സാഹിത്യ നൊബേല്‍ ചൈനീസ് നോവലിസ്റ്റ് മൊ യാന്
text_fieldsസ്റ്റോക്ഹോം: ആക്ഷേപഹാസ്യത്തിൻെറയും മാജിക്കൽ റിയലിസത്തിൻെറയും സങ്കേതങ്ങളിലൂടെ അക്ഷരലോകത്ത് അദ്ഭുതം തീ൪ത്ത ചൈനീസ് സാഹിത്യകാരൻ മൊ യാന് ഈ വ൪ഷത്തെ സാഹിത്യ നൊബേൽ. ചൈനയുടെ കലുഷിതമായ കഴിഞ്ഞ നൂറ്റാണ്ടിനെ അനാവരണം ചെയ്യുന്ന മൊ യാൻെറ ചെറുകഥകളും നോവലുകളും സാഹിത്യ-ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ച മാറ്റങ്ങളെ മുൻനി൪ത്തിയാണ് പുരസ്കാരം. ചരിത്രവും വ൪ത്തമാനവും പുരാവൃത്തങ്ങളും സംയോജിപ്പിക്കുന്ന വിസ്മയ സാഹിത്യപ്രപഞ്ചമാണ് മൊ യാൻെറതെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. കാൽപനികതയും യാഥാ൪ഥ്യവും ഇടകല൪ത്തിയുള്ള രചനാ രീതി ഫോക്നറെയൂം മാ൪ക്വേസിനെയും ഓ൪മിപ്പിക്കുന്നതാണ്. ഡിസംബ൪ 10ന് സ്റ്റോക് ഹോമിലെ സ്വീഡിഷ് അക്കാദമി ഹാളിൽ പുരസ്കാരം സമ്മാനിക്കും. എട്ട് ദശലക്ഷം സ്വീഡിഷ് ക്രൗൺ ആണ് (6.8 കോടി രൂപ)സമ്മാനത്തുക.
ആദ്യമായാണ് ഒരു ചൈനീസ് പൗരന് സാഹിത്യ നൊബേൽ ലഭിക്കുന്നത്. 2000ൽ, ചൈനീസ് വംശജനായ ഗയോ സിൻജിയാന് പുരസ്കാരം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നു.
1955ൽ ചൈനയിലെ ഷാൻദോങ് പ്രവിശ്യയിലെ ഗയോമിയിൽ ജനിച്ച മൊ യാൻെറ യഥാ൪ഥ പേര് ഗുവാൻ മോയെ എന്നാണ്. ജന്മ ഗ്രാമത്തെ ഇതിവൃത്തമാക്കി ചൈനയുടെ ചരിത്രത്തെ വിശകലനം ചെയ്യുന്നതാണ് മിക്ക രചനകളും. പലപ്പോഴൂം ചൈനീസ് സെൻസ൪ഷിപ്പിന് വിധേയനായിട്ടുള്ള അദ്ദേഹത്തിൻെറ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവ൪ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സമകാലിക ചൈനീസ് സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വിവ൪ത്തനം ചെയ്യപ്പെട്ടതും ഇദ്ദേഹത്തിൻെറ കൃതികളാണ്. ‘റെഡ് സൊ൪ഗം’(1987), ‘റിപ്പബ്ളിക് ഓഫ് വൈൻ’ (1992) എന്നീ കൃതികളാണ് മൊ യാനെ ആഗോള തലത്തിൽ ശ്രദ്ധേയനാക്കിയത്. റെഡ് സൊ൪ഗത്തിന് ചലച്ചിത്രാവിഷ്കാരവും നൽകിയിട്ടുണ്ട്. 1996ൽ പുറത്തിറങ്ങിയ ബിഗ് ബ്രെസ്റ്റ് ആൻഡ് വൈഡ് ഹിപ്സ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ലൈംഗികാതിക്രമങ്ങളുടെയും അജ്ഞതയുടെയും അക്രമങ്ങളുടെയും മായികലോകമായാണ് ചൈനയെ അദ്ദേഹം ഈ കൃതിയിൽ ചിത്രീകരിച്ചത്. ചൈനയിൽ കൃതി നിരോധിക്കപ്പെട്ടെങ്കിലും ഇംഗ്ളീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ബെസ്റ്റ് സെല്ലറായി. 1ചൈനയുടെ രാഷ്ട്രീയത്തെയും സംസ്കാരത്തെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങൾ മൊ യാൻെറ രചനകളിൽ പ്രതിഫലിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻെറ ‘ഫ്രോഗ്’ എന്ന നോവൽ ഭരണകൂടത്തിൻെറ കുടുംബാസൂത്രണ പദ്ധതികളെ വിമ൪ശിക്കുന്നതാണ്. കുടുംബത്തിൽ ഒരു കുട്ടി എന്ന പദ്ധതി നടപ്പിൽ വരുത്തുന്നതിൻെറ ഭാഗമായി രാജ്യത്ത് അധികാരികൾ നടത്തുന്ന നി൪ബന്ധിത ഭ്രൂണഹത്യകളെയും വന്ധ്യംകരണത്തെയും ഈ നോവലിൽ പ്രശ്നവത്കരിക്കുന്നുണ്ട്. ‘ലൈഫ് ആൻഡ് ഡെത്ത് ആ൪ വിയറിങ് മി’ ആണ് ഏറ്റവും പുതിയ കൃതി. ചൈനീസ് ഭരണകൂടത്തിൻെറ വിലക്കുകളെ തന്ത്രപരമായി മറികടന്ന് മികച്ച രചനകൾ നടത്തിയിട്ടുള്ള മൊ യാൻ,രാജ്യത്തെ പല എഴുത്തുകാരൂടെയും വിമ൪ശനങ്ങൾക്കും പാത്രമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.