വിളപ്പില്‍ശാലയില്‍ രഹസ്യമായി യന്ത്രങ്ങളെത്തിച്ചു; വന്‍ പ്രതിഷേധം
text_fieldsതിരുവനന്തപുരം: ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന വിളപ്പിൽശാലയിലെ മാലിന്യ സംസ്കരണ പ്ളാൻറിലേക്ക് അതീവരഹസ്യമായി മലിനജല ശുദ്ധീകരണ യന്ത്രങ്ങളെത്തിച്ചു. ശനിയാഴ്ച പുല൪ച്ചെ രണ്ടോടെയാണ് കനത്ത പൊലീസ് ബന്തവസിൽ യന്ത്രസാമഗ്രികളെത്തിച്ചത്. ഇത് വിളപ്പിൽശാലയിൽ വീണ്ടും പ്രതിഷേധത്തിന് തിരികൊളുത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശോഭനകുമാരിയുടെ നേതൃത്വത്തിൽ മരണംവരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. വിളപ്പിൽ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടച്ച് ഹ൪ത്താൽ നടത്തി. പലേടത്തും റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിച്ച് ഉപരോധങ്ങളും നടന്നു. തിങ്കളാഴ്ച മുതൽ വിളപ്പിൽ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും വാഹനങ്ങൾ തടഞ്ഞും വിദ്യാഭ്യാസസ്ഥാപനങ്ങളും സ൪ക്കാ൪ ഓഫിസുകളും പ്രവ൪ത്തിപ്പിക്കാനുവദിക്കാതെയും ശക്തമായ ഉപരോധസമരം സംഘടിപ്പിക്കാനാണ് തീരുമാനം.
വിളപ്പിൽശാല മാലിന്യസംസ്കരണ പ്ളാൻറിൽ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള യന്ത്രവും അനുബന്ധ ഉപകരണങ്ങളുമാണ് സമരക്കാരുടെ കണ്ണുവെട്ടിച്ച് ശനിയാഴ്ച പുല൪ച്ചെ കൊണ്ടുവന്നത്. ഹൈകോടതി അന്ത്യശാസനം നടപ്പാക്കാൻ വേണ്ടിയെന്നാണ് സ൪ക്കാ൪ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ സ൪ക്കാറും കോ൪പറേഷനും തമ്മിലെ ഒത്തുകളിയാണ് സംയുക്ത സമരസമിതി പ്രവ൪ത്തകരും ജനകീയ സമരസമിതി പ്രവ൪ത്തകരും ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പൊലീസ് ദൗത്യം നടപ്പാക്കിയത്. ശനിയാഴ്ച രാത്രി ഉയ൪ന്ന പൊലീസ് മേധാവികളുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ ദക്ഷിണമേഖലാ എ.ഡി.ജി.പി എ. ഹേമചന്ദ്രൻെറ നി൪ദേശപ്രകാരം റൂറൽ എസ്.പി എ.ജെ. തോമസുകുട്ടിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂ൪ത്തിയാക്കിയത്. 120 ഓളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ഒഴിവാക്കിയാണ് നീക്കം നടത്തിയത്. 1.30 ഓടെ ആരംഭിച്ച ദൗത്യം 2.30 ഓടെ പൂ൪ത്തിയാക്കി.
നടപടി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ -മുഖ്യമന്ത്രി
തിരുവനന്തപുരം: വിളപ്പിൽശാലയിൽ മാലിന്യ സംസ്കരണ യന്ത്രങ്ങൾ രാത്രിയിൽ സ്ഥാപിച്ചത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈകോടതി വിധി നടപ്പാക്കുക മാത്രമാണ് സ൪ക്കാ൪ ചെയ്തത്. ജനങ്ങളെ കബളിപ്പിച്ചതല്ല. രക്തച്ചൊരിച്ചിൽ ഇല്ലാതെ പ്ളാൻറ് സ്ഥാപിക്കാനായതിൽ ആശ്വാസമുണ്ട്.
വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് സ൪ക്കാ൪ പ്രോത്സാഹനം നൽകും. പരിസ്ഥിതി സൗഹൃദ സംസ്കരണ പദ്ധതികൾക്ക് രൂപം നൽകും. മാലിന്യം കത്തിച്ചുകളയാനുള്ള മൊബൈൽ യൂനിറ്റുകൾ നവംബറിൽ പ്രവ൪ത്തനസജ്ജമാകുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
സ൪ക്കാ൪ പ്രവ൪ത്തിച്ചത് കള്ളനെപ്പോലെ -ബു൪ഹാൻ
തിരുവനന്തപുരം: വിളപ്പിൽശാല പ്രശ്നത്തിൽ സ൪ക്കാ൪ പ്രവ൪ത്തിച്ചത് കള്ളനെപ്പോലെയെന്ന് ജനകീയ സമരസമിതി പ്രസിഡൻറ് ബു൪ഹാൻ. ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ളാൻറിലേക്കുള്ള ഉപകരണങ്ങൾ പ്ളാൻറിലെത്തിച്ചതിൽ പ്രതിഷേധിച്ച് നിരാഹാരം ആരംഭിച്ച വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശോഭനകുമാരിക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള കൂറല്ല അധികാരികൾ കാട്ടുന്നത്. വിളപ്പിൽ ജനതയെ വിഘടിപ്പിക്കാൻ സ൪ക്കാറും കോ൪പറേഷനും ശ്രമിക്കുകയാണ്. ജനങ്ങളുടെ ഐക്യം തക൪ക്കാമെന്ന തന്ത്രം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.