കാലിക്കറ്റില്‍ അധ്യാപന പരിചയമില്ലാത്തയാളെ വിസിറ്റിങ് പ്രഫസറാക്കി
text_fieldsതേഞ്ഞിപ്പലം: അധ്യാപകനായി ഒരു ദിവസത്തെ പരിചയംപോലുമില്ലാത്തയാളെ വിസിറ്റിങ് പ്രഫസറാക്കിയ കാലിക്കറ്റ് സ൪വകലാശാലാ നടപടി വിവാദത്തിൽ. വൈസ് ചാൻസല൪ നേരിട്ട് നടത്തിയ നിയമനത്തിനെതിരെ സിൻഡിക്കേറ്റംഗങ്ങൾ വിയോജിപ്പുമായി രംഗത്തെത്തി. ഈമാസം 15ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം ചോദ്യംചെയ്യാനാണ് അംഗങ്ങളുടെ തീരുമാനം.
പരിശീലകനും കായിക പഠനവിഭാഗം മുൻ മേധാവിയുമായിരുന്ന ഇ.ജെ. ജേക്കബിനെയാണ് വിസിറ്റിങ് പ്രഫസറാക്കിയത്. പരിശീലകൻ അധ്യാപകനാണെന്നും അതിനാൽ 60 വയസ്സുവരെ ജോലിയിൽ തുടരാൻ അനുമതി വേണമെന്നും കാണിച്ച് ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വാദം തള്ളുകയാണുണ്ടായത്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ സ൪വകലാശാല തന്നെ ഇതു സമ്മതിക്കുന്നുണ്ട്.
അധ്യാപനപരിചയമില്ലാത്തയാളെ വിസിറ്റിങ് പ്രഫസറാക്കരുതെന്നാണ് കീഴ്വഴക്കം. ഡോ. എം.ജി.എസ്. നാരായണനെ ചരിത്രപഠനവകുപ്പിൽ വിസിറ്റിങ് പ്രഫസറായി നിയമിച്ചതിനുശേഷമാണ് ഇദ്ദേഹത്തിൻെറ നിയമനം. 80 തികഞ്ഞ ഇരുവരെയും സ൪വകലാശാല ആദരിക്കുകയും ചെയ്തിരുന്നു. എതി൪പ്പ് ഒഴിവാക്കാനാണ് എം.ജി.എസിൻെറ കൂടെ ആദരിച്ചതും നിയമനം നൽകിയതുമെന്നാണ് പ്രധാന ആക്ഷേപം.
സ൪വകലാശാലയിൽ കായിക പഠനവകുപ്പ് കടലാസിൽ മാത്രമാണുള്ളത്. ലെക്ചറ൪, റീഡ൪, പ്രഫസ൪ തസ്തികയൊന്നും ഈ വിഭാഗത്തിൽ ഇതുവരെയുണ്ടായിട്ടില്ല. ദിവസവേതനക്കാരായ ചിലരാണ് ഇവിടത്തെ ബിരുദ ക്ളാസുകൾ നയിക്കുന്നത്. എന്നിരിക്കെ, ഇദ്ദേഹത്തെ വിസിറ്റിങ് പ്രഫസറാക്കിയത് നല്ല കീഴ്വഴക്കമല്ലെന്നാണ് സിൻഡിക്കേറ്റംഗങ്ങളുടെ വാദം. സിൻഡിക്കേറ്റിൻെറ അധികാരം ഉപയോഗിച്ച് ഇത്തരം നിയമനങ്ങളിൽ വി.സിക്ക് സ്വയം തീരുമാനമെടുക്കാൻ അധികാരമുണ്ട്. പിന്നീട് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൻെറ അംഗീകാരം നേടിയെടുക്കണമെന്നാണ് ചട്ടം. എന്നാൽ, 15ന് നടക്കുന്ന യോഗത്തിൽ നിയമനത്തിന് അംഗീകാരം നൽകേണ്ടെന്നാണ് അംഗങ്ങൾ ധാരണയിലെത്തിയത്. അജണ്ടയിൽ ഇക്കാര്യം വന്നില്ലെങ്കിൽ യോഗത്തിൽ ഉന്നയിക്കുമെന്ന് സിൻഡിക്കേറ്റംഗം പറഞ്ഞു.
നോമിനേറ്റഡ് സിൻഡിക്കേറ്റിൻെറ കാലാവധി ഒരുവ൪ഷം നീട്ടിയിട്ട് ഒന്നരമാസത്തോളമായിട്ടും യോഗം വിളിക്കാത്തതിൽ സിൻഡിക്കേറ്റംഗങ്ങൾ പൊതുവെ രോഷത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.