സിന്‍ഡിക്കേറ്റിന്റെ സ്വജനപക്ഷപാതത്തിനേറ്റ പ്രഹരം
text_fieldsകോഴിക്കോട്: ചട്ടവും നിയമവും സ്വന്തക്കാ൪ക്കായി തരംപോലെ വ്യാഖ്യാനിച്ചതിനേറ്റ കനത്ത പ്രഹരമാണ് കാലിക്കറ്റ് സ൪വകലാശാലക്കെതിരായ വിജിലൻസ് കേസ്.
ഏക്ക൪കണക്കിന് വരുന്ന സ൪വകലാശാലാ ഭൂമിയിൽ വ്യാപാരക്കണ്ണ് പതിഞ്ഞതോടെയാണ് സിൻഡിക്കേറ്റിൻെറ അക്കാദമിക അജണ്ട വഴിമാറിയത്. അതോടെ സ൪വകലാശാല ഭൂമി യു.ഡി.എഫ് നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് പല൪ക്കായി ദാനം ചെയ്തു. ഏപ്രിൽ 16ന് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
പൊതുമുതൽ സ്വകാര്യ ട്രസ്റ്റുകൾക്കും സംഘടനകൾക്കും പതിച്ചു നൽകുന്നതിൽ അസാമാന്യ തിടുക്കമാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടത്. എൻ.സി.സി ബറ്റാലിയൻ സ്ഥാപിക്കുന്നതിന് എട്ടേക്ക൪ ഭൂമി നൽകിയാണ് തുടക്കം. സ൪ക്കാറിൻെറ ഒരനുമതിയും വാങ്ങാതെയാണ് ഈ തീരുമാനമെടുത്തത്. വിദ്യാഭ്യാസ ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി വകമാറ്റുന്നത് തെറ്റായ കീഴ്വഴക്കമായതിനാൽ മുൻ സിൻഡിക്കേറ്റുകൾ എൻ.സി.സിയുടെ അപേക്ഷ പലവട്ടം നിരസിച്ചതാണ്.
93കോടിയുടെ ഹരിത കായിക സമുച്ചയം നി൪മിക്കുന്നതിലാണ് വൈസ് ചാൻസലറുടെയും സിൻഡിക്കേറ്റിൻെറയും വ്യാപാര താൽപര്യം പുറത്തുവന്നത്. ചെറിയൊരു തുകപോലും ബാങ്ക് ബാലൻസില്ലാത്ത കേരള ഒളിമ്പിക്സ് അസോസിയേഷനെ പദ്ധതിയിൽ പങ്കാളിയാക്കി. 50 ഏക്കറിലെ പദ്ധതിയിലേക്ക് പണം കണ്ടെത്താനാണ് ഇവരെ കൂട്ടിയത്. സ൪വകലാശാല തനിച്ച് ചെയ്യേണ്ട ജോലി ഇവരെ ഏൽപിച്ചതിൽ അടിമുടി ദുരൂഹതയായിരുന്നു. മന്ത്രി എം.കെ. മുനീറിൻെറ സഹോദരീ ഭ൪ത്താവായ പി.എ.ഹംസ ജനറൽ സെക്രട്ടറിയായ സംഘടനയാണ് അസോസിയേഷൻ. 2012 മാ൪ച്ച് ഒമ്പതിനാണ് സിൻഡിക്കേറ്റ് ഈ തീരുമാനമെടുത്തത്.
സി.എച്ച് ചെയറിൻെറ പേരിലാണ് ഏറ്റവും വലിയ ഭൂമിയിടപാട് നടന്നത്. ചെയറിന് 10 സെൻറ് നൽകാനാണ് വ്യവസ്ഥ. ഇതറിഞ്ഞുതന്നെയാണ് 10 ഏക്ക൪ വേണമെന്ന് ഗ്രേസ് എജുക്കേഷനൽ അസോസിയേഷൻ അപേക്ഷ നൽകിയത്. ചെയറിനു പകരം സി.എച്ച്. മുഹമ്മദ്കോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ആൻഡ് റിസ൪ച്ച് ഫോ൪ ഡെവലപിങ് സൊസൈറ്റീസ് എന്ന് പേരുമാറ്റി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ചെയ൪മാനായുള്ള അസോസിയേഷനാണ് അപേക്ഷ നൽകിയത്. മാ൪ച്ച് 27ൻെറ സിൻഡിക്കേറ്റ് യോഗം 10 ഏക്ക൪ നൽകി.
കോഴിക്കോട്ടെ ബാഡ്മിൻറൺ ഡെവലപ്മെൻറ് ട്രസ്റ്റിന് മൂന്നേക്ക൪ ഭൂമി നൽകുന്നതാണ് പിന്നീട് കണ്ടത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭ൪തൃപിതാവ് ഡോ. കെ. കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ളതാണ് ട്രസ്റ്റ്. ഇങ്ങനെ ഭൂമി വാങ്ങിക്കൂട്ടിയവരെല്ലാം ലീഗുമായി ബന്ധമുള്ളവ൪. വി.സിയാവട്ടെ മുസ്ലിം ലീഗിൻെറ നോമിനിയും. വെറുമൊരു അപേക്ഷയുടെ ബലത്തിലാണ് മാനദണ്ഡമൊന്നുമില്ലാതെ ഭൂമി നൽകിയത്. ഭൂമി നൽകിയില്ലെന്നും ഉടമ സ൪വകലാശാല തന്നെയെന്ന് പറഞ്ഞുനിന്നെങ്കിലും പിന്നീട് തീരുമാനം റദ്ദാക്കി. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയെങ്കിലും ഇതിനുപിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കാൻ ഉത്തരവിട്ടത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഹരജിക്കാരൻെറ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.