സൈലന്‍റ്വാലി ബഫര്‍സോണിന് പ്രത്യേക പദവി നല്‍കണമെന്ന്
text_fieldsമണ്ണാ൪ക്കാട്: സൈലൻറ് വാലി ദേശീയോദ്യാനം ബഫ൪സോണിന് പ്രത്യേക പദവിയോ ദേശീയോദ്യാനത്തിൻെറ തുല്യ പദവിയോ നൽകണമെന്ന ആവശ്യം ശക്തമായി. ബഫ൪സോണിൻെറയും സൈലൻറ്വാലി ദേശീയോദ്യാനത്തിൻെറയും പരിപൂ൪ണ സംരക്ഷണത്തിന് ഇതാവശ്യമാണെന്നാണ് പ്രകൃതി സ്നേഹികൾ ചൂണ്ടിക്കാട്ടുന്നത്.
ലോകപ്രശസ്ത നിത്യഹരിത മഴക്കാടായ സൈലൻറ്വാലിയുടെ സംരക്ഷണാ൪ഥം 2007 സെപ്റ്റംബ൪ 23നാണ് ബഫ൪സോൺ (കരുതൽ മേഖല) പ്രഖ്യാപിച്ചത്. 148 ച. കി.മീ വിസ്തീ൪ണം വരുന്ന സൈലൻറ്വാലിക്ക് ചുറ്റുമുള്ള വനമേഖലയാണ് ബഫ൪സോണാക്കി മാറ്റിയത്. നേരത്തെ പാത്രക്കടവ് ജലവൈദ്യുതി പദ്ധതി സൈലൻറ് വാലിക്ക് ഭീഷണിയായി ഉയ൪ന്നുവന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ബഫ൪സോൺ പ്രഖ്യാപനം.
തൽസ്ഥിതി നിലനി൪ത്തിയാണ് അന്ന് ബഫ൪സോൺ പ്രഖ്യാപിച്ചത്. ഈ മേഖലയിൽ ജനവാസ കേന്ദ്രങ്ങൾകൂടി ഉൾപ്പെടുന്നതിനാലാണ് തൽസ്ഥിതി നിലനി൪ത്തിയത്. നിക്ഷിപ്ത വനത്തിൻെറ പദവി മാത്രമുള്ള ബഫ൪സോണിൻെറ ഭരണം ഫോറസ്റ്റ് ഡിവിഷനുകളിൽനിന്ന് സൈലൻറ്വാലി വൈൽഡ്ലൈഫ് വാ൪ഡനിലേക്ക് മാറ്റിയെന്നതല്ലാതെ മറ്റ് ഗുണമൊന്നും ലഭിച്ചിട്ടില്ല.
നിക്ഷിപ്ത വനത്തിൻെറ പദവി മാത്രമായതുകൊണ്ട് നി൪മാണ പ്രവ൪ത്തനങ്ങൾക്കോ വനവിഭവങ്ങൾ ശേഖരിക്കുന്നതിനോ തടസ്സമില്ല. വനമേഖലയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിന് ഇത് തടസ്സമാകുന്നുണ്ട്.
ബഫ൪സോൺ മേഖല കേന്ദ്ര സ൪ക്കാറിൻെറ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ദേശീയോദ്യാന പദവിയിലേക്കുയ൪ത്തിയാൽ മാത്രമേ ബഫ൪സോൺ പ്രഖ്യാപനം കൊണ്ട് ഗുണമുണ്ടാകൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ പാത്രക്കടവ് പദ്ധതി, സ്വകാര്യ കുപ്പിവെള്ള കമ്പനി, ഇക്കോടൂറിസം പദ്ധതി തുടങ്ങി പല ഭീഷണികളാണ് ബഫ൪സോണിലേക്ക് കടന്നുകയറാനൊരുങ്ങുന്നത്. ഇത് പ്രകൃതി നശിപ്പിക്കുന്ന നടപടികളാകുമെന്ന് പരിസ്ഥിതിസ്നേഹികൾ മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ ബഫ൪സോണിൽ ആദിവാസി മേഖലയുൾപ്പെടെ ചില ജനവാസ കേന്ദ്രങ്ങളുള്ളതാണ് പ്രത്യേക പദവി നൽകുന്നതിനുള്ള വിയോജിപ്പിന് കാരണം.
ബഫ൪സോണിൻെറ അതി൪ത്തി പുന൪നി൪ണയിച്ച് ജനവാസ കേന്ദ്രങ്ങളെ മാറ്റിനി൪ത്തി പുന൪ഘടന ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. നിലവിലെ സൈലൻറ്വാലി ബഫ൪സോണടക്കം 237.52 ച.കി.മീറ്റ൪ വിസ്തീ൪ണത്തിലുള്ള വനപ്രദേശം ലോക വിസ്മയമായി അവശേഷിക്കണമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
സൈലൻറ്വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച 1984 നവംബ൪ 15ന്തന്നെ ബഫ൪സോൺ ആവശ്യം ഉയ൪ന്നിരുന്നുവെങ്കിലും വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള എതി൪പ്പിനെ തുട൪ന്ന് 2007ലാണ് അത് യാഥാ൪ഥ്യമായത്. എന്നാൽ, രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ബഫ൪സോൺ പ്രഖ്യാപനംകൊണ്ട് ദേശീയോദ്യാനത്തിനുള്ള ഭീഷണി ഇല്ലാതായിട്ടില്ല എന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.