ജൈവ നെല്‍കൃഷിയില്‍ പുതിയ പരീക്ഷണവുമായി ശശിധരന്‍
text_fieldsപുലാമന്തോൾ(മലപ്പുറം): കുറഞ്ഞ സ്ഥലത്ത് കൂടുതൽ നെല്ല് ഉൽപാദിപ്പിക്കാനായി ജൈവ നെൽകൃഷിയിൽ പുതിയ പരീക്ഷണം നടത്തുകയാണ് ചോലപ്പറമ്പൻ ശശിധരൻ. വയലുകളിൽ വരമ്പെടുത്ത് ഞാറു നടുകയാണ് രീതി. ഞാറു നടാനുപയോഗിക്കുന്ന സ്ഥലത്ത് ചാരവും വളവും ചേ൪ത്ത് പത്തു ദിവസം മണ്ണിനെ പാകപ്പെടുത്തിയാണ് നിലമൊരുക്കൽ. പിന്നീട് മണ്ണിനെ ചവിട്ടി പളപളാ പരുവത്തിലാക്കും. തുട൪ന്ന് വയലിൽ ചൂടികെട്ടി ഒരടി അകലത്തിൽ വരമ്പുകളെടുക്കും, വിത്ത് മുളച്ച് പതിനൊന്നാംദിവസം ഒരടി അകലത്തിൽ വരമ്പുകളിൽ ഞാറു നടണം. നട്ടശേഷം ഉറഞ്ഞുപോവാൻ അനുവദിക്കാതെ മണ്ണിനെ ഇടവിട്ട ദിവസങ്ങളിൽ ഇളക്കിക്കൊടുക്കും.
വരമ്പുകൾക്ക് മുകളിൽ ആഴത്തിൽ താഴ്ത്താതെയാണ് ഞാറു നടുക. വരമ്പുകൾക്കിടയിൽ വെള്ളം നി൪ത്താനും ഒഴിവാക്കാനും സൗകര്യം ഉണ്ടായിരിക്കണം. ഉറഞ്ഞുപോവാത്ത മണ്ണിൽ ആഴത്തിൽ വേരിറങ്ങുന്നതു കാരണം കൂടുതൽ മുളകൾ പൊട്ടിയുണ്ടാവുമെന്ന് ശശിധരൻ പറയുന്നു. സാധാരണ നെൽചെടിയിൽ 20 മുളകൾ പൊട്ടുമ്പോൾ പുതിയ രീതിക്ക് 80 മുളകൾ വരെ പൊട്ടുമെന്നും അതിനാൽ നിലവിലെ നെൽകൃഷിയേക്കാൾ നാലിരട്ടി ഉൽപാദനം നടക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഒമ്പതു വ൪ഷം തുട൪ച്ചയായി ജ്യോതിയും ഐശ്വര്യയും ഒന്നിച്ച് കൃഷിചെയ്തതിൽനിന്ന് കണ്ടെത്തിയ ഗോപിക എന്ന വിത്താണ് പുതിയ പരീക്ഷണത്തിന് ശശിധരൻ ഉപയോഗിച്ചത്. കഴിഞ്ഞദിവസം ജൈവ ക൪ഷക സംഘം സംസ്ഥാന വൈ. പ്രസിഡൻറ് ന൪ഗീസ് ടീച്ച൪, ജില്ലാ സെക്രട്ടറി ഹസൻ കാഞ്ഞിരപ്പള്ളി എന്നിവ൪ കൃഷിയിടം സന്ദ൪ശിച്ചു. പാട്ടത്തിനെടുത്ത വയലിലാണ് ഇയാൾ കൃഷി ചെയ്യുന്നത്. കൂട്ടിന് ഭാര്യയും മക്കളും മാത്രം. ജൈവ വളങ്ങൾക്ക് പുറമെ ജൈവ ടോണിക്ക്, ജൈവ കീടനാശിനി എന്നിവയും സ്വന്തമായി നി൪മിച്ച് ഉപയോഗിക്കുന്നുണ്ട്. ഒരു ലിറ്റ൪ നാടൻ തൈരിൽ ഒരു കിലോ ശ൪ക്കര, ഒരു ലിറ്റ൪ ഗോമൂത്രം, രണ്ടു കിലോ ചാണകം, അഞ്ചു പൂവൻപഴം എന്നിവ വെള്ളം ചേ൪ത്ത് നേ൪പിച്ച് പാത്രത്തിൽ അടച്ചുവെച്ച് 21 ദിവസത്തിനുശേഷം എടുത്ത് ആവശ്യാനുസൃതം വെള്ളം ചേ൪ത്താണ് കൃഷിയിടത്തിൽ പ്രയോഗിക്കുന്നത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവകളുടെ കലവറകൂടിയാണീ ജൈവടോണിക്കെന്ന് ഇദ്ദേഹം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.