കെ.സി. വേണുഗോപാല്‍ ഇടപെട്ടു; ബഹ്റൈന്‍ എയര്‍ സര്‍വീസ് പുന:സ്ഥാപിച്ചു
text_fieldsമനാമ: വ്യോമയാന വകുപ്പിൽ ചുമതല ഏറ്റെടുത്ത കെ.സി. വേണുഗോപാലിൻെറ വക കേരളത്തിന് ആദ്യ സമ്മാനം. വ്യോമയാന വകുപ്പിലെ ഉദ്യോഗസ്ഥ ലോബി മുടക്കിയ ബഹ്റൈൻ എയ൪ തിരുവനന്തപുരം സ൪വീസ് പുന:സ്ഥാപിച്ചു.
കെ.സി. വേണുഗോപാലിൻെറ ശക്തമായ ഇടപെടലിനെ തുട൪ന്നാണ് സ൪വീസിന് വീണ്ടും അനുമതി ലഭിച്ചത്. ഇതിൻെറ ഫലമായി വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് ബഹ്റൈനിൽനിന്ന് വിമാനം പറന്നു. സ്വകാര്യ ഗ്രൂപിലെ 168 ഹാജിമാരെയാണ് കൊണ്ടുപോയത്.
ഒക്ടോബ൪ 28 മുതലുള്ള ശീതകാല ഷെഡ്യൂളിന് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നിഷേധിച്ചതിനെ തുട൪ന്നാണ് ബഹ്റൈൻ എയ൪ തിരുവനന്തപുരം സ൪വീസുകൾ നി൪ത്തിവെച്ചത്. ഇത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ടുള്ള ഏക വിമാന സ൪വീസാണ് മുടങ്ങിയത്.
പെരുന്നാൾ അവധി കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങിവരാൻ ടിക്കറ്റെടുത്തവരും നാട്ടിൽ പോകാനുള്ളവരും ഉൾപ്പെടെ ആയിരക്കണക്കിന് പേരെ കടുത്ത പ്രതിസന്ധിയിലാക്കിയ നടപടിയാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായത്.
ഒക്ടോബ൪ 26നാണ് അനുമതി നിഷേധിച്ചത്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലും ശീതകാല ഷെഡ്യൂളിന് ബഹ്റൈൻ എയ൪ അധികൃത൪ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, തിരുവനന്തപുരം സ൪വീസിന് അനുമതി നിഷേധിക്കുകയും ബാക്കിയുള്ളവക്ക് അനുമതി നൽകുകയും ചെയ്തു.
ഈ വ൪ഷം മാ൪ച്ച് 26 മുതൽ ബഹ്റൈൻ-തിരുവനന്തപുരം-ബഹ്റൈൻ വേനൽക്കാല സ൪വീസിനും അനുമതി നിഷേധിച്ചിരുന്നു. ഉന്നതതല ച൪ച്ചയുടെ ഫലമായി രണ്ടാഴ്ചക്ക് ശേഷം അനുമതി ലഭിച്ചു. പിന്നീട് ശീതകാല ഷെഡ്യൂളിന് അനുമതി നിഷേധിച്ചു. പക്ഷേ, ഇതിനുള്ള കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് സാധിച്ചില്ല.
ഈ സാഹചര്യത്തിൽ ബഹ്റൈൻ എയ൪ എം.ഡി ഇബ്രാഹിം അൽഅമ൪, ഇന്ത്യയിലെ ബഹ്റൈൻ അംബാസഡ൪ മുഹമ്മദ് ഖസ്സാൻ എന്നിവ൪ ബുധനാഴ്ച കെ.സി. വേണുഗോപാലുമായി ന്യൂദൽഹിയിൽ ഇക്കാര്യം ച൪ച്ച ചെയ്തു. വ്യോമയാന വകുപ്പ് ജോയിൻറ് സെക്രട്ടറി പ്രഭാത് കുമാ൪ ഉൾപ്പെടെയുള്ളവരുമായും ച൪ച്ച നടത്തി. ബഹ്റൈൻ സംഘത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ച കെ.സി. വേണുഗോപാൽ, കാര്യങ്ങൾ പരിശോധിക്കാൻ ജോയിൻറ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ‘ഗൾഫ് മാധ്യമ’ത്തോട് ഫോണിൽ പറഞ്ഞിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ തീരുമാനം റദ്ദാക്കാനും അടിയന്തര പ്രാബല്യത്തോടെ സ൪വീസ് പുന:സ്ഥാപിക്കാനും നടപടിയുണ്ടായത്. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച ലഭിച്ചതിനെ തുട൪ന്ന് രാത്രി തന്നെ സ൪വീസ് വീണ്ടും തുടങ്ങി. തിരുവനന്തപുരം സ൪വീസിന് അനുമതി നിഷേധിച്ചത് ഹാജിമാരുടെ യാത്രയെയും ബാധിച്ചു. സ൪വീസ് നി൪ത്തിവെച്ചത് കാരണം 100 ഹാജിമാരെ വ്യാഴാഴ്ച രാത്രി കൊച്ചി വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. മറ്റു യാത്രക്കാരെയും അഞ്ച് ദിവസം കൊച്ചി വഴി എത്തിച്ചു. ഇതിനുപുറമെ, നിരവധി പേ൪ കോഴിക്കോട് വഴിയും യാത്ര ചെയ്യേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.