മേലഴുത, അമ്പലംകുന്ന് മേഖലകളില്‍ അജ്ഞാതസംഘം ഭീതി പരത്തുന്നു
text_fieldsപീരുമേട്: രാത്രിയിൽ വീടുകളുടെ കതകുകളിൽ മുട്ടി വിളിച്ച് ഭീതി പരത്തുന്ന അജ്ഞാത സംഘം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഒരു മാസക്കാലമായി ഈ സംഘം മേലഴുത, അമ്പലംകുന്ന് മേഖലകളിൽ വിലസുകയാണ്.
വൈദ്യുതി ഇല്ലാത്ത സമയത്താണ് സംഘം എത്തുന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളിലെ വാതിലിൽ മുട്ടിവിളിക്കുകയും വാതിൽ തുറന്ന് വീട്ടിലുള്ളവ൪ എത്തുമ്പോൾ ഓടി രക്ഷപ്പെടുകയുമാണ്. ചില വീടുകളിൽ എത്തി കോളിങ് ബെല്ലിൽ വളരെ സമയം ശബ്ദം കേൾപ്പിക്കുകയും വീടുകളുടെ മുറ്റത്തുള്ള ചെടികളും മറ്റും വെട്ടി നശിപ്പിക്കുകയും ചെയ്യുന്നു.
അജ്ഞാത സംഘത്തിൻെറ ശല്യത്തെ തുട൪ന്ന് നാട്ടുകാ൪ തിരച്ചിലും നടത്തുന്നുണ്ട്. തിരച്ചിൽ നടത്തുന്നവ൪ വീടുകളിൽ എത്തുമ്പോൾ 200 മീറ്ററിലധികം ദൂരെയുള്ള വീട്ടിലും ഇതേ രീതിയിൽ അജ്ഞാത൪ എത്തുന്നതിനാൽ ഒന്നിലധികം ആളുകൾ ഉള്ളതായും സംശയിക്കുന്നു. ഇവ൪ എത്തുന്ന വീടുകളിൽ മോഷണങ്ങൾ നടന്നിട്ടുമില്ല.
സന്ധ്യക്ക് ശേഷം വീടിന് പുറത്തിറങ്ങാൻ സ്ത്രീകളും കുട്ടികളും മടിക്കുന്നു. കറുത്ത ഷ൪ട്ടും പാൻറ്സും ധരിച്ച ഉയരമുള്ള യുവാവിനെയാണ് ഓടി മറയുന്നതായി മിക്കവരും കണ്ടത്. അപരിചിതരായ ചില൪ അഴുതയാറ്റിലെ പാറക്കൂട്ടത്തിന് സമീപം തമ്പടിക്കുന്നതായും നാട്ടുകാ൪ പറഞ്ഞു. പവ൪കട്ട് സമയത്ത് പീരുമേട്-മേലഴുത റോഡിലും പൊലീസ് പട്രോളിങ് ആരംഭിച്ചതായി എസ്.ഐ നിഷാദ് ഇബ്രാഹിം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.