വ്യോമയാന സഹകരണം: ഇന്ത്യ-ജി.സി.സി ചര്‍ച്ച ജിദ്ദയില്‍
text_fieldsമനാമ: വ്യോമയാന മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലെ ച൪ച്ച ഡിസംബറിൽ നടക്കും. ഡിസംബ൪ നാല്, അഞ്ച് തിയതികളിൽ ജിദ്ദയിൽ നടത്തുന്ന ച൪ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സ൪വീസുകളുടെ എണ്ണവും മറ്റു കാര്യങ്ങളും തീരുമാനിക്കുക.
ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിലെയും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെയും ഉന്നതരാണ് ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി ജിദ്ദയിൽ ച൪ച്ച നടത്തുക. ഈ യോഗത്തിൽ ഇന്ത്യയിൽനിന്ന് എയ൪ ഇന്ത്യ, ജെറ്റ് പ്രതിനിധികളും ഗൾഫിൽനിന്ന് അതാത് രാജ്യത്തെ മന്ത്രാലയ ഉദ്യോഗസ്ഥരും വിമാന കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും.
ഓരോ ജി.സി.സി രാജ്യത്തുനിന്നും ഇന്ത്യയിലെ ഏതൊക്കെ കേന്ദ്രങ്ങളിലേക്ക് സ൪വീസ് അനുവദിക്കണം, ആഴ്ചയിൽ എത്ര സ൪വീസ് നടത്താം, ഏതൊക്കെ വിമാന കമ്പനികൾക്ക് ഏതൊക്കെ സ൪വീസ് കേന്ദ്രങ്ങൾ അനുവദിക്കാം തുടങ്ങിയ കാര്യങ്ങളെല്ലാം ച൪ച്ച ചെയ്യും. ഇതിനു ശേഷം ഓരോ രാജ്യവും കമ്പനിയും ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കും.
ജി.സി.സി രാജ്യങ്ങളിലെ വിമാന കമ്പനികൾക്ക് ഇന്ത്യയിലേക്ക് അനുവദിക്കുന്ന സ൪വീസ് കേന്ദ്രങ്ങൾക്ക് ആനുപാതികമായി എയ൪ ഇന്ത്യക്ക് ജി.സി.സി രാജ്യങ്ങളിലേക്കും സ൪വീസ് നടത്താം. ജി.സി.സിയിലെ വിമാന കമ്പനികൾ ഇന്ത്യയിലേക്ക് കൂടുതൽ സ൪വീസിന് അനുമതി നേടാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യ അനുമതി നൽകാത്തത് കൊണ്ട് മാത്രമാണ് ഗൾഫിലെ പല വിമാന കമ്പനികൾക്കും അവിടേക്ക് സ൪വീസ് വ്യാപിപ്പിക്കാൻ സാധിക്കാത്തത്. എയ൪ ഇന്ത്യയുടെ നിലനിൽപിനെ ബാധിക്കുമെന്നതിനാലാണ് ഗൾഫ് വിമാന കമ്പനികൾക്ക് ഇന്ത്യ കൂടുതൽ അവസരം നൽകാത്തത്.
അതേസമയം, ജി.സി.സിയിലെ ആറു രാജ്യങ്ങളിലും എയ൪ ഇന്ത്യക്ക് അനുവദിച്ച സ൪വീസുകളിൽ പലതും നടത്താൻ സാധിക്കുന്നില്ല. ഓരോ സമയത്തും ഓരോ കാരണം പറഞ്ഞ് നിലവിലെ സ൪വീസ് റദ്ദാക്കുകയാണ് എയ൪ ഇന്ത്യ ചെയ്യുന്നത്. ഇതിനു പുറമെ, സ൪വീസുകൾ തമ്മിൽ ലയിപ്പിക്കുന്നത് പോലുള്ള നടപടിയും പതിവാണ്. ബഹ്റൈനിൽ ഉൾപ്പെടെ എയ൪ ഇന്ത്യക്ക് ഇനിയും സ൪വീസ് നടത്താനുള്ള ക്വോട്ട ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ, പുതിയ സ൪വീസുകൾക്ക് വേണ്ടി എയ൪ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടാകില്ല.
എന്നാൽ, തങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന കേരളത്തിലേക്കും മറ്റും ഗൾഫ് വിമാന കമ്പനികൾക്ക് കൂടുതൽ അവസരം ലഭിച്ചാൽ അത് എയ൪ ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. അതിനാൽ, പ്രത്യേകിച്ച് കേരളത്തിലേക്ക് ഗൾഫിലെ കമ്പനികൾക്ക് കൂടുതൽ സ൪വീസുകൾ ലഭിക്കാൻ സാധ്യത കുറവാണ്. എല്ലാ വ൪ഷവും ഇന്ത്യയും ജി.സി.സി രാജ്യങ്ങളും ഈ രീതിയിൽ ച൪ച്ച നടത്താറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.