റൂവിയില്‍ മലയാളി കടയുടമയെ പൂട്ടിയിട്ട് ബംഗാളി ജീവനക്കാരന്‍ പണം കൊള്ളയടിച്ചു
text_fieldsമസ്കത്ത്: പള്ളിയിലേക്ക് പോകാൻ അംഗശുദ്ധി വരുത്തുന്നതിനിടെ മലയാളി കടയുടമയെ കുളിമുറിയിൽ പൂട്ടിയിട്ട് ബംഗാളി ജീവനക്കാരൻ പണം കൊള്ളയടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മച്ചി മാ൪ക്കറ്റ് മസ്ജിദിന് സമീപമാണ് സംഭവം. ഇവിടെ മാസാ നാഷണൽ കോഫിഷോപ്പ് നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി മൊയ്തുവിൻെറ ജീവനക്കാരനാണ് ഇദ്ദേഹത്തെ കുറിമുറിയിൽ പൂട്ടിയിട്ട് മോഷണം നടത്തിയത്. മുറിയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന 1500 റിയാൽ, 200 റിയാലിൻെറ ടെലഫോൺ കാ൪ഡ്, പാസ്പോ൪ട്ട്, ലേബ൪കാ൪ഡ്, മൊബൈൽ ഫോൺ എന്നിവയും മോഷ്ടാവ് കൊണ്ടുപോയി. ആറുമാസം മുമ്പ് കോഫിഷോപ്പിൽ ജീവനക്കാരനായി എത്തിയ ബംഗ്ളാദേശ് സ്വദേശി റസലാണ് (23) മോഷണം നടത്തിയതെന്ന് മൊയ്തു റൂവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൊയ്തുവും ജീവനക്കാരും കോഫിഷോപ്പിനടുത്ത് ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. റാസൽ പള്ളിയിലേക്കെന്ന് പറഞ്ഞ് നേരത്തേ മുറിയിൽ നിന്ന് പുറത്തുപോയിരുന്നു. പിന്നീട് കടയുടമ കുളിമുറിയിൽ കയറിയ തക്കം നോക്കി മോഷ്ടാവ് കുളിമുറി പുറത്തുനിന്ന് കുറ്റിയിടുകയായിരുന്നു. വാതിൽ ആരോ പുറത്തുനിന്ന് പൂട്ടുന്ന ശബ്ദം കേട്ടെങ്കിലും ഗൗനിച്ചില്ലെന്ന് മൊയ്തു പറയുന്നു. ഈസമയം മുറിയിൽ ഗാ൪ബേജ് ബാഗിനുള്ളിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന പെട്ടിയുമായി ജീവനക്കാരൻ കടന്നുകളയുകയായിരുന്നു. ഇയാൾ ബാഗുമായി പുറത്തേക്ക് ഓടുന്നത് തൊട്ടടുത്ത് താമസിക്കുന്ന പാകിസ്താൻ സ്വദേശി കണ്ടിരുന്നത്രെ. എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ അവശിഷ്ടങ്ങൾ പുറത്തുകളയാൻ പോകുന്നുവെന്നായിരുന്നു മറുപടി. ഈ സമയം കുളിമുറിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് മൊയ്തു വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നുവെന്ന് മനസിലാക്കിയത്. ബഹളം വെച്ചതിനെ തുട൪ന്ന് അയൽവാസിയായ പാകിസ്താൻ സ്വദേശി ഓടിയെത്തി വാതിൽ ചവിട്ടിതുറക്കുകയായിരുന്നു. പണം മോഷ്ടിച്ച യുവാവിൻെറ ഫോട്ടോ സഹിതമാണ് റൂവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. യുവാവിന് പുറത്തുനിന്ന് സഹായമില്ലാതെ ബാഗുമായി റൂവിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് മൊയ്തു പറയുന്നത്. നേരത്തേ ആസൂത്രണം ചെയ്ത് വാഹനവുമായി പുറത്ത് കാത്തുനിന്നവ൪ക്ക് അരികിലേക്കാണ് ഗാ൪ബേജ് ബാഗുമായി റസൽ പോയിരിക്കുകയെന്ന് ഇദ്ദേഹം ഊഹിക്കുന്നു. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ പൊലീസിലോ 92168808 എന്ന നമ്പറിലോ അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.