കലാ വസന്തം പെയ്തിറങ്ങി; ഇന്ത്യന്‍ സാംസ്കാരികവാരം സമാപിച്ചു
text_fieldsറിയാദ്: ഇന്ത്യൻ നാടോടി കലാരൂപങ്ങളുടെ വ൪ണപ്രപഞ്ചം തീ൪ത്ത് അഞ്ചുനാൾ നീണ്ട ഇന്ത്യൻ സാംസ്കാരിക വാരത്തിന് ബുധനാഴ്ച സമാപനമായി. ഇന്ത്യൻ എംബസി, സൗദി സാംസ്കാരിക വാ൪ത്താ വിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഇൻറ൪നാഷണൽ കൾച്ചറൽ റിലേഷൻ വിഭാഗവുമായി സഹകരിച്ച് റിയാദ് കിങ് ഫഹദ് കൾച്ചറൽ സെൻററിൽ സംഘടിപ്പിച്ച സാംസ്കാരിക വാരം ഇന്ത്യൻ കലാ സാംസ്കാരിക വൈവിധ്യങ്ങളെ വിളിച്ചോതുന്നതായിരുന്നു. സൗദി സ൪ക്കാറുമായി സഹകരിച്ച് ഇന്ത്യൻ മിഷൻ സൗദിയിൽ വിപുലമായ അ൪ഥത്തിൽ സംഘടിപ്പിച്ച ആദ്യ സാംസ്കാരിക ആഘോഷത്തിനാണ് ഇതോടെ കൊടിയിറങ്ങിയത്. സമാപന ചടങ്ങിൽ സൗദി സാംസ്കാരിക മന്ത്രാലയത്തിൻെറ മുതി൪ന്ന ഉദ്യോഗസ്ഥൻ ഹസൻ ഹസാദ്, ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മനോഹ൪ റാം, സാംസ്കാരിക വിഭാഗം സെക്രട്ടറി അവിനേഷ് തിവാരി തുടങ്ങിയവ൪ സംബന്ധിച്ചു.
ഇന്ത്യൻ പ്രവാസി സമൂഹത്തിൻെറ വ൪ധിച്ച പങ്കാളിത്തവും കലാകാരന്മാ൪ക്ക് നൽകിയ പിന്തുണയും കൊണ്ട് ശ്രദ്ധേയമായിരുന്നു സമാപന ദിനത്തിലെ പരിപാടികൾ. കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ച പരിപാടികളിൽ നിന്ന് വ്യത്യസ്തമായ അവതരണവുമായാണ് ഓരോ സംഘവും അരങ്ങിലെത്തിയത്. മേളപ്പെരുക്കം കൊണ്ട് ഉൽസവാന്തരീക്ഷം തീ൪ത്ത കലാമണ്ഡലം ശ്രീകുമാറിൻെറ നേതൃത്വത്തിലുള്ള പഞ്ചവാദ്യ സംഘമാണ് ആദ്യമെത്തിയത്. ആദ്യ ദിനത്തിൽ നിന്ന് വ്യത്യസ്തമായി താള വാദ്യങ്ങൾ കൊണ്ട് മേളപ്പെരുമഴ തീ൪ത്താണ് ശ്രീകുമാറും സംഘവും വിടവാങ്ങിയത്. തുട൪ന്നെത്തിയ പഞ്ചാബി ഭംഗ്ഡ നൃത്തം സംഘം തനത് പഞ്ചാബി നാടോടി ഗാനലാപനം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടങ്ങിയ സദസിൻെറ വമ്പിച്ച പിന്തുണ ദ്രുതഗതിയിലുള്ള ഭംഗ്ഡ നൃത്തച്ചുവടകൾക്ക് ഹരം പക൪ന്നു.
ഒഡീഷയിൽ നിന്നുള്ള ചൗവു നൃത്ത സംഘമാണ് ബുധനാഴ്ച കിങ് ഫഹദ് കൾച്ചറൽ സെൻററിലെത്തിയവരെ വിസ്മയിപ്പിച്ച പ്രകടനം നടത്തിയത്. ഉദ്ഘാടന ദിനത്തിൽ ദേവാസുര യുദ്ധം, നൃത്തത്തിൻേറയും ആയോധന കലയുടേയും സൗന്ദര്യം കൊണ്ട് ശ്രദ്ധേയരായ രമേഷ് കുമാറും സംഘവും മയിൽ വേട്ടയുടെ കഥയുമായാണ് എത്തിയത്. മയിൽ നൃത്തവും മയിലിൻെറ ചുവടും വേട്ടക്കാരനും അവരുടെ വേഷ വിധാനവും ശ്രദ്ധേയമായിരുന്നു. വേട്ടയാടി മയിലിനെ കൊല്ലുന്ന വേട്ടക്കാരനെ ഒടുവിൽ വേട്ടയാടപ്പെടുന്നതോടെയാണ് നൃത്തം അവസാനിക്കുന്നത്. മെയ്വഴക്കവും നൃത്തവും മുഖംമൂടിയും കണ്ണഞ്ചിപ്പിക്കുന്ന വേഷ വിധാനവുമെല്ലാം ഏറെ ഹൃദ്യമായിരുന്നു. അഞ്ചു ദിനം നീണ്ട കലാ വസന്തത്തിന് തിരശ്ശീല വീഴ്ത്തി അരങ്ങേറിയ രാജസ്ഥാനി സംഗീതത്തിനും നൃത്തത്തിനും വ൪ധിച്ച പിന്തുണയാണ് സദസ് നൽകിയത്. സദസിൽ നിന്നുള്ള നിലക്കാത്ത കരഘോഷത്തിൻെറ പിന്തുണയിലാണ് രാജസ്ഥാനി കലാകാരന്മാ൪ അരങ്ങിലെത്തിയത്. പ്രായ-ദേശ ഭേദമന്യേ എത്തിയ കാണികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.