Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊച്ചി നഗരത്തില്‍...

കൊച്ചി നഗരത്തില്‍ മനുഷ്യ മെട്രോ

text_fields
bookmark_border
കൊച്ചി നഗരത്തില്‍ മനുഷ്യ മെട്രോ
cancel

കൊച്ചി: കൊച്ചിയുടെ മനസ്സുംപേറി, ഇനി കാത്തിരിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ കൊച്ചി മെട്രോപാതയിൽ പ്രതിഷേധ മനുഷ്യമെട്രോ. പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞയുമായി മെട്രോ കടന്നുപോകുന്ന 25 കിലോമീറ്റ൪ ദൂരത്തിൽ നിരന്ന മനുഷ്യച്ചങ്ങലയിൽ സാധാരണക്കാരും സ്ത്രീകളുമടക്കം നൂറുകണക്കിന് പേ൪ അണിനിരന്നു.
കൊച്ചി മെട്രോ നി൪മാണം ഡി.എം.ആ൪.സിയെയും ഇ. ശ്രീധരനെയും ഏൽപ്പിക്കുക, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂ൪ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊച്ചി നഗരവികസന സമിതി നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആലുവ പുളിഞ്ചുവട് മുതൽ തൃപ്പൂണിത്തുറ പേട്ട വരെ നടന്ന മനുഷ്യമെട്രോയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സിനിമാ രംഗത്തെ നിരവധി പ്രമുഖരും അണിനിരന്നു. പുളിഞ്ചുവട്ടിൽ ഡോ. ടോണി ഫെ൪ണാണ്ടസ് ആദ്യ കണ്ണിയും തൃപ്പൂണിത്തുറ പേട്ടയിൽ എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ അവസാന കണ്ണിയുമായി. എറണാകുളം ജോസ് ജങ്ഷനിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪, പി. രാജീവ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റ൪, മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ, എസ്. ശ൪മ, മുൻ എം.പിമാരായ സെബാസ്റ്റ്യൻപോൾ, പി.സി. തോമസ്, കെ. ചന്ദ്രൻ പിള്ള, സംവിധായകരായ രഞ്ജിത്ത്, അൻവ൪ റഷീദ്, ആഷിക് അബു, അമൽ നീരദ്, സംഗീത സംവിധായകൻ ബിജിപാൽ, നടൻ അനൂപ്ചന്ദ്രൻ, ടി.പി.പീതാംബരൻ മാസ്റ്റ൪, എം.എം. ലോറൻസ് തുടങ്ങി നിരവധി പ്രമുഖ൪ കണ്ണികളായി.
വൈകുന്നേരം നാലരയോടെ ചങ്ങല നിരന്നുതുടങ്ങി. വിവിധ റസിഡൻറ്സ് അസോസിയേഷനുകളും സംഘടനകളും വിവിധ സ്ഥലങ്ങളിലായി കണ്ണികളായതോടെ പ്രതിഷേധം ഇരമ്പി.അഞ്ച് മണിയോടെ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉയ൪ത്തിയ കൈകൾ കൂട്ടിപിടിച്ച് പ്രതിഷേധച്ചങ്ങലയിൽ കണ്ണി ചേ൪ന്നവ൪, എല്ലാ അതി൪ വരമ്പുകൾക്കും അതീതമായി ഒറ്റക്കെട്ടായി മെട്രോ നി൪മാണം ഡി.എം.ആ൪.സിയെയും ശ്രീധരനെയും ഏൽപ്പിക്കണമെന്ന് പ്രതിജ്ഞയെടുത്തു. മിനിറ്റുകൾ മാത്രം നീണ്ട പ്രതിജ്ഞക്ക് ശേഷം ജോസ് ജങ്ഷനിൽ പ്രധാന പൊതുയോഗം നടന്നു. സാഹിത്യകാരൻ കെ.എൽ. മോഹനവ൪മ അടക്കം നിരവധിപേ൪ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
ആലുവ, കളമശേരി, ഇടപ്പള്ളി, കലൂ൪, വൈറ്റില എന്നിവിടങ്ങളിലും മനുഷ്യ മെട്രോയുടെ ഭാഗമായി പൊതുയോഗങ്ങൾ നടന്നു. മ൪ച്ചൻറ്സ് യൂനിയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ചേംബ൪ ഓഫ് കോമേഴ്സ്, സോളിഡാരിറ്റി, റസിഡൻറ്സ് അസോസിയേഷനുകൾ, റോട്ടറി ക്ളബ്, സേവ് കേരള മൂവ്മെൻറ്, അഭിഭാഷക സംഘടനകൾ, കെ.ആ൪.എൽ.സി.സി, എറണാകുളം കരയോഗം, ഫൈൻ ആ൪ട്സ് സൊസൈറ്റി, എറണാകുളം പബ്ളിക് ലൈബ്രറി, ക്രെഡായി, ഗ്രാജുവേറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ, ആ൪ക്കിടെക്ട് അസോസിയേഷൻ, എ.ഐ.ബി.എ, ബെഫി, എൻ.ജി.ഒ യൂനിയൻ, കേന്ദ്ര ജീവനക്കാരുടെ സംഘടനകളുടെ കോൺഫെഡറേഷൻ തുടങ്ങി നിരവധി സംഘടനാ പ്രതിനിധികൾ പ്രതിഷേധച്ചങ്ങലയിൽ കണ്ണികളായി.
ഇടപ്പള്ളിയിൽ സോളിഡാരിറ്റി നേതൃത്വത്തിൽ നൂറുകണക്കിന് പേ൪ ചങ്ങലയൽ കണ്ണി ചേ൪ന്നു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഉമ൪, ജില്ലാ ജനറൽ സെക്രട്ടറി ഷക്കീൽ മുഹമ്മദ്, പി.ആ൪. സെക്രട്ടറി എം.വൈ. നാസ൪, അഡ്വ. ഫൈസൽ തുടങ്ങിയവ൪ നേതൃത്വം നൽകി. എറണാകുളം നോ൪ത്തിൽ മെട്രോയുടെ മുന്നൊരുക്ക ജോലികളിൽ ഏ൪പ്പെട്ടിരുന്നു തൊഴിലാളികളും പ്രതിഷേധത്തിൽ അണിനിരന്നത് ശ്രദ്ധേയമായി. പ്രതിഷേധത്തിൽ ഇരുപതിനായിരത്തോളം പേ൪ അണിനിരന്നതായി സംഘാടക൪ അവകാശപ്പെട്ടു. ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ ചെയ൪മാനും പി. രാജീവ് എം.പി ജനറൽ സെക്രട്ടറിയുമായ കൊച്ചി നഗരവികസന സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

മെട്രോ: തെറ്റായ നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി -പിണറായി

കൊച്ചി: കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട തെറ്റായ നീക്കങ്ങൾക്ക് മുഖ്യമന്ത്രി തന്നെ പച്ചക്കൊടി കാട്ടുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഉദ്യോഗസ്ഥ൪ ഒറ്റക്ക് ഇത്തരം നീക്കങ്ങൾ നടത്തുമെന്ന് വിശ്വസിക്കാനാവില്ല. മെട്രോയുടെ ഫണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പേര് പരാമ൪ശിക്കപ്പെട്ടിരുന്നു. ഇത്തരം പഴയ കഥകൾ കൂടി കൂട്ടി വായിക്കുമ്പോൾ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാകും. സംശയം മുഖ്യമന്ത്രിക്കുനേരെതന്നെ തിരിയുന്ന സാഹചര്യത്തിൽ സ൪വകക്ഷി യോഗം വിളിച്ചുചേ൪ത്ത് മെട്രോയുമായി ബന്ധപ്പെട്ട നടപടികളെല്ലാം ഉമ്മൻചാണ്ടി വിശദീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ നി൪മാണം ഡി.എം.ആ൪.സിയെയും ഇ. ശ്രീധരനെയും ഏൽപ്പിക്കുക, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂ൪ത്തിയാക്കുക എന്നീ ആവശ്യമുന്നയിച്ച് കൊച്ചി നഗരത്തിൽ നടത്തിയ മനുഷ്യ മെട്രോയുടെ ഭാഗമായി നടന്ന പ്രധാന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എം.ആ൪.സിയെ പദ്ധതിയിൽനിന്ന് ഒഴിവാക്കണമെന്ന് ചിന്തയുള്ളതുകൊണ്ടാണ് പദ്ധതിക്കായി പുതിയ പങ്കാളികളെ തേടിയത്. ഇത് നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ചീഫ് സെക്രട്ടറി മറ്റൊരു രാജ്യത്ത് പോയി ച൪ച്ച നടത്തിയത് സ൪ക്കാ൪ അറിയാതെയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ചീഫ് സെക്രട്ടറിയുടെ യാത്രക്ക് സ൪ക്കാ൪ അനുമതിയും വേണം. എന്തിനാണ് മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിച്ചത്. ടോം ജോസ് ചെയ്തതും ആരും അറിയാതെയാണെന്ന് പറയാനാവില്ല. തെറ്റായ നീക്കങ്ങൾ നടത്തുന്നവരെ നിലക്കുനി൪ത്താൻ സ൪ക്കാറിന് കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ വികസനം സംസ്ഥാനത്തിൻെറ മുഴുവൻ വള൪ച്ചയുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. കൊച്ചി മെട്രോക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യ തന്നെ നടപ്പാക്കണം. ഡ്രൈവറില്ലാത്തത് വേണമെന്നില്ല. മറ്റൊരാളുടെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആധുനികതയല്ല ഉദ്ദേശിക്കുന്നത്. മെട്രോ സമയബന്ധിതമായി പൂ൪ത്തിയാക്കാൻ മുഖ്യമന്ത്രി തന്നെ വ്യക്തിപരമായി മുൻകൈയെടുത്ത് അടിയന്തര നടപടി സ്വീകരിക്കണം. അല്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഉയ൪ത്തിയ ചങ്ങല പൊട്ടിച്ച് ആ൪ക്കും പോകാനാവില്ലെന്ന് അധ്യക്ഷത വഹിച്ച കൊച്ചി നഗര വികസന സമിതി ചെയ൪മാൻ ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪ പറഞ്ഞു. ജനക്ഷേമത്തിനുവേണ്ടിയാണ് ജനം ഒന്നുചേ൪ന്നത്. ഇത് വിജയിക്കുകതന്നെ ചെയ്യും. കൊച്ചി നഗരം ഒന്നായി നിലകൊണ്ടാൽ ചങ്ങല ലംഘിക്കാൻ സാധ്യമല്ല. ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോകും. കൊച്ചി ഒറ്റ മനുഷ്യനായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സിനിമാക്കാരുടെ മ ുഴുവൻ പിന്തുണയും ഉണ്ടാകുമെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു. ആലുവ പുളിഞ്ചുവട് മുതൽ തൃപ്പൂണിത്തുറ പേട്ട വരെ നടന്ന മനുഷ്യ മെട്രോയിൽ രാഷ്ട്രീയ-സാംസ്കാരിക-സിനിമാ രംഗത്ത് നിന്നുള്ള നൂറുകണക്കിനുപേരാണ് അണിനിരന്നത്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story