മഴ, മിന്നല്‍, ബണ്ട് തകര്‍ച്ച: നാട് വിറച്ചു; ഞെട്ടല്‍ മാറാതെ കടവുംപാട് നിവാസികള്‍
text_fieldsമൂവാറ്റുപുഴ: അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നാട്ടുകാരെ ഞെട്ടിച്ചു. മുളവൂ൪ തോടിൻെറ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന ആട്ടായം, കിഴക്കേകടവ്, വാലടിത്തണ്ട്, ആച്ചേരിക്കുട്ടി, കടവുംപാട് മേഖലയിലെ നൂറോളം വീടുകളിലാണ് വ്യാഴാഴ്ച പുല൪ച്ചെ അപ്രതീക്ഷിതമായി വെള്ളം കയറിയത്.
മേതല വായ്ക്കരയിൽ പെരിയാ൪വാലി കനാൽ ബണ്ട് പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വൈകിയാണ് ജനം അറിഞ്ഞത്. നിനച്ചിരിക്കാത്ത സമയത്ത് വീടുകളിലേക്ക് വെള്ളമൊഴുകിയതിന് കാരണമറിയാതെ ജനം ആശങ്കയിലായി. ബുധനാഴ്ച സന്ധ്യമുതൽ രാത്രി പത്തോടെ പെയ്ത മഴക്ക് ഇത്രയധികം വെള്ളം ഒഴുകിയെത്തുമോ എന്ന ചോദ്യമായിരുന്നു ഉയ൪ന്നത്. ഇതിനിടെ, മുല്ലപ്പെരിയാ൪ പൊട്ടിയെന്ന അഭ്യൂഹവും പരന്നു.
പ്രഭാത നമസ്കാരത്തിനായി എഴുന്നേറ്റ കടവുംപാട് വടക്കേ പുത്തൻപുരയിൽ സെയ്തുമുഹമ്മദ് കണ്ടത് വീടിന് ചുറ്റും വെള്ളം പരക്കുന്നതാണ്. വീടിന് സമീപത്തെ മുളവൂ൪ തോടിന് അടുത്തുള്ള പാടശേഖരങ്ങൾ കാണാനില്ലായിരുന്നു. പകരം കായൽപ്പരപ്പുപോലെ പൊങ്ങിയ വെള്ളം മാത്രം. സെയ്തുമുഹമ്മദ് അയൽവാസികളെ മുഴുവൻ വിളിച്ചുണ൪ത്തി. അപ്പോഴേക്കും പല വീടുകളിലും വെള്ളം കയറിയിരുന്നു. പലരുടെയും വീട്ടുപകരണങ്ങൾ വെള്ളത്തിലായി. നാട്ടുകാ൪ അറിയിച്ചതനുസരിച്ച് വാ൪ഡ് അംഗവും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനുമായ കെ.എം. കബീറും മുനിസിപ്പൽ ചെയ൪മാൻ യു.ആ൪. ബാബുവും റവന്യൂ അധികൃതരും സ്ഥലത്തെത്തി. ഇവ൪ക്കും അറിയില്ലായിരുന്നു വെള്ളം കയറാനുണ്ടായ കാരണം. പല സ്ഥലത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഒടുവിലാണ് കനാൽ ബണ്ട് തക൪ന്നത് അറിയുന്നത്.
ഇതിനിടെയാണ് സമീപത്തെ ആച്ചേരിക്കുടി അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറിയ വിവരം അറിയുന്നത്. ആച്ചേരിക്കുടിയിൽ അങ്കണവാടി അടക്കം വെള്ളത്തിനടിയിലായിരുന്നു. 50 ഓളം വീടുകളിലാണ് ഇവിടെ വെള്ളം കയറിയത്. പലരും വീട്ടിനുള്ളിൽ വെള്ളം കയറിയ ശേഷമാണ് വിവരമറിയുന്നത്. പുല൪ച്ചെയായതിനാൽ പലരും ഉറക്കത്തിലായിരുന്നു. പലരുടെയും ബൈക്കുകളും കാറുകളും വെള്ളക്കെട്ടിൽ പെട്ടു.
ഇതിനിടെ, സാധനങ്ങൾ മാറ്റുന്ന കടവുംപാട് നിവാസികൾക്കിടയിലേക്ക് നീ൪നായകൾ നീന്തിയെത്തിയത് പരിഭ്രാന്തി പട൪ത്തി. വീടുകളിലേക്ക് കയറി വന്ന നീ൪നായകളെ നാട്ടുകാ൪ ഓടിക്കുന്നതും ഇവ വീണ്ടും തിരികെ വരുന്നതും കൗതുക കാഴ്ചയായി.
മണപ്പാട്ട് അബ്ബാസ്, വടക്കേ പുത്തൻപുര അബ്ദുൽ ഖാദ൪, തണ്ടശേരി ത്വാഹ, വടക്കേ പുത്തൻപുര സെയ്തുമുഹമ്മദ്, മണ്ണത്താം പാറ കരീം, മുഹമ്മദ് നെടുവേലി നിയാസ്, കുഞ്ഞുമുഹമ്മദ്, പട്ടാമ്പി ഷമീ൪, കൊണത്തുമറ്റം സുബൈ൪, മണ്ണത്താംപാറ റസാഖ്, പീടിയേക്കൽ ഉമ്മ൪ തുടങ്ങിയവരുടെ വീടുകളിലാണ് കടവുംപാട് ഭാഗത്ത് വെള്ളം കയറിയത്.
ജോസഫ് വാഴക്കൻ എം.എൽ.എ ദുരിത ബാധിത പ്രദേശങ്ങൾ സന്ദ൪ശിച്ചു. അടിയന്തര സഹായമായി 5000 രൂപ വീതം ഓരോ കുടുംബത്തിനും അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. തഹസിൽദാറുടെ റിപ്പോ൪ട്ട് കിട്ടിയശേഷം തുട൪ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.