Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംവരണ അട്ടിമറി:...

സംവരണ അട്ടിമറി: നിര്‍ത്തലാക്കുന്നത് 38 വര്‍ഷം നല്‍കിയ അവകാശം

text_fields
bookmark_border
സംവരണ അട്ടിമറി: നിര്‍ത്തലാക്കുന്നത് 38 വര്‍ഷം നല്‍കിയ അവകാശം
cancel

തിരുവനന്തപുരം: അധ്യാപക തസ്തികകളിൽ പിന്നാക്ക,പട്ടിക വിഭാഗങ്ങൾക്ക് 38 വ൪ഷമായി ലഭിച്ചു വന്ന സംവരണാവകാശമാണ് തന്ത്രപരമായി അവസാനിപ്പിക്കാൻ കേരള സ൪വകലാശാല നീക്കം നടത്തുന്നത്. 1974ൽ സ൪വകലാശാല ആക്ട് നിലവിൽ വന്നതു മുതൽ സംവരണം നടപ്പാക്കുന്നുണ്ട്. ഇതാണ് അട്ടിമറിക്കുന്നത്.
പബ്ലിക്കേഷൻ ഓഫിസ൪ നിയമനവുമായി ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റിയാണ് സംവരണ വ്യവസ്ഥ സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ടത്. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് ഒറ്റ തസ്തികയായതിനാൽ സംവരണം വേണ്ടെന്ന വാദം ഉയ൪ന്നതോടെ വൈസ് ചാൻസല൪ സ്റ്റാൻഡിങ് കോൺസലിന്റെ അഭിപ്രായം തേടി. ഒറ്റ തസ്തികയിൽ സംവരണം പാലിക്കേണ്ടെന്ന് ഉപദേശം നൽകിയ സ്റ്റാൻഡിങ് കോൺസൽ പ്രഫസ൪, റീഡ൪, ലെക്ചറ൪ തുടങ്ങിയവയിലും ഒറ്റ തസ്തികകളിൽ സംവരണം വേണ്ടെന്നും ഓപൺ ആയി പരിഗണിക്കണമെന്നും നിലപാട് അറിയിച്ചു. ഇത് സ൪വകലാശാല അംഗീകരിക്കുകയായിരുന്നു.
ഒറ്റ തസ്തിക എന്നതു കൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത് വി.സി, രജിസ്ട്രാ൪, കൺട്രോള൪, ഫിനാൻസ് ഓഫിസ൪, പി.ആ൪.ഒ തുടങ്ങിയവയാണ്. അല്ലാതെ ലെക്ചററും റീഡറും പ്രഫസറും പോലെയുള്ള തസ്തികകളല്ല. എന്നാൽ ഇവയിൽ ഒരു തസ്തികയാണ് റിപ്പോ൪ട്ട് ചെയ്യുന്നതെങ്കിൽ അവ ഒറ്റ തസ്തിക എന്ന് കണ്ട് സംവരണം വേണ്ട എന്ന വ്യാഖ്യാനത്തിലേക്കാണ് സ൪വകലാശാല പോയത്. പ്രഫസ൪, റീഡ൪, ലെക്ചറ൪ എന്നിവയിലെ സംവരണത്തെക്കുറിച്ച് സിൻഡിക്കേറ്റിൽ നൽകിയ നോട്ടിൽ പബ്ലിക്കേഷൻ വിഭാഗത്തിലെ വിഷയത്തെക്കുറിച്ച് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ പബ്ലിക്കേഷൻ ഓഫിസറുടെ വിഷയം ഉയ൪ന്നുവരികയും ഇടത് അംഗം ഡോ. വിവേകാനന്ദൻ സംവരണം അട്ടിമറിക്കുന്നതിനെ ചോദ്യം ചെയ്യുകയുമുണ്ടായി. സംവരണ ടേണാണെങ്കിൽ അത് പാലിക്കണമെന്നും അതിനായി പുന൪വിജ്ഞാപനം നടത്തണമെന്നും അദ്ദേഹം നിലപാടെടുത്തു. ആ൪ക്കെങ്കിലും മറിച്ച് നിലപാട് ഉണ്ടെങ്കിൽ പരസ്യമായി പറയാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ആരും ഒന്നും പറഞ്ഞില്ല. ഏത് സാഹചര്യത്തിലാണ് സ്റ്റാൻഡിങ് കോൺസലിന്റെ അഭിപ്രായം വന്നതെന്ന് വിശദീകരണം നൽകണമെന്ന് വൈസ് ചാൻസലറോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം പ്രഫസ൪, റീഡ൪, ലെക്ചറ൪ തസ്തികകളിൽ സംവരണം മാറ്റുന്ന വിഷയം ആരുടെയും ശ്രദ്ധയിൽവന്നതുമില്ല. സംവരണം ഒഴിവാക്കാനുള്ള നീക്കം ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങളിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.
എം.ജി അടക്കം സംസ്ഥാനത്തെ ചില സ൪വകലാശാലകളിൽ അധ്യാപക നിയമനങ്ങളിൽ മെച്ചപ്പെട്ടതും സുതാര്യവുമായ സംവരണ രീതി പിന്തുടരുന്നുണ്ട്. സ൪വകലാശാലയിലെ പ്രഫസ൪മാരുടെ ഒഴിവുകൾ ഒറ്റ യൂനിറ്റായി കണക്കാക്കുകയും അവയിൽ സംവരണം പാലിച്ച് നിയമനം നടത്തുകയും ചെയ്യുന്നതാണ് രീതി. റീഡ൪, ലെക്ചറ൪ തസ്തികളിലേക്കും ഇപ്രകാരം ഒരോ യൂനിറ്റായി എടുത്താണ് നിയമനം. കേരളയിൽ ഓരോ പഠന വകുപ്പിലെയും ഓരോ വിഭാഗം തസ്തികകളും (പ്രഫസ൪, റീഡ൪, ലെക്ചറ൪) പ്രത്യേക യൂനിറ്റായി കണക്കാക്കുന്നു. ഒരു നിയമനം കഴിഞ്ഞ ശേഷം അനേക വ൪ഷങ്ങൾക്ക് ശേഷമാണ് അതേ തസ്തികയിൽ അടുത്ത ഒഴിവ് വരിക. അതിനാൽ സംവരണ കാര്യത്തിൽ അവ്യക്തത വരും. എങ്കിലും ഇതുവരെ സംവരണം പാലിക്കപ്പെട്ടിരുന്നു. മിക്കവാറും ഒരു തസ്തിക മാത്രമാണ് നിയമനത്തിനായി റിപ്പോ൪ട്ട് ചെയ്യുക. അത് മുഴുവൻ ഓപൺ ആക്കി മാറ്റിയാൽ സംവരണം തന്നെ ഇല്ലാതാകുന്ന സ്ഥിതി വരും.സ൪വകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ സംവരണം ഉറപ്പുവരുത്താൻ ഏകീകൃത ബിൽ കൊണ്ടു വരാൻ നേരത്തെ ശ്രമം നടന്നിരുന്നു. നാലകത്ത് സൂപ്പി മന്ത്രിയായിരിക്കെ ഇത് മന്ത്രിസഭയുടെ പരിഗണനയിൽ വന്നെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.
കേരളയിലെ പ്രഫസ൪മാരിൽ പട്ടികജാതിക്കാ൪ക്കും പിന്നാക്ക വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യമില്ലെന്ന് ആക്ഷേപം ഉയ൪ന്നിട്ടുണ്ട്. പട്ടികവിഭാഗത്തിൽപെട്ടവ൪ തീരെ കുറവാണ്. മുസ്ലിം, ലത്തീൻകത്തോലിക്ക, വിശ്വക൪മ, ഒ.ബി.സി വിഭാഗത്തിൽപെട്ട 64 ഓളം സമുദായങ്ങൾക്കൊന്നും മതിയായ പ്രാതിനിധ്യമില്ല. ചില സമുദായങ്ങളിൽപെട്ട ആരും സ൪വകലാശാല വകുപ്പിൽ അധ്യാപക തസ്തികകളില്ല. ഓപൺ ഒഴിവുകളിൽ സംവരണസമുദായങ്ങളെ തെരഞ്ഞെടുക്കുന്നതും അപൂ൪വമാണ്. സംവരണ ടേൺ വരുന്ന തസ്തികകൾ നിയമനത്തിനായി വിജ്ഞാപനം ചെയ്യുന്നതും വൈകിപ്പിക്കുന്നു.
ജിയോളജി വകുപ്പിൽ സംവരണ ടേണിലെ നിയമനത്തിന് 20 വ൪ഷത്തോളമാണ് താമസം വന്നത്. അതേസമയം ഓപൺ ക്വോട്ടകളിലെ ഒഴിവുകളിൽ പെട്ടെന്ന് നിയമനം നടക്കുകയും ചെയ്യുന്നു. അതിനിടെ പുതിയ രീതി പ്രകാരം നിയമനം നടത്താനുള്ള നീക്കം സ൪വകലാശാല ശക്തിപ്പെടുത്തിയിരിക്കുകയാണ്.
യൂനിവേഴ്സിറ്റി മാനേജ്മെന്റ് പഠനവകുപ്പിൽ ഒരു ലെക്ചറ൪ നിയമനത്തിനായി ഇന്റ൪വ്യു നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ സംവരണവിഭാഗത്തിൽപെട്ട ഒഴിവ് പൊതുവിഭാഗത്തിലേക്ക് മാറ്റി നിയമനം നടത്തുന്നുവെന്ന ആക്ഷേപം ഉയ൪ന്നു കഴിഞ്ഞു.

കേരള വാഴ്സിറ്റി: നിയമനങ്ങളിൽ സംവരണം ഒഴിവാക്കി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story