പാചകവാതക രജിസ്ട്രേഷന്‍: ‘വട്ടംകറങ്ങി’ ഉപഭോക്താക്കള്‍
text_fieldsപയ്യന്നൂ൪: ഗ്യാസ് കണക്ഷൻ ലഭിച്ചവ൪ റീരജിസ്റ്റ൪ ചെയ്യണമെന്ന ഓയിൽ കമ്പനികളുടെ നി൪ദേശം ഉപഭോക്താക്കളെ വട്ടം കറക്കുന്നു.
ഒക്ടോബ൪ 31ന് മുമ്പ് മുഴുവൻ ഉപഭോക്താക്കളും ഗ്യാസ് ഏജൻസികളിലെത്തി പ്രത്യേകം ഫോറം പൂരിപ്പിച്ച് നൽകണമെന്നും അല്ലാത്തപക്ഷം കണക്ഷൻ റദ്ദാക്കുമെന്നുമാണ്പറയുന്നത്. ‘കണക്ഷൻ റദ്ദാകുന്നതിനു മുമ്പ്’ ഫോറം പൂരിപ്പിച്ച് നൽകാനുള്ള ഉപഭോക്താക്കളുടെ തിരക്കാണ് മിക്ക ഗ്യാസ് ഏജൻസികളുടെ മുന്നിലും. ബുക്കിങ് പോലും തടസ്സപ്പെടുന്ന സ്ഥിതിവരെ ചിലയിടങ്ങളിലുണ്ടായി.
സബ്സിഡി ദേശസാൽകൃത ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുകയെന്നും പറഞ്ഞതോടെ ക്യൂ ബാങ്കുകൾക്ക് മുന്നിലേക്കും നീണ്ടു. പലരും രണ്ട് പാസ്പോ൪ട്ട് സൈസ് ഫോട്ടോയെടുത്ത് ബാങ്കിൽ പുതിയ അക്കൗണ്ട് വരെ തുടങ്ങി. ഈ അക്കൗണ്ട് നമ്പറും രണ്ട് പാസ്പോ൪ട്ട് സൈസ് ഫോട്ടോകളുമായാണ് ഗ്യാസ് ഏജൻസികളുടെ മുന്നിലെത്തുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്ത സാധാരണക്കാ൪ക്ക് അക്കൗണ്ട് തുടങ്ങാൻ തന്നെ ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു. ഏജൻസിയുടെ മുന്നിലെത്തിയപ്പോഴാണ് നി൪ദേശം എല്ലാവ൪ക്കും ബാധകമല്ലാത്ത വിവരം ലഭിക്കുന്നത്. ഏജൻസികളിൽ ഫോൺ ചെയ്തപ്പോൾ പല൪ക്കും ലഭിച്ച മറുപടി ഈ നമ്പ൪ താൽക്കാലികമായി ഉപയോഗത്തിലില്ല എന്നതാണ് വില്ലനായതെന്ന് ചില ഉപഭോക്താക്കൾ പറയുന്നു.
ഒരേ പേരിലോ ഒരേ വിലാസത്തിലോ ഒന്നിലധികം ഗ്യാസ് കണക്ഷൻ ഉള്ളവ൪ മാത്രമാണ് ഏജൻസികളിലെത്തി ഇപ്പോൾ കെ.വൈ.സി (നോ യുവ൪ കൺസ്യൂമ൪) ഫോറം പൂരിപ്പിച്ച് നൽകേണ്ടത്. ഇതിൻെറ കാലാവധി 31 വരെയാണെങ്കിലും നീട്ടാൻ സാധ്യതയുണ്ടെന്ന് ഏജൻസികൾ പറയുന്നു.
ഒരേ പേരിലോ വിലാസത്തിലോ ഒന്നിലധികം കണക്ഷനുകളുണ്ടെങ്കിൽ ഒന്നൊഴികെ ബാക്കിയുള്ളവ റദ്ദാക്കുന്നതിൻെറ ഭാഗമാണ് ഇപ്പോഴത്തെ കണക്കെടുപ്പ്. ഒരു കണക്ഷനും രണ്ട് സിലിണ്ടറുകളുള്ളവരും ഇതറിയാതെ ഏജൻസിയിലേക്ക് ഓടുകയാണ് കണക്ഷൻ നിലനി൪ത്തിക്കിട്ടാൻ. എന്നാൽ, ഒരു കണക്ഷനും രണ്ട് സിലിണ്ടറുകളുള്ളവരും അടുത്തതവണ ഫോറം നൽകണമെന്ന് നി൪ദേശമുണ്ട്.
സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന തീരുമാനം നടപ്പാക്കുന്നതിൻെറ ഭാഗമാണിത്. കെ.വൈ.സി ഫോറത്തിന് ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പ൪ രേഖപ്പെടുത്തിയിരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സഹകരണ ബാങ്കുകളുടെ പ്രവ൪ത്തനം വിപുലമായതിനാൽ സഹകരണ ബാങ്കുകൾ വഴി സബ്സിഡി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായുണ്ട്.
ഗ്യാസ് ഏജൻസികളിലും ഗ്യാസ് കമ്പനികളുടെ വെബ്സൈറ്റുകളിലും ഫോറങ്ങൾ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.