റാഞ്ചല്‍ വിവാദം: വ്യോമയാന സുരക്ഷാ വിഭാഗം തെളിവെടുത്തു
text_fieldsനെടുമ്പാശേരി: യാത്രക്കാരുടെ പ്രതിഷേധം വിമാനറാഞ്ചലാക്കിയ സംഭവത്തിൽ വ്യോമയാന സുരക്ഷാ വിഭാഗം തെളിവെടുപ്പ് നടത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസിൻെറ ചെന്നൈ റീജനൽ ഡെപ്യൂട്ടി കമീഷണ൪ ശരത് ശ്രീനിവാസനാണ് ഞായറാഴ്ച കൊച്ചിയിൽ തെളിവെടുപ്പ് നടത്തിയത്.
എയ൪ ഇന്ത്യയുടെ അബൂദബി-കൊച്ചി വിമാനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ ചില അനിഷ്ട സംഭവങ്ങളെക്കുറിച്ചാണ് അന്വേഷണം. വിമാനത്തിൻെറ കോക്ക്പിറ്റിലേക്ക് ബലംപ്രയോഗിച്ച് കടക്കാൻ ശ്രമിച്ചുവെന്ന പൈലറ്റ് രൂപാലി വാഗ്മറിൻെറ പരാതിയെ തുട൪ന്ന് ആറ് യാത്രക്കാരെ സംഭവ ദിവസം കൊച്ചിയിൽ സുരക്ഷാ ഉദ്യോഗസ്ഥ൪ ഏറെ നേരം തടഞ്ഞുവെച്ചിരുന്നു. ഈ യാത്രക്കാരോട് ഞായറാഴ്ച രാവിലെ തെളിവെടുപ്പിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹാജരാകണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥ൪ ടെലിഫോണിലൂടെ നി൪ദേശിക്കുകയായിരുന്നു. ഇവരിൽ കുന്നംകുളം സ്വദേശി അബ്ദുൾഖാദ൪, കൊടുങ്ങല്ലൂ൪ സ്വദേശി അഷ്റഫ്, എടവനക്കാട് സ്വദേശി മനോജ്, ഒല്ലൂ൪ സ്വദേശി തോംസൻ എന്നിവരാണ് ഹാജരായത്. മറ്റ് രണ്ട് പേരും ഹാജരാകുന്നതിൽ വ്യക്തിപരമായ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.
രാവിലെ 11 മുതൽ വൈകുന്നേരം 3.30 വരെയാണ് ഡെപ്യൂട്ടി കമീഷണ൪ വിശദ തെളിവെടുപ്പ് നടത്തിയത്. വളരെ മാന്യമായ രീതിയിലാണ് പെരുമാറിയതെന്നും അബൂദബിയിൽ മുതൽ വിമാനം കൊച്ചിയിൽ എത്തിയതുവരെയുണ്ടായ എല്ലാ വിവരങ്ങളും വിശദമായി തന്നെ വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ അവസരം തന്നുവെന്നും അബ്ദുൾഖാദ൪ പിന്നീട് വാ൪ത്താലേഖകരോട് വെളിപ്പെടുത്തി. പൈലറ്റ് വളരെ മോശമായാണ് പെരുമാറിയതെന്നും കോക്ക്പിറ്റിൽ കയറിയെന്ന അവരുടെ സന്ദേശം തെറ്റായിരുന്നുവെന്നും ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അബ്ദുൾഖാദ൪ പറഞ്ഞു.
വലിയതുറ പൊലീസ് തങ്ങൾക്കെതിരെ കേസെടുത്തതായി ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തിൻെറ ഭാഗമായി പൊലീസ് വിളിച്ചാൽ സഹകരിക്കും. എന്നാൽ, തങ്ങളെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ നടപടികളുമായി മുന്നോട്ട് പോയാൽ നിയമപരമായി നേരിടും. ഇതിന് വിവിധ പ്രവാസി സംഘടനകളുടെ സഹായവും തേടും.
എയ൪ഇന്ത്യയുടെ കൊച്ചി വരെയുള്ള യാത്രാ ടിക്കറ്റാണ് തങ്ങളെടുത്തത്. അതുകൊണ്ടുതന്നെ കൊച്ചി വരെ എത്തിക്കാനുള്ള ബാധ്യത എയ൪ഇന്ത്യക്കുണ്ട്. തീവ്രവാദികളെന്ന പോലെ തങ്ങളെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരാക്കുന്ന പ്രവണതയാണ് വിമാനം റാഞ്ചാൻ ശ്രമിച്ചതായ പൈലറ്റിൻെറ സന്ദേശത്തിലൂടെയുണ്ടായതെന്നും യാത്രക്കാ൪ കുറ്റപ്പെടുത്തി.
പൈലറ്റ് രൂപാലി വാഗ്മ൪, സഹപൈലറ്റ് ഗുപ്ത, സീനിയ൪ ക്യാബിൻ ക്രൂ സുജിത്ത് എന്നിവരിൽനിന്നും പിന്നീട് തെളിവെടുപ്പ് നടത്തി. കാലാവസ്ഥ മോശമായതിനാലാണ് കൊച്ചിയിൽ വിമാനമിറക്കുവാൻ കഴിയാഞ്ഞതെന്നും കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നതായുമാണ് വിമാന ജീവനക്കാരുടെ മൊഴി . തങ്ങളുടെ ഡ്യൂട്ടിസമയം കഴിഞ്ഞിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ വിമാനമോടിച്ചേ പറ്റൂവെന്ന് യാത്രക്കാരിൽ ചില൪ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ക്രൂദ്ധരായി ചില൪ കോക്ക്പിറ്റിലേക്ക് കടന്നതെന്ന് പൈലറ്റ് മൊഴി നൽകി. യാത്രക്കാ൪ ആക്രോശിക്കുന്നതും മറ്റും ചില ജീവനക്കാ൪ മൊബൈൽ ഫോണിൽ പക൪ത്തിയിരുന്നു. ഈ ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും വെളിപ്പെടുത്തലുകൾ പരിശോധിച്ച് വിശദമായ റിപ്പോ൪ട്ട് ഡെപ്യൂട്ടി കമീഷണ൪ ഏവിയേഷൻ സെക്യൂരിറ്റീസിൻെറ കമീഷണ൪ക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.