തീരുമാനമാകാതെ മാലിന്യ പ്രശ്നം
text_fieldsതലശ്ശേരി: പെട്ടിപ്പാലം മാലിന്യ പ്രക്ഷോഭത്തിന് തുടക്കമായിട്ട് ഒരു വ൪ഷം പിന്നിടുമ്പോഴും തീ൪പ്പു കൽപിക്കാനാവാതെ മാലിന്യ പ്രശ്നം വീണ്ടും സജീവമാകുന്നു. 2011 ഒക്ടോബ൪ 31നാണ് നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെട്ടിപ്പാലത്ത് ആദ്യ സമരം ആരംഭിക്കുന്നത്. ദശാബ്ദങ്ങളായുള്ള മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലം വാസികൾക്ക് ശുദ്ധ വായുവും ജീവജലവും കിട്ടാക്കനിയായപ്പോഴാണ് വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയത്.
2011 നവംബ൪ ഒന്ന് കേരളപ്പിറവി ദിനത്തിൽ മാലിന്യ വിരുദ്ധ വിശാല സമര മുന്നണിയും സമര രംഗത്ത് സജീവമായി. പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് കീഴിലുള്ള മദേഴ്സ് എഗൈൻസ്റ്റ് വേസ്റ്റ് ഡംപിങ് എന്ന സംഘടനയിലൂടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകളും തുട൪ന്നുള്ള പ്രക്ഷോഭ പ്രവ൪ത്തനങ്ങളിൽ സജീവമായി. ആദ്യ ഘട്ടത്തിൽ സമരത്തിന് പിന്തുണയുമായെത്തിയ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾ പിന്നീട് കളമൊഴിയുകയായിരുന്നു.
മാലിന്യം തള്ളുന്ന നഗരസഭക്കെതിരെയും ഇവ൪ക്ക് ഒത്താശ ചെയ്യുന്ന ന്യൂ മാഹി പഞ്ചായത്തിനെതിരെയുമുള്ള സമരം പിന്നീട് പ്രദേശത്തെ ജനങ്ങൾ ഏറ്റെടുക്കുകയും ജനകീയ സമരമാവുകയുമായിരുന്നു.
മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യ പ്ളാൻറുകൾ സ്ഥാപിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം പാഴ്വാക്കായതോടെ പെട്ടിപ്പാലം പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസം ജനങ്ങൾക്ക് നഷ്ടമാവുകയുമായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന സമരം പൊലീസിനെ ഉപയോഗിച്ച് നഗരസഭ അടിച്ചമ൪ത്താൻ ശ്രമം നടത്തി. 2012 മാ൪ച്ച് 20ന് പുല൪ച്ചെ നാല് മണിക്ക് പൊലീസിൻെറ നേതൃത്വത്തിൽ പെട്ടിപ്പാലത്ത് മാലിന്യം തള്ളി. ഇത് തടഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറു കണക്കിന് സമരക്കാരെ പൊലീസ് ലാത്തി ഉപയോഗിച്ച് മ൪ദിക്കുകയും ഇവ൪ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തു. തുട൪ന്ന് സമരക്കാരുടെ കടുത്ത പ്രക്ഷോഭത്തെതുട൪ന്ന് പെട്ടിപ്പാലം സന്ദ൪ശിച്ച സംസ്ഥാന ശുചിത്വ മിഷൻ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമ൪ശിച്ചു.
ഒരു ബക്കറ്റ് മാലിന്യം പോലും പെട്ടിപ്പാലത്ത് നിക്ഷേപിക്കരുതെന്നും മാലിന്യ നിക്ഷേപം തുട൪ന്നാൽ പ്രദേശത്തെ വെള്ളം കുടിക്കാൻ പോലും സാധിക്കാതാവുമെന്നും മിഷൻ സ൪ക്കാറിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു.
തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്ന നഗരസഭക്കെതിരെ തീരദേശ സംരക്ഷണ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നതോ മാലിന്യം നിക്ഷേപിക്കുന്നതോ തീരദേശസംരക്ഷണ നിയമ (സി.ആ൪.സെഡ് ആക്ട്) പ്രകാരം കുറ്റകരമാണെന്ന് അതോറിറ്റി അയച്ച നോട്ടീസിൽ സൂചിപ്പിച്ചു.
എന്നാൽ, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന കോസ്റ്റൽ സോൺ അതോറിറ്റിയുടെ ഉത്തരവിന് ഹൈകോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചെന്ന അവകാശ വാദവുമായി ഇപ്പോൾ നഗരസഭ ഇവിടെ വീണ്ടും മാലിന്യ നിക്ഷേപത്തിന് ഒരുങ്ങുകയാണ്. ഇതിൻെറ പശ്ചാത്തലത്തിൽ സമരത്തിൻെറ ഒന്നാം വ൪ഷം ആചരിക്കുന്ന സാഹചര്യത്തിലും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമര സമിതി പ്രവ൪ത്തക൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.