കൊച്ചി മെട്രോ: ടോം ജോസിനോട് വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്റെ അധികാരങ്ങൾ ആരാഞ്ഞ് ഡി.എം.ആ൪.സി ചെയ൪മാൻ സുധീ൪ കൃഷ്ണക്ക് കത്തയച്ച സംഭവത്തിൽ കൊച്ചി മെട്രോ മുൻ എം.ഡി ടോം ജോസിനോട് വിശദീകരണം തേടാൻ സ൪ക്കാ൪ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.
ശ്രീധരന് ഡി.എം.ആ൪.സിയിലുള്ള അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ടോം ജോസ് സുധീ൪ കൃഷ്ണക്ക് അയച്ച കത്തുൾപ്പെടെയുള്ള രേഖകൾ പി.രാജീവ് എം.പിയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. കൊച്ചി മെട്രോ ഉൾപ്പെടെ പദ്ധതികളിൽ ഇ. ശ്രീധരന് സവിശേഷാധികാരങ്ങൾ നൽകുന്ന ഡി.എം.ആ൪.സി എം.ഡി മങ്കുസിങ്ങിന്റെ ഉത്തരവിന്റെ പക൪പ്പ് കെ.എം.ആ൪.എൽ എം.ഡിയായിരിക്കെ ടോം ജോസിനും കിട്ടിയിരുന്നു. കൊച്ചി മെട്രോയുടെ വ൪ക്‌സ്, സ്‌റ്റോ൪സ്, എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തുടങ്ങിയ നാല് കാര്യങ്ങളിൽ പൂ൪ണാധികാരം നൽകിക്കൊണ്ടുള്ളതാണ് കഴിഞ്ഞ മാ൪ച്ച് ഒമ്പതിലെ മങ്കുസിങ്ങിന്റെ ഉത്തരവ്. ഇതറിയാമായിരുന്നിട്ടും ടോം ജോസ് ഇതേ കാര്യങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് സെപ്റ്റംബ൪ 26 ന് സുധീ൪ കൃഷ്ണക്ക് കത്തെഴുതിയിരിക്കുന്നത്.
ഡി.എം.ആ൪.സിയുടെ മുഖ്യഉപദേഷ്ടാവായ ഇ. ശ്രീധരന് പദ്ധതികൾ ഏറ്റെടുത്ത് നടത്താനുള്ള അധികാരം ബോ൪ഡ് നൽകിയിട്ടുണ്ടോ, കേരള സ൪ക്കാറുമായി ഇക്കാര്യങ്ങളിൽ സംസാരിക്കാനും തീരുമാനമെടുക്കാനും ശ്രീധരനെ ബോ൪ഡ് ചുമതലപ്പെടുത്തിയിട്ടുണ്ടോ, ഇ. ശ്രീധരൻ ഏറ്റെടുത്തുനടത്താമെന്ന് പറയുന്ന കൊച്ചി മെട്രോ റെയിൽ, മോണോ റെയിൽ, പാലങ്ങൾ ഈ പദ്ധതികളിൽ ഡി.എം.ആ൪.സി ഇദ്ദേഹത്തെ പിന്തുണക്കുന്നുവോ തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉയ൪ത്തുന്നത്. കൊച്ചി മെട്രോ റെയിലിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷമാണ് ടോം ജോസ് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തെഴുതിയിട്ടുള്ളത്.
കത്തെഴുതാൻ ടോം ജോസിന് അധികാരമില്ല -ആര്യാടൻ
കായംകുളം: കൊച്ചി മെട്രോ വിഷയത്തിൽ കത്തെഴുതാൻ ടോം ജോസിന് അധികാരമില്ലെന്ന് ഗതാഗത-വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. കത്തിന് പുല്ലുവിലയില്ല. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്താണ് കാര്യം. പി.ഡബ്ള്യു.ഡി സെക്രട്ടറിയുടെ ലെറ്റ൪ഹെഡിലാണ് കത്തെഴുതിയത്. ഇത് ശരിയായില്ല. മര്യാദകേടാണ് അയാൾ കാട്ടിയതെന്നും മന്ത്രി വാ൪ത്താലേഖകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.