ഇടുങ്ങിയ പാലങ്ങള്‍.. അപകടങ്ങള്‍ തുടര്‍ക്കഥ
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചിലെ പ്രധാന റോഡുകളിലെ ഇടുങ്ങിയ പാലങ്ങൾ യാത്രക്കാ൪ക്കും സമീപവാസികൾക്കും ഭീഷണിയാകുന്നു.തേക്കടി-മൂന്നാ൪ റോഡിലെ പാറത്തോട് പാലം, ശാന്തരുവി പാലം, കല്ലാ൪ ജങ്ഷനിലെ കല്ലാ൪ പാലം, തൂക്കുപാലം തുടങ്ങിയ നിരവധി പാലങ്ങളിൽ അപകടം പതിയിരിക്കുകയാണ്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് സഞ്ചരിക്കാവുന്ന പാലങ്ങളാണ് ഇവയിലധികവും. മാത്രവുമല്ല, കൈവരികൾ ഇല്ലാത്തവയും ഉള്ളത് തക൪ന്നതുമാണ്. തൂണുകൾക്ക് വിള്ളലും ബലക്ഷയമുള്ള പാലങ്ങളും ഇവയിൽപ്പെടും. നെടുങ്കണ്ടത്തുനിന്ന് മൂന്നാ൪ റോഡിൽ പാറത്തോട് പാലമാണ് ഏറെ അപകടം വിതക്കുന്നത്.
തേക്കടി-മൂന്നാ൪ ദേശീയപാതയിലെ വളരെ പഴക്കംചെന്നതും ഇടുങ്ങിയതുമാണ് ഈ പാലം. ഒരുവശത്ത് കൊടുംവളവും മറുവശത്ത് ഇറക്കവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. നെടുങ്കണ്ടത്തുനിന്ന് ഉടുമ്പൻചോലയിലേക്ക് വളരെ വേഗത്തിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളും ഉടുമ്പൻ ചോലയിൽനിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളും പാലത്തിൽ വെച്ച് കൂട്ടിയിടിക്കുക പതിവാണ്. ഡ്രൈവറുടെ ശ്രദ്ധയൽപ്പം തെറ്റിയാൽ വാഹനം പാലത്തിൽനിന്ന് പുഴയിൽ വീഴും. നന്നേ വീതി കുറഞ്ഞ ഈ പാലത്തിന് നൂറ്റാണ്ടിൻെറ പഴക്കമുണ്ടെങ്കിലും കൈവരികൾ സ്ഥാപിച്ചിട്ടില്ല. മണിക്കൂറുകൾക്കിടയിൽ തലങ്ങും വിലങ്ങും നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഈ റൂട്ടിൽ ഒരേ സമയം രണ്ട് ഓട്ടോക്ക് കടന്നുപോകാൻ കഴിയാത്ത വിധം ഇടുങ്ങിയതാണ് പാലം. പരസ്പരം മുൻകൂട്ടി കാണാനാവാതെ സമീപത്തെത്തുമ്പോൾ സഡൻ ബ്രേക്കിട്ട് നി൪ത്തുന്ന ശബ്ദം സമീപവാസികളെ ഭയപ്പെടുത്താറുണ്ട്. മഴക്കാലമായാൽ ഈ പാലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പരിചയമില്ലാത്ത ഡ്രൈവ൪മാ൪ക്ക് പാലം ഉണ്ടെന്നറിയാനാവാതെ അപകടം ഉണ്ടാകാറുണ്ട്. വാഹനങ്ങൾ അമിതവേഗത്തില്ലെത്തുമ്പോൾ പാലത്തിലൂടെ കടന്നുപോകുന്ന കാൽനടക്കാ൪ക്ക് അരികിലേക്ക് ഒതുങ്ങി നിൽക്കാൻ പോലും കഴിയില്ല. സ്കൂൾ സമയത്ത് പാറക്കോട് സ്കൂളിൽനിന്ന് കൂട്ടമായി കുട്ടികൾ ഓടിവരും.
ഇത്രയേറെ അപകടസാധ്യതയുള്ള ഇവിടെ മുന്നറിയിപ്പ് ബോ൪ഡുകളോ ഹമ്പുകളോ ഇല്ലാത്തതാണ് ഏറെ ദുരിതം. പലപ്പോഴും തലനാഴികക്കാണ് അപകടം ഒഴിവാകുന്നത്. ഇരുവശത്തുനിന്നും അമിതവേഗത്തിലെത്തുന്ന വാഹനങ്ങളിലെ ജീവനക്കാ൪ തമ്മിൽ വാഗ്വാദത്തിനും സംഘ൪ഷത്തിനും വഴിതെളിക്കാറുണ്ട്. പാറത്തോട് പാലത്തിന് സമാനമാണ് ശാന്തരുവി പാലം. ഇവിടെ കൊടുംവളവായതിനാൽ എതിരെ വരുന്ന വാഹനം കാണാൻ കഴിയുന്നില്ല. മാത്രമല്ല, ഇവിടെ ബസ് നി൪ത്തി യാത്രക്കാരെ കയറ്റിയിറക്കുമ്പോൾ എതിരെ വരുന്ന വാഹനം കാണാനാകാതെ ബസിന് പിന്നാലെ വരുന്ന വാഹനം പാലത്തിൽ പ്രവേശിക്കുന്നതാണ് അപകട കാരണം. ഈ രണ്ട് പാലത്തിനും ബലക്ഷയമുള്ളതും ഏറെ ഭീതിവിതക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റ് രണ്ട് പാലങ്ങളാണ് കല്ലാ൪, തൂക്കുപാലം പാലങ്ങൾ.ഇവയുടെ തൂണുകൾക്ക് വിള്ളലും പൊട്ടലും ബലക്ഷയവുമുണ്ട്. കൈവരികൾ പൂ൪ണമായും തക൪ന്നതാണ് ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാവുന്ന ഈ പാലങ്ങൾ പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്. അപകടം തുട൪ക്കഥ ആയിട്ടും പാലങ്ങൾ ബലക്ഷയത്താൽ കുലുങ്ങിയിട്ടും അധികൃത൪ക്ക് കുലുക്കമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.