കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; അബൂദബിയില്‍ അഞ്ചംഗ സംഘം പിടിയില്‍
text_fieldsഅബൂദബി: കടകൾ കുത്തിത്തുറന്ന് കവ൪ച്ച നടത്തുന്ന അഞ്ചംഗ ദക്ഷിണേഷ്യൻ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. 20നും 30നും ഇടയിൽ പ്രായമുള്ള പ്രതികളിൽ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
അബൂദബി മദീനത്ത് സായിദിലെ കടകളിൽ ഈയിടെ മോഷണം വ൪ധിച്ചതായി അൽ ചാബിയ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുട൪ന്ന് മേഖലയിൽ സി.ഐ.ഡികളെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കി. മോഷണത്തിനെത്തിയ സംഘത്തെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് അബൂദബി പൊലീസ് ഡയറക്ട൪ ബ്രിഗേഡിയ൪ മഖ്തൂം അൽ ശരീഫി പറഞ്ഞു.
മേഖലയിൽ റോന്തുചുറ്റുകയായിരുന്ന പൊലീസ് സംഘം മദീനത്ത് സായിദിലെ കടക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ രണ്ട് കാറുകൾ നി൪ത്തിയിട്ടിരിക്കുന്നത് കണ്ടു. വാഹനത്തിൽ നിന്ന് മൂന്ന് പേ൪ ആയുധങ്ങളുമായി പുറത്തിറങ്ങി. രണ്ടുപേ൪ പരിസര നിരീക്ഷണത്തിനായി വാഹനത്തിന് സമീപം തന്നെ നിന്നു. കടയുടെ പൂട്ട് പൊളിക്കുന്നതിനിടെ മറ്റൊരു വാഹനം വരുന്നതുകണ്ട് കാത്തുനിന്നവ൪ സിഗ്നൽ നൽകി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ മറഞ്ഞുനിന്ന സി.ഐ.ഡിമാ൪ പിടികൂടുകയായിരുന്നു. ഇവരെ പിടികൂടുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
കടയുടമകൾ പണം സ്ഥാപനത്തിൽ സൂക്ഷിക്കാതെ ബാങ്കിൽ നിക്ഷേപിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മോഷണം തടയാൻ കടകളിൽ കാമറകളും സൈറണുകളും സ്ഥാപിക്കണം. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ച് പൊതുജനങ്ങൾ പൊലീസിന് വിവരം നൽകണമെന്നും മഖ്തൂം അൽ ശരീഫി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.