ചാരകേസ് വീണ്ടും എരിയുന്നു
text_fields- മുരളീധരന് വയലാ൪ രവിയുടെ പിന്തുണ
- അന്വേഷണം ആവശ്യമില്ല; ആൻറണിയുടെ പേര് വലിച്ചിഴക്കരുത്-മുല്ലപ്പള്ളി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആ൪.ഒ ചാരക്കേസ് വീണ്ടും സജീവ ച൪ച്ചയാവുന്നു. കേസിൽ മുൻ മുഖ്യമന്ത്രി കരുണാകരനെ കുടുക്കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തുനൽകിയുതാടെ വിവാദം വീണ്ടും കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് വഴിതെളിച്ചത്.
മുരളീധരനെ എതി൪ത്തും അനുകൂലിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയാണ്. ചാരകേസുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.എൽ.എയുടെ നിലപാടുകളോട് പൂ൪ണമായും യോജിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വയലാ൪ രവി ശനിയാഴ്ച പറഞ്ഞു. ചാരക്കേസിൽപെടുത്തി കെ. കരുണാകരനെ കുടുക്കാൻ ചില൪ ശ്രമിച്ചിരുന്നു. ഇക്കാര്യം തനിക്കുമറിയാം. അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്നു താനെന്നും കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കവേ വയലാ൪ രവി പറഞ്ഞു. ഉദ്യോഗസ്ഥ൪ക്കെതിരെ അന്വേഷണം വേണമോ വേണ്ടയോയെന്ന് അഭിപ്രായം പറയുന്നില്ല. ഇത് തീരുമാനിക്കേണ്ടത് സ൪ക്കാറാണ്. എന്നാൽ, മുരളി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. അദ്ദേഹത്തിൻെറ നിലപാടുകളോട് പൂ൪ണമായി യോജിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
അതേസമയം, കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്നും എ.കെ ആൻറണിയുടെപേര് വലിച്ചിഴക്കരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. ഐ.എസ്.ആ൪.ഒ ചാരകേസ് കേരളീയ സമൂഹം ഏറെ ച൪ച്ചചെയ്തതാണ്.ഇനി ച൪ച്ചയുടെയോ അന്വേഷണത്തിൻെറയോ ആവശ്യമില്ല. പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇതുകൊണ്ടൊന്നും ആൻറണിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപിക്കാനാവില്ല. മുല്ലപ്പള്ളി പറഞ്ഞു. ചാരകേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണം. കുറേ പാ൪ട്ടികളുള്ള മുന്നണിയാണ് യു.ഡി.എഫ്. ചിലനേതാക്കൾ പത്രക്കാരെ കണ്ട് അനാവശ്യ കാര്യങ്ങൾ പറയുന്നതും പരസ്യവിഴുപ്പലക്കലും ഒഴിവാക്കണം. അനാവശ്യ വിവാദങ്ങൾക്ക് നേതാക്കൾ തിരികൊളുത്തരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേ൪ത്തു.
കേസിൽ മുൻ പ്രധാനമന്ത്രി നരസിംഹറാവുവിൻെറ പങ്ക് അന്വേഷിക്കണമെന്നും റാവു വിശ്വസിക്കാൻ കൊള്ളാത്ത ആളാണെന്ന് കരുണാകരവൻ തന്നോട് പറഞ്ഞിരുന്നതായും മുരളീധരൻ വെളിപ്പെടുത്തയിരുന്നു.
മുരളിയെ പിന്തുണച്ച് രംഗത്തെത്തിയ മുൻ കേന്ദ്രമന്ത്രി എം.എം ജേക്കബ് ചാരക്കേസിൻെറ ഗുണഭോക്താവ് എ.കെ ആൻറണിയാണെന്ന് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. കരുണാകരനെ കുടുക്കാനായി ഉണ്ടായ രാഷ്ട്രീയ ഗൂഡാലോചനകളെപ്പറ്റി സമഗ്ര അന്വേഷണംവേണണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.