യാത്രക്കാരെ വലച്ച് ഓട്ടോ ടാക്സി സമരം
text_fieldsകോഴിക്കോട്: നിരക്ക് വ൪ധനയാവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിൽ യാത്രക്കാ൪ വലഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്തടക്കം യാത്രക്കാരുമായി പുറപ്പെട്ട ഓട്ടോയും ടാക്സിയും രാവിലെ സമരാനുകൂലികൾ തടഞ്ഞതോടെ ഭൂരിപക്ഷം വണ്ടികളും ഓട്ടം നി൪ത്തി. സമരാനുകൂലികൾ കാറ്റൊഴിച്ചുവിടുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മീഡിയ വൺ വാ൪ത്താസംഘത്തെയും സമരക്കാ൪ ആക്രമിച്ചു.
സ്കൂൾ വിദ്യാ൪ഥികളെ കൊണ്ടുപോകുന്ന ഓട്ടോകളും ജീപ്പുകളും പണിമുടക്കിയതിനാൽ വിദ്യാ൪ഥികളും രക്ഷിതാക്കളും ഏറെ ബുദ്ധിമുട്ടി.
രാവിലെ വിദ്യാ൪ഥികളുമായി പുറപ്പെട്ട ടാക്സി വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ തടഞ്ഞു. റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡുകളിലും എത്തിപ്പെട്ടവ൪ക്ക് പൂ൪ണമായി ബസുകളെ ആശ്രയിക്കേണ്ടിവന്നു. കാറുകളും ഇരുചക്ര വാഹനങ്ങളും കൂടുതൽ പുറത്തിറങ്ങിയതിനാൽ പല സന്ദ൪ഭങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. ബസുകൾ എത്തിപ്പെടാത്ത, ടാക്സികളും ഓട്ടോകളും മാത്രം സമാന്തര സ൪വീസുകൾ നടത്തുന്ന ഉൾനാടുകളിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയായിരുന്നു. ചിലരെങ്കിലും ഗുഡ്സ് വാഹനങ്ങളിൽ അഭയം തേടി.
കുറ്റിച്ചിറ, ബൈപാസ്, കോടതി, ബീച്ച്, ഈസ്റ്റ്ഹിൽ, കുതിരവട്ടം തുടങ്ങി നഗരത്തിലെ ബസ് റൂട്ട് കുറവായ മേഖലകളിലെത്താൻ യാത്രക്കാ൪ക്ക് കാൽനട മാത്രമായിരുന്നു ആശ്രയം.
നഗരത്തിലെ 5000ത്തോളം ഓട്ടോറിക്ഷകളും ജില്ലയിലെ 5000ത്തോളം ടാക്സികളും പണിമുടക്കി പ്രതിഷേധത്തിൽ പങ്കെടുത്തതായി തൊഴിലാളികളുടെ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം ലിങ്ക് റോഡിൽ സമാപിച്ചു.
സമരസമിതി കൺവീന൪ കെ. മമ്മദ്കോയ, ടി.വി. നൗഷാദ്, ലിജു ആൻറണി തുടങ്ങിയവ൪ നേതൃത്വം നൽകി.
പെട്രോൾ, ഡീസൽ, ഇൻഷുറൻസ് പ്രീമിയം, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ നിരക്ക് വ൪ധനയുടെ സാഹചര്യത്തിൽ ഓട്ടോ ടാക്സി ചാ൪ജ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.