കമ്പനി ക്രിമിനല്‍ കേസില്‍പെടുത്തിയ മലയാളിയെ അപ്പീല്‍ കോടതി കുറ്റമുക്തനാക്കി
text_fieldsദുബൈ: തൊഴിൽ സ്ഥാപനം ക്രിമിനൽ കേസിൽ പെടുത്തിയ മലയാളി വിമുക്ത ഭടനെ കുറ്റവിമുക്തനാക്കിയ പ്രാഥമിക കോടതിയുടെ വിധി ദുബൈ അപ്പീൽ കോടതി ശരിവെച്ചു. ദുബൈയിലെ നി൪മാണ കമ്പനിയിൽ വ൪ക്ക്ഷോപ്പ് സൂപ്പ൪വൈസറായിരുന്ന തിരുവനന്തപുരം വട്ടിയൂ൪ക്കാവ് സ്വദേശി ശിവദാസിനെയാണ് അപ്പീൽ കോടതി വെറുതെ വിട്ടത്. പ്രാഥമിക കോടതി വിധിക്കെതിരെ പബ്ളിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളിയാണ് ദുബൈ അപ്പീൽ കോടതിയുടെ ഉത്തരവ്.
സൗദി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന കമ്പനിയിൽ 2008ലാണ് ശിവദാസ് സൂപ്പ൪വൈസറായി ജോലിയിൽ പ്രവേശിക്കുന്നത്. 2010 ഒക്ടോബ൪ വരെ ഈ തസ്തികയിൽ തുട൪ന്നു. നവംബറിൽ ശിവദാസിനെ സൗദിയിലേക്ക് സ്ഥലംമാറ്റി മാനേജ൪ നി൪ദേശം നൽകി. എന്നാൽ ഇതിന് ശിവദാസ് വിസമ്മതിച്ചു. ഇതേതുട൪ന്ന് കമ്പനി ശിവദാസിനെതിരെ ക്രിമിനൽ കേസ് കൊടുത്തു. കമ്പനിയുടെ സ്റ്റോറിലെ ഡീസൽ ടാങ്കിൽ 3,200 ഗാലൺ ഡീസൽ കുറവുണ്ടെന്നും അതിന് ഉത്തരവാദി ശിവദാസാണെന്നുമായിരുന്നു കേസ്. വിശ്വാസ വഞ്ചന കുറ്റം ആരോപിച്ച് ജബൽ അലി പൊലീസ് സ്റ്റേഷനിൽ നൽകിയ ക്രിമിനൽ കേസ് പബ്ളിക് പ്രോസിക്യൂട്ട൪ പ്രാഥമിക ക്രിമിനൽ കോടതിയിലേക്ക് റഫ൪ ചെയ്തു. പൊലീസ് സ്റ്റേഷനിൽ നിന്ന് ദുബൈ അൽക്കബ്ബാൻ അഡ്വക്കറ്റ്സിലെ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന പാസ്പോ൪ട്ട് ഈടിൽ ശിവദാസിന് ജാമ്യം ലഭിച്ചു. പബ്ളിക് പ്രോസിക്യൂട്ട൪ പല തവണയായി ശിവദാസിൻെറ മൊഴിയെടുത്ത ശേഷമാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. എന്നാൽ, ഇത് വെറുമൊരു വിശ്വാസ വഞ്ചനാ കേസ് അല്ലെന്നും തൊഴിലുടമയിൽ നിന്ന് മോഷണം നടത്തിയെന്ന കുറ്റം ചുമത്തി വലിയ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് റഫ൪ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രാഥമിക കോടതി കേസ് പബ്ളിക് പ്രോസിക്യൂട്ട൪ക്ക് തിരിച്ചയച്ചു. എന്നാൽ, ഇതിനെതിരെ പബ്ളിക് പ്രോസിക്യൂട്ടറും അൽക്കബ്ബാൻ അഡ്വക്കറ്റ്സും അപ്പീൽ കോടതിയെ സമീപിച്ചു. അപ്പീൽ കോടതി പ്രാഥമിക കോടതിയുടെ നിഗമനം അസാധുവാക്കി കേസ് വീണ്ടും പ്രാഥമിക കോടതിയിലേക്ക് വിചാരണക്കയച്ചു. കേസിൽ വിശദമായി റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന് പ്രാഥമിക കോടതി വിദഗ്ധനെ നിയമിച്ചു. ഇദ്ദേഹത്തിൻെറ നോട്ടീസ് ലഭിച്ചയുടൻ ശിവദാസും അഭിഭാഷകരും കൃത്യമായ വിവരങ്ങൾ ധരിപ്പിച്ചു. കേസിൽ വാദം കേട്ട ദുബൈ പ്രാഥമിക കോടതി കുറ്റക്കാരനല്ലെന്നുകണ്ട് ശിവദാസിനെ വെറുതെ വിട്ടു. ഈ വിധിക്കെതിരെയാണ് പബ്ളിക് പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം അപ്പീൽ കോടതിയും പ്രാഥമിക കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. ആനുകൂല്യങ്ങൾക്ക് വേണ്ടി ശിവദാസ് ലേബ൪ കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസ് ഉടൻ പുനരാരംഭിക്കുമെന്ന് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു. കൂടാതെ നഷ്ടപരിഹാര കേസും ഫയൽ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.