Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചൈനീസ് പാര്‍ട്ടി...

ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം

text_fields
bookmark_border
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
cancel

ബെയ്ജിങ്:നേതൃത്വത്തിലും നയസമീപനങ്ങളിലും സമഗ്രമാറ്റത്തിന് വേദിയൊരുക്കിയ ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ 18ാമത് കോൺഗ്രസ് സമാപിച്ചു. രാജ്യത്തിൻെറ വ൪ത്തമാനവും ഭാവിയും നിയന്ത്രിക്കുന്ന പാ൪ട്ടി കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ 2,200ലധികം പ്രതിനിധികളാണ് തലസ്ഥാന നഗരിയിലെ ‘ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്ളി’ൽ ഒത്തുചേ൪ന്നത്. നേതൃമാറ്റത്തെക്കുറിച്ചുള്ള ഔദ്യാഗിക പ്രഖ്യാപനം വ്യാഴാഴ്ചയാണ് പുറത്തുവിടുക.
പാ൪ട്ടിയിലെ പരമോന്നത അധികാര സമിതിയായ പോളിറ്റ് ബ്യൂറോ സ്റ്റാൻറിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി പുതിയ കേന്ദ്ര കമ്മിറ്റി ഇന്ന് യോഗം ചേരും. ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ചരിത്ര പ്രധാനമായ തീരുമാനങ്ങളുമായാണ് പാ൪ട്ടി കോൺഗ്രസ് സമാപിക്കുന്നതെന്നും പുതുതലമുറക്കായി മുതി൪ന്നവ൪ വഴിമാറിയെന്നും പ്രസിഡൻറ് ഹു ജിൻറാഓ സമാപന പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചുവ൪ഷത്തേക്കാണ് ഉന്നത സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെങ്കിലും കീഴ്വഴക്കമനുസരിച്ച് ഒരു ദശാബ്ദത്തിന്റെഇടവേളകളിലാണ് ചൈനയിൽ നേതൃമാറ്റമുണ്ടാവുക. ഈ മാസം എട്ടിനാണ് 18ാം പാ൪ട്ടികോൺഗ്രസ് തുടങ്ങിയത്. തികച്ചും രഹസ്യസ്വഭാവത്തോടെയാണ് ച൪ച്ചകളും മറ്റു നടപടികളും അരങ്ങേറിയത്.
ഇന്നത്തെ ഔദ്യാഗിക പ്രഖ്യാപനം വരുന്നതോടെ 59കാരനായ ഇപ്പോഴത്തെ വൈസ് പ്രസിഡൻറ് സി ജിങ് പിങ് പാ൪ട്ടി ജനറൽ സെക്രട്ടറി ആയേക്കും. ഹു ജിൻറാഓയുടെ പിൻഗാമിയായി പ്രസിഡൻറ് സ്ഥാനത്തും അദ്ദേഹം അവരോധിതനാകും. 2013 മാ൪ച്ചിൽ ഹു ജിൻറാഓ, സി ജിങ് പിങിന് പ്രസിഡൻറ് പദം കൈമാറുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി വെൻ ജിയബാഓയുടെ പിൻഗാമിയായി ലേ കിയാങ്ങും നിയമിതനായേക്കും. സി ജിങ് പിങും ലേ കിയാങ്ങും ഇതിനകം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യാഗിക വാ൪ത്താ ഏജൻസി സിൻഹുവ അറിയിച്ചു. ഇവ൪ സ്റ്റാൻറിംഗ് കമ്മിറ്റിയിലും വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഉപ പ്രധാനമന്ത്രി വാങ് ഖിഷാൻ, പ്രചാരണവിഭാഗത്തലവൻ ലിയു യുൻഷാൻ, പാ൪ട്ടി സംഘടനയുടെ ചുമതലുള്ള ലി യുവാൻചാവോ തുടങ്ങിയവ൪ പോളിറ്റ് ബ്യൂറോയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായവരാണ്. പോളിറ്റ് ബ്യൂറോ സ്റ്റാൻറിങ് കമ്മിറ്റിയുടെ അംഗബലം ഒമ്പതിൽനിന്ന് ആറാക്കി ചുരുക്കാനും സാധ്യതയുണ്ട്. സ൪ക്കാറിലും സൈന്യത്തിലുമുള്ള ഉന്നത൪ അടങ്ങുന്ന കേന്ദ്ര കമ്മിറ്റിയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നിലവിലുള്ള കമ്മിറ്റിയിലെ പലരും വിരമിക്കൽ പ്രായമെത്തിയവരായതിനാൽ അടുത്ത കമ്മിറ്റിലെ പകുതി പേരും പുതുമുഖങ്ങളാകാനിടയുണ്ട്. പാ൪ട്ടി കേന്ദ്ര കമ്മിറ്റിയാണ് ചൈനയുടെ ഭാഗധേയം നി൪ണയിക്കുന്ന സുപ്രധാന സമിതി. എല്ലാ വ൪ഷവും ചേരുന്ന കേന്ദ്രകമ്മിറ്റി രാജ്യത്തിൻെറ നയസംബന്ധമായ തീരുമാനങ്ങളെടുക്കുന്ന വേദി കൂടിയാണ്. ഏറ്റവും പ്രധാന തസ്തികകളിലെ നിയമനവും ഇവ൪ തന്നെയാണ് തീരുമാനിക്കുക. എന്നാൽ പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന വേദിയായി കേന്ദ്രകമ്മിറ്റി മാറുകയാണ് പതിവെന്നും വിമ൪ശമുണ്ട്. പാ൪ട്ടി കോൺഗ്രസിൽ അധികാരത്തിനായി രണ്ടു ചേരികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോ൪ട്ട് ചെയ്തു.
2,213 പ്രതിനിധികളാണ് പാ൪ട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇവരാണ് 204 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. ഇതിന് മുകളിലാണ് 24 അംഗ പോളിറ്റ് ബ്യൂറോ. അതിന് മുകളിൽ ഒമ്പതംഗ പോളിറ്റ് ബ്യൂറോ സ്റ്റാൻറിങ് കമ്മിറ്റി. ഇതാണ് പാ൪ട്ടി സമിതിയുടെ അധികാരശ്രേണീ ഘടന.
ച൪ച്ചകളിലും തെരഞ്ഞെടുപ്പുകളിലും ഏറെ രഹസ്യാത്മകത പുല൪ത്തുന്ന കക്ഷിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടി. അതുകൊണ്ടുതന്നെ നേതൃത്വം, നയ-നിലപാട് വിഷയങ്ങളിൽ അന്തിമമായ വിവരം പുറം ലോകമറിയണമെങ്കിൽ പാ൪ട്ടിയുടെ ഇന്നത്തെ ഔദ്യാഗിക വിശദീകരണത്തിനായി കാത്തിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story