ട്രാഫിക് കേസില്‍ റാശിദിന് മോചനമായി; മൂന്നു മലയാളികള്‍ കൂടി ബുറൈമാന്‍ ജയിലില്‍
text_fieldsജിദ്ദ: ഓടിച്ച വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻെറ പേരിൽ ജയിലിലായ മലയാളി യുവാവ് റാശിദ് ട്രാഫിക് വകുപ്പിൽ പിഴയിലൊരു വിഹിതം കെട്ടിവെച്ച് ജാമ്യം നേടി. ബാക്കി തുക കൂടി അടച്ച് കേസിൽ നിന്നൊഴിവാകാൻ റാശിദിന് ഇനിയും കാത്തിരിക്കണം. അതേസമയം, സമാനസ്വഭാവത്തിൽ കേസിൽ അകപ്പെട്ട മൂന്നു മലയാളികൾ കൂടി സന്നദ്ധപ്രവ൪ത്തകരുടെയും സുമനസ്സുകളുടെയും സഹായം പ്രതീക്ഷിച്ച് ബുറൈമാൻ ജയിലിലെ പുതിയ ബ്ളോക്കിലെ 12 ാം വാ൪ഡിൽ കഴിയുകയാണ്.
മലപ്പുറം ജില്ലയിലെ പാങ്ങ് ചേണ്ടിയിലെ പാലയിൽ റാശിദ് ഇക്കഴിഞ്ഞ റമദാൻെറ രണ്ടുനാൾ മുമ്പ് ഹയ്യുസ്സഫയിൽ ശാറ ഉമ്മുൽഖുറയിൽ അബ്ദുല്ല ബിൻ സാലിഹ് സ്ട്രീറ്റിൽ വെച്ച് ഓടിച്ച വാഹനം മറ്റൊരു ലമൂസിനിൽ ചെന്നിടിച്ചതിൻെറ പേരിലാണ് പിടിയിലായത്. ഇടിയുടെ ആഘാതത്തിൽ ലമൂസിൻ മറ്റൊരു സൗദി പൗരൻെറ വാഹനത്തിലും ഇടിച്ചു. കോടതിയിലെത്തിയപ്പോൾ ഇടിയേറ്റ വണ്ടികളുടെ ഉടമകൾ 47,000 റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുക അടക്കാനില്ലാത്തതിനാൽ ബുറൈമാൻ ജയിലിലടക്കപ്പെട്ട റാശിദിൻെറ വിഷമാവസ്ഥ ‘ഗൾഫ് മാധ്യമം’ സെപ്റ്റംബ൪ ഒമ്പതിന് റിപ്പോ൪ട്ട് ചെയ്തിരുന്നു.
ഇതേ തുട൪ന്ന് പ്രശ്നത്തിൽ മുന്നിട്ടിറങ്ങിയ സാമൂഹികപ്രവ൪ത്തകൻ മുഹമ്മദലി പടപ്പറമ്പുമായി സൗദിക്ക് അകത്തും പുറത്തും നിന്നു പലരും ബന്ധപ്പെട്ട് സഹായവാഗ്ദാനങ്ങൾ നൽകി. പാങ്ങ് സ്വദേശികളായ സുമനസ്സുകൾ നൗഫലിൻെറ നേതൃത്വത്തിൽ ഒന്നിച്ചുചേ൪ന്ന് നഷ്ടപരിഹാരത്തുക സമാഹരിക്കാനുള്ള ശ്രമവും നടത്തി. വാഹന ഉടമകളിൽ ഒരാൾ ആവശ്യപ്പെട്ട 13,000 ഓളം രൂപ വിട്ടുകൊടുക്കാൻ സന്നദ്ധമായതോടെ പ്രതീക്ഷ വ൪ധിച്ചു. സ്പോൺസറും സഹായത്തിനു സന്നദ്ധനായി. അങ്ങനെ സ്വരുക്കൂട്ടിയ പണം ആവശ്യത്തിനു പൂ൪ണമായി തികഞ്ഞില്ലെങ്കിലും കിട്ടിയ തുക ട്രാഫിക്കിൽ ഒടുക്കി പ്രശ്നപരിഹാരത്തിനു വഴി തെളിയുകയായിരുന്നു.
എറണാകുളം മൂവാറ്റുപുഴ മുളവൂരിലെ കിഴക്കേ കുന്നേൽ നസീ൪ (25), മലപ്പുറം കാളികാവിലെ അമ്പലയ്യൻ ഇസ്ഹാഖ് (43), കാസ൪കോട്ടെ കുമ്പള അംഗടിമുഗ൪ ഷെറൂൽ അബ്ദുറഹ്മാൻ (53) എന്നിവരും തമിഴ്നാട്ടുകാരായ അബ്ദുറഹ്മാൻ (45), ഇസ്ഹാഖ് (40) എന്നിവരും ഇത്തരത്തിലുള്ള കേസുമായി ബന്ധപ്പെട്ട് ഇനിയും ജയിലിൽ കഴിയുകയാണ്. മാ൪ച്ച് എട്ടിനു ജീസാനടുത്തു വെച്ച് നസീ൪ ഓടിച്ച ഡൈന വാഹനം തട്ടി ഒരു അറബി മരണപ്പെട്ടിരുന്നു. ജിദ്ദയിലെ സൂഖ് ഉലൈയിൽ ജോലി ചെയ്തിരുന്ന നസീറിനു ഇതുവരെ തൻെറ കേസിനെക്കുറിച്ച് ഒന്നുമറിയില്ല. എട്ടുമാസമായി ജയിലിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കാനില്ലെന്നു നസീ൪ ‘ഗൾഫ് മാധ്യമ’ത്തോടു സങ്കടപ്പെട്ടു. ജിദ്ദയിൽ ജാമിഅയിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനത്തിലെ ഡ്രൈവറായിരുന്നു കാളികാവുകാരൻ ഇസ്ഹാഖ്. ആറുമാസം മുമ്പ് ജാമിഅയുടെ മുന്നിൽ വെച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിടിയിലായാണ് ബുറൈമാനിലെത്തിയത്. ഇടിയേറ്റ വാഹനത്തിൻെറ ഉടമ ആവശ്യപ്പെട്ടത് 16,000 റിയാൽ. ഇതിൽ 12,000 റിയാൽ കഫീലിൻെറ കൂടെ കൊണ്ടുപോയി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിലേക്കായി കൊടുത്തു. ഒരു 3000 റിയാൽ കൂടി ഒപ്പിക്കാൻ കഴിഞ്ഞാൽ ആറുമാസമായി തടവിൽ കഴിയുന്ന തനിക്ക് പുറത്തെത്താനാവുമെന്ന് ഇസ്ഹാഖ് പറയുന്നു.
ഏറെ സങ്കടകരമാണ് ജിദ്ദയിൽ കുടുംബസമേതം താമസിച്ചുവന്ന കാസ൪കോട്ടെ ഷെറൂൽ അബ്ദുറഹ്മാൻെറ കഥ. ഹയ്യുന്നഈമിൽ പ്രൈവറ്റ്സ്കൂളിലേക്ക് വിദ്യാ൪ഥികളെ കൊണ്ടുപോകുകയായിരുന്നു ജോലി. മാസങ്ങൾക്കു മുമ്പ് കുട്ടികളെ എടുത്തുവരുമ്പോൾ ഒരു കുട്ടി അബദ്ധത്തിൽ വാതിൽ തുറന്നു പുറത്തുവീണു മരണമടയുകയായിരുന്നു. ഭാര്യയുടെയും രണ്ടു കുട്ടികളുടെയും കൂടെ ജിദ്ദയിൽ താമസിക്കുന്ന അബ്ദുറഹ്മാൻ രണ്ടു മാസത്തിലേറെയായി ജയിലിലായിട്ട്. കുടുംബത്തിൻെറ ഇഖാമ പുതുക്കാനാവാത്തതിനാൽ അവ൪ക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. അവരുടെ നിത്യജീവിതവും പ്രയാസത്തിലായിരിക്കുകയാണ്. പ്രവാസിസംഘടനകളും സന്നദ്ധപ്രവ൪ത്തകരും സജീവമായ ജിദ്ദയിൽ തങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സുമനസ്സുകൾ മുന്നോട്ടുവരും എന്ന പ്രതീക്ഷയിൽ മാത്രമാണ് നാളുകൾ തള്ളിനീക്കുന്നതെന്ന് ഇവ൪ പറയുന്നു. റാശിദിൻെറ മോചനത്തിനു വഴിതെളിഞ്ഞതോടെ അവരുടെ പ്രതീക്ഷകൾക്കു കൂടുതൽ നിറം വ൪ധിക്കുകയാണ്. അനിശ്ചിതത്വത്തിൻെറ ഇരുട്ടിലേക്ക് നോക്കിയിരിക്കാൻ വിധിക്കപ്പെട്ട ഈ നാട്ടുകാരുടെ വിഷയത്തിൽ ഇടപെട്ട് കേസിനും തുട൪നീക്കങ്ങൾക്കും വഴിയൊരുക്കാൻ മലയാളിസംഘടനകൾക്കും സാമൂഹികപ്രവ൪ത്തക൪ക്കുമാവില്ലേ എന്നാണ് അവരുടെ ദയനീയമായ ചോദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.