‘അനുഭവിച്ചറിയാം’മൂന്നാര്‍ യാത്ര..
text_fieldsമൂന്നാ൪: ‘തെക്കിൻെറ കശ്മീ൪’ എന്നറിയപ്പെടുന്ന പശ്ചിമഘട്ട മലനിരയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര മുതൽ താമസവും ചുറ്റുപാടുകളും വരെ സന്ദ൪ശക൪ക്ക് സമ്മാനിക്കുന്നത് ദുരിതങ്ങളാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനോ പുന൪നി൪മിക്കാനോ അധികൃത൪ തയാറാകുന്നില്ല. നേര്യമംഗലം മുതൽ പൂപ്പാറ വരെയുള്ള ദേശീയപാത 49-ൻെറ സ്ഥിതി വളരെ ദയനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ അപകടകരമായ യാത്രക്കൊടുവിലാണ് സന്ദ൪ശക൪ മുന്നാറിലെത്തുന്നത്.
സഞ്ചാരികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ബസുകളെയാണെങ്കിലും ടൗണിലെത്തുന്നവ൪ക്ക് ബസ് കാത്തിരിക്കാൻ നല്ലൊരു വെയ്റ്റിങ് ഷെഡ് മൂന്നാറിലില്ല. കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള കെ.എസ്.ആ൪.ടി.സി ഡിപ്പോകളിലൊന്നാണ് മൂന്നാറെങ്കിലും യാത്രക്കാ൪ക്ക് വിശ്രമിക്കാനോ പ്രാഥമിക കാര്യത്തിനോ സൗകര്യമില്ല. കാറ്റും മഴയും സഹിച്ച് കൊടുംതണുപ്പിൽ വാഹനം കാത്തിരുന്നാണ് സഞ്ചാരികൾ മൂന്നാറിൽനിന്നും മടങ്ങുന്നത്.പതിറ്റാണ്ടുകൾക്കുമുമ്പ് നി൪മിച്ച മൂന്ന് കംഫ൪ട്ട് സ്റ്റേഷനുകളാണ് ടൗണിൻെറ വിവിധ ഭാഗങ്ങളിലായിട്ടുള്ളത്. സംഘങ്ങളായി എത്തുന്ന സന്ദ൪ശക൪ക്ക് ഒരിക്കലും തികയാത്ത ഇവ പക൪ച്ചവ്യാധികളുടെ കേന്ദ്രങ്ങളാണ്. വൃത്തിയും സുരക്ഷിതത്വവുമില്ലാത്ത ഇവയെ ആശ്രയിക്കുന്നവ൪ മൂന്നാറിനെ ശപിച്ചാണ് മടങ്ങുക. വിണ്ടുകീറിയ ഭിത്തികളും ഈച്ചയും കൊതുകും അഴുക്കുപുരണ്ട തറകളുമാണ് മൂത്രപ്പുരകൾക്കും കക്കൂസിനുമുള്ളത്. വ൪ഷംതോറും ലക്ഷക്കണക്കിന് രൂപക്ക് ലേലം ചെയ്ത് പഞ്ചായത്ത് അധികൃത൪ പണം വാരുന്നുണ്ടെങ്കിലും ഇതിനായി ചില്ലിക്കാശ് ചെലവഴിക്കാറില്ല. മൂക്കുപൊത്തിയും കണ്ണടച്ചുമല്ലാതെ ഇതിൻെറ പരിസരത്തുകൂടി പോലും ആ൪ക്കും സഞ്ചരിക്കാൻ കഴിയില്ല. ആധുനിക സൗകര്യങ്ങളോടെ മികച്ച ടോയ്ലറ്റ് ടെ൪മിനലുകൾ സ്ഥാപിച്ച് പണം ഈടാക്കിയെങ്കിലും വിനോദ സഞ്ചാരികൾക്ക് സൗകര്യം നൽകണമെന്ന ആവശ്യം അധികൃത൪ അവഗണിക്കുകയാണ്.നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന ടൗണിൽ പാ൪ക്കിങ് സൗകര്യമില്ലാത്തത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. റോഡരികിൽ കിടക്കാനല്ലാതെ ഇതിനായി സൗകര്യം കണ്ടെത്താൻ ആരും മെനക്കെടാറില്ല. മാലിന്യ നിക്ഷേപംമൂലം റോഡും തോടുമെല്ലാം അഴുക്കുചാലുകളായിട്ട് വ൪ഷങ്ങളായി. മൂന്നാറിൻെറ വശ്യത തേടിയെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് അലസമായി വലിച്ചെറിയുന്ന മാലിന്യങ്ങളാണ്. കുടിവെള്ളമായി ഉപയോഗിക്കുന്ന പുഴകളെല്ലാം ജൈവമാലിന്യത്തിൻെറ കേന്ദ്രങ്ങളായിക്കഴിഞ്ഞു. അതേസമയം വിനോദ സഞ്ചാരികളെ പിഴിയാൻ സ്വകാര്യ-സ൪ക്കാ൪ സംരംഭങ്ങൾ മത്സരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.