കോഴിക്കോട്: കേരള സ൪ക്കാ൪ രൂപവത്കരിച്ച മോണോ റെയിൽ കോ൪പറേഷനിൽനിന്ന് ഇ. ശ്രീധരൻ ഒൗട്ട്! കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥാപിക്കുന്ന മോണോ റെയിലിൻെറ നടത്തിപ്പിന് മുഖ്യമന്ത്രി ചെയ൪മാനായാണ് കേരള മോണോ റെയിൽ കോ൪പറേഷൻ ഉണ്ടാക്കിയത്. പൊതുമരാമത്ത് മന്ത്രിയാണ് വൈസ് ചെയ൪മാൻ. വ്യവസായ-ഐ.ടി മന്ത്രി, വൈദ്യുതി മന്ത്രി, ധനമന്ത്രി, നഗരവികസന മന്ത്രി, പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി, ആരോഗ്യമന്ത്രി എന്നിവ൪ ഡയറക്ട൪മാരാണ്. പ്രിൻസിപ്പൽ സെക്രട്ടറി (മരാമത്ത്), അഡീഷനൽ ചീഫ് സെക്രട്ടറി (ഗതാഗതം), ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪, കേരള റോഡ് ഫണ്ട് ബോ൪ഡ് എന്നിവരാണ് ഡയറക്ട൪ ബോ൪ഡിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ. റോഡ് ഫണ്ട് ബോ൪ഡ് സി.ഇ.ഒ ആണ് മാനേജിങ് ഡയറക്ട൪. കോ൪പറേഷൻെറ ദൈനംദിന പ്രവ൪ത്തനങ്ങൾ നോക്കാൻ ഒരു സി.ഇ.ഒയെ പിന്നീട് നിയമിക്കും. ഒരു സാങ്കേതിക വിദഗ്ധനെക്കൂടി ബോ൪ഡിൽ വൈകാതെ ഉൾപ്പെടുത്തുമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നുണ്ട്. ഇത് ആരാണെന്ന് വ്യക്തമല്ല.
കോഴിക്കോട് മോണോ റെയിൽ ഒന്നാംഘട്ടത്തിൻെറ പദ്ധതി റിപ്പോ൪ട്ട് തയാറാക്കിയത് ശ്രീധരൻെറ നേതൃത്വത്തിൽ ദൽഹി മെട്രോ റെയിൽ കോ൪പറേഷനാണ്. മോണോ റെയിൽ നി൪മാണവും ഡി.എം.ആ൪.സി തന്നെ നടത്തുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഡി.എം.ആ൪.സിയെ ഏൽപിച്ചാൽ നിശ്ചിത സമയത്തുതന്നെ പൂ൪ത്തിയാക്കുമെന്ന് ശ്രീധരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ശ്രീധരനെ ഒഴിവാക്കിയാണ് ഡയറക്ട൪ ബോ൪ഡ് രൂപവത്കരിച്ചത്.
പദ്ധതിനടത്തിപ്പിന് ആഗോള ടെൻഡ൪ വിളിക്കാനാണ് സ൪ക്കാ൪ തീരുമാനം. 1991 കോടി രൂപയാണ് ഒന്നാംഘട്ട മതിപ്പുചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പി.പി.പി) പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിനടത്തിപ്പിൽ കൺസൽട്ടൻറായാണ് ഡി.എം.ആ൪.സി പ്രവ൪ത്തിക്കുകയെന്ന് സ൪ക്കാ൪ ഉത്തരവിൽ പറയുന്നു. മോണോ റെയിൽ കോ൪പറേഷന് ഡി.എം.ആ൪.സിയുമായി കൂടിയാലോചന നടത്താം. എന്നാൽ, മോണോ റെയിൽ ഡയറക്ട൪ ബോ൪ഡാണ് പദ്ധതിയുടെ ഭരണ, ധനകാര്യ, സാങ്കേതിക കാര്യങ്ങളിൽ എല്ലാ തീരുമാനങ്ങളും എടുക്കുക. ആഭ്യന്തരവും വൈദേശികവുമായ വായ്പ, ബോണ്ടുകൾ തുടങ്ങിയവയിലൂടെയാണ് പദ്ധതി ചെലവിന് പണം കണ്ടത്തെുക.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ആരംഭിച്ച് രാമനാട്ടുകരയിൽ അവസാനിക്കുന്ന 23 കിലോമീറ്റ൪ ദൂരം മോണോ റെയിൽ നി൪മിക്കുകയാണ് പദ്ധതിലക്ഷ്യം. ഇതിൻെറ ഒന്നാംഘട്ടം മീഞ്ചന്ത വരെയുള്ള 14.2 കിലോമീറ്ററാണ്. മെഡിക്കൽ കോളജ് ഹോസ്റ്റലാണ് ആദ്യ സ്റ്റേഷൻ. ആകെ 15 സ്റ്റേഷനുകളുണ്ടാകും. പൊതുമരാമത്ത് റോഡിൻെറ മുകളിലൂടെയാണ് മോണോ റെയിൽ കടന്നുപോകുക. സ്റ്റേഷനുകളും പ്ളാറ്റ്ഫോമുകളും റോഡിന് മുകളിലാണ്. മെഡിക്കൽ കോളജ്, മാനാഞ്ചിറ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മോണോ റെയിൽ സ്റ്റേഷനുകളിൽ എസ്കലേറ്റ൪ സ്ഥാപിക്കും. മൂന്ന് കോച്ചുകളിലായി 525 യാത്രക്കാ൪ക്ക് സഞ്ചരിക്കാം.
10.654 ഹെക്ട൪ ഭൂമി പദ്ധതിക്ക് ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഡി.എം.ആ൪.സിയുടെ റിപ്പോ൪ട്ടിൽ പറയുന്നത്. ഇതിൽ 1.582 ഹെക്ട൪ മാത്രമേ സ്വകാര്യ ഭൂമിയുള്ളൂ. ബാക്കി സ൪ക്കാറിൻെറയും റെയിൽവേയുടേയുമാണ്. മെഡിക്കൽ കോളജിൽ പെയ്ൻ ആൻഡ് പാലിയേറ്റിവ് ക്ളിനിക്കിന് സമീപമാണ് മോണോ റെയിൽ ഡിപ്പോ വരുക. 2015 സെപ്റ്റംബറിൽ ഒന്നാംഘട്ടം പൂ൪ത്തിയാക്കാനാകുമെന്നാണ് ഡി.എം.ആ൪.സിയുടെ റിപ്പോ൪ട്ടിൽ പറയുന്നത്.