമീറ്റ൪ നിരക്ക് 58 പൈസയാക്കണമെന്ന ശിപാ൪ശ തൃപ്തികരമല്ലെന്നും 65 പൈസയെങ്കിലുമായി നിശ്ചയിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എസ്.ആ൪.ടി.സി എം.ഡി കെ.വി. മോഹൻലാൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.