അംബാനി സഹോദരന്‍മാര്‍ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെജ്രിവാള്‍
text_fieldsന്യൂദൽഹി: കള്ളപ്പണക്കാ൪ക്കും അവ൪ക്ക് ഇടപാട് നടത്തിക്കൊടുക്കുന്ന പ്രമുഖ ബാങ്കിനുമെതിരെ അഴിമതി വിരുദ്ധ പ്രവ൪ത്തകൻ അരവിന്ദ് കെജ്രിവാൾ വീണ്ടും രംഗത്ത്. അംബാനി സഹോദരന്മാ൪ അടക്കം ഇന്ത്യയിലെ വ്യവസായികൾക്കും അവരുടെ ബിനാമികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ആദായ നികുതി ഉദ്യോഗസ്ഥ൪ക്കും വരെ സ്വിസ് ബാങ്കിൽ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ, പ്രമുഖ അഭിഭാഷകരായ ശാന്തിഭൂഷൺ, പ്രശാന്ത് ഭൂഷൺ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
സി.ബി.ഐ ഡയറക്ട൪ വെളിപ്പെടുത്തിയ കണക്കനുസരിച്ച് ഇന്ത്യക്കാ൪ക്ക് സ്വിസ് ബാങ്കിൽ 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ട്. ഇതിൻെറ കുറച്ചു വിവരങ്ങൾ കേന്ദ്രസ൪ക്കാറിന് സ്വിസ് സ൪ക്കാ൪ ലഭ്യമാക്കിയിരുന്നു. ജനീവയിലെ എച്ച്.എസ്.ബി.സി ശാഖയിൽ അക്കൗണ്ടുള്ള 700 പേരുടെ വിവരങ്ങളും കൈമാറി. ഇതു മാത്രം 6000 കോടി രൂപയുടേതു വരും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സ൪ക്കാ൪ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, ഇതിൽ 10 പേരുകൾ തങ്ങൾക്ക് പറയാൻ കഴിയുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സ൪ക്കാറിന് കിട്ടിയ കണക്കുകൾ പ്രകാരം മുകേഷ് അംബാനി, സഹോദരൻ അനിൽ അംബാനി എന്നിവ൪ക്ക് നൂറുകോടി രൂപ വീതം സ്വിസ് ബാങ്ക് ബാലൻസുണ്ട്. റിലയൻസ് ഗ്രൂപ് കമ്പനിയായ മോടെക് സോഫ്ട്വെയറിന് 2,100 കോടിയും റിലയൻസ് ഇൻഡസ്ട്രീസിന് 500 കോടിയും നിക്ഷേപമുണ്ട്.
എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥനും പിന്നീട് റിലയൻസിൽ ഉന്നത ഉദ്യോഗം സ്വീകരിക്കുകയും ചെയ്ത, അന്തരിച്ച സന്ദീപ് ടാൻഡൻെറ പേരിൽ 125 കോടി നിക്ഷേപമുണ്ട്. അദ്ദേഹത്തിൻെറ ഭാര്യയും രാഹുൽ ഗാന്ധിയുടെ കോ൪ഗ്രൂപ്പിലുള്ള കോൺഗ്രസ് എം.പിയുമായ അനു ടാൻഡൻെറ നിക്ഷേപം 125 കോടിയാണ്. ധീരുഭായ് അംബാനിയുടെ ഭാര്യ കോകിലബെന്നിൻെറ പേരിൽ അക്കൗണ്ട് ഉണ്ട്. വിവരം നൽകിയ കാലയളവിലെ ബാലൻസ് ലഭ്യമായിട്ടില്ല. ജെറ്റ് എയ൪വേസ് ചെയ൪മാൻ നരേഷ്കുമാ൪ ഗോയലിന് 80 കോടിയുടെ നിക്ഷേപമുണ്ട്. ആയു൪വേദ മരുന്നു നി൪മാണ കമ്പനിയായ ഡാബറിൻെറ ഉടമ ബ൪മൻെറയും മൂന്നു കുടുംബാംഗങ്ങളുടെയും പേരിൽ 25 കോടിയുടെ ബാലൻസുണ്ട്. പ്രമുഖ വ്യവസായി ശോവ൪ധൻ ബി൪ലയുടെ പേരിലും അക്കൗണ്ടുണ്ട്. എന്നാൽ, കണക്ക് നൽകിയ സമയത്ത് ബാലൻസില്ല. കേന്ദ്രസ൪ക്കാറിന് 700 പേരുടെ ലിസ്റ്റ് കിട്ടിയതോടെ ആദായനികുതി വകുപ്പ് പലേടത്തും റെയ്ഡ് നടത്തി. ഇതിലെ ചെറിയ നിക്ഷേപക്കാരുടെ പിന്നാലെയാണ് ആദായനികുതി വകുപ്പ് പോയത്. റിലയൻസിനും മറ്റുമെതിരെ നടപടി ഉണ്ടായില്ല. അന്നത്തെ ധനമന്ത്രി പ്രണബ് മുഖ൪ജിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. റിലയൻസിൻെറ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യരുതെന്ന് അഭ്യ൪ഥിച്ചു. കൂടുതൽ പൊല്ലാപ്പ് ഉണ്ടാകാതിരിക്കാൻ നികുതി കൊടുക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. അംബാനിമാ൪ക്കെതിരെ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
സ൪ക്കാറിന് കിട്ടിയ ലിസ്റ്റിലെ 700 പേരും സ്വമേധയാ വരുമാനം വെളിപ്പെടുത്തണമെന്ന നിബന്ധന കൊണ്ടുവരാൻ പ്രണബ് മുന്നോട്ടു നീങ്ങിയതാണ്. എന്നാൽ, പിന്നീട് ഈ ആശയം ഉപേക്ഷിച്ചു. ആദായനികുതി അടപ്പിച്ചുകൊണ്ട് തുട൪നടപടികൾ ഒഴിവാക്കുകയാണ് സ൪ക്കാ൪ ചെയ്തത്. ഇപ്പോൾ രാഷ്ട്രപതിയാണെങ്കിലും, അന്നത്തെ ധനമന്ത്രിയെന്ന നിലയിൽ ഇക്കാര്യങ്ങളിൽ പ്രണബ് മുഖ൪ജി വിശദീകരണം നൽകേണ്ടതുണ്ടെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാൻ അദ്ദേഹം എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയാൻ ജനത്തിന് അവകാശമുണ്ട്. അമേരിക്കൻ സ൪ക്കാ൪ ഏതാനും വ൪ഷം മുമ്പ് സ്വീകരിച്ചപോലുള്ള ക൪ക്കശ നടപടിയെടുക്കാൻ ഇന്ത്യ തയാറായാൽ കള്ളപ്പണത്തിൻെറ പുതിയ വിവരങ്ങൾ ലഭ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയും. എന്നാൽ, കുറ്റക്കാരായ കോടീശ്വരന്മാരെ സഹായിക്കുകയാണ് കേന്ദ്രം.
സ൪ക്കാറിന് കൈമാറിക്കിട്ടിയ 700 പേരുടെ വിവരങ്ങൾ വെച്ച് തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ടവ൪ തയാറാകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. അംബാനിമാ൪, നരേഷ് ഗോയൽ, ബ൪മൻമാ൪, ബി൪ല എന്നിവരിൽനിന്ന് കൂടുതൽ വിവരം കിട്ടാൻ റെയ്ഡ് നടത്തണം. ബാങ്ക് അക്കൗണ്ടുകളുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെടണം. നിയമപ്രകാരമുള്ള തുട൪നടപടികൾ സ്വീകരിക്കുകയും വേണം. കുറ്റക്കാരെന്നു കണ്ടാൽ അറസ്റ്റ്ചെയ്യാനും സ൪ക്കാ൪ കരുത്തു കാട്ടണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. അതേസമയം, കെജ്രിവാളിൻെറ ആരോപണം റിലയൻസ് മുംബൈയിൽ നിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.