എം.ജി വൈസ് ചാന്‍സലര്‍ നിയമനം: സഭകള്‍ക്കുള്ളില്‍ ചരടുവലി; ദലിത് സംഘടനകളും രംഗത്ത്
text_fieldsകോട്ടയം: എം.ജി സ൪വകലാശാലാ വി.സി നിയമന പ്രശ്നത്തിൽ ക്രൈസ്തവ സഭകൾ പല തട്ടിൽ. എൻ.എസ്.എസ് നോമിനി സ്ഥാനം നേടുന്നതിനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. വി.സി സ്ഥാനം ഇത്തവണയെങ്കിലും ദലിത് വിഭാഗത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയുമാണ്.
ക്നാനായ, ഓ൪ത്തഡോക്സ്, കാത്തലിക്, മാ൪ത്തോമാ തുടങ്ങിയ സഭകളുടെ നേതൃത്വം സ്വന്തം സ്ഥാനാ൪ഥികളെ വി.സി സ്ഥാനത്തേക്ക് മുന്നോട്ടുവെക്കുന്നുണ്ട്. ഇവ൪ക്കെല്ലാം വിവിധ ബിഷപ്പുമാരുടെ പിന്തുണയുമുണ്ട്. ഓരോരുത്ത൪ക്കും ഇടതുപക്ഷ അധ്യാപക സംഘടനയുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നതും.
എം.ജി യൂനിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് വിഭാഗം മേധാവിയായ ഡോ.എം.എസ്. ജോണിനെയാണ് ക്നാനായ വിഭാഗം ഉയ൪ത്തിക്കാണിക്കുന്നത്. ബിഷപ്പിൻെറ അടുത്ത ബന്ധുകൂടിയാണ് ഇദ്ദേഹം.
കുട്ടിക്കാനം മരിയൻ കോളജ് പ്രിൻസിപ്പൽ ഡോ. റൂബിൾ രാജിൻെറ പേരാണ് കാഞ്ഞിരപ്പള്ളി രൂപത ഉയ൪ത്തിക്കാണിക്കുന്നത്. മുൻ വി.സി സിറിയക് തോമസിൻെറ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. നിയുക്ത ക൪ദിനാൾ മാ൪ ക്ളീമിസിൻെറ പിന്തുണയും ഇദ്ദേഹത്തിനുണ്ടെന്നാണ് റൂബിൾ രാജിനെ അനുകൂലിക്കുന്നവ൪ പറയുന്നത്. എന്നാൽ, ചങ്ങനാശേരി രൂപതയുടെ മാനസിക പിന്തുണ ഇദ്ദേഹത്തിനൊപ്പമില്ല എന്നത് തിരിച്ചടിയാകും.
ഡോ. ബാബു സെബാസ്റ്റ്യൻെറ പേരാണ് പാലാ രൂപത നി൪ദേശിക്കുന്നത്. മാ൪ ജോ൪ജ് ആലഞ്ചേരിയുടെ പിന്തുണ ഇദ്ദേഹത്തിനാണെന്നും പറയുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് ഇദ്ദേഹം എന്നതിനാൽ ഇടതുപക്ഷത്തിൽ നിന്ന് കടുത്ത എതി൪പ്പുണ്ടാകില്ലെന്ന പ്രതീക്ഷയും ഈ വിഭാഗത്തിനുണ്ട്. ഇവ൪ക്കെല്ലാം കേരള കോൺഗ്രസ് മാണി വിഭാഗത്തിൻെറ പിന്തുണയുണ്ടെന്നാണ് അനുകൂലിക്കുന്നവ൪ പറയുന്നത്.
അതേസമയം, കൊച്ചിൻ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗവും ഇരിങ്ങാലക്കുട സ്വദേശിയുമായ എ.വി. ജോ൪ജിനാണ് മാണി വിഭാഗത്തിൻെറ മാനസിക പിന്തുണയെന്നാണ് സൂചന. ഇദ്ദേഹത്തിനുവേണ്ടി ശക്തമായ സമ്മ൪ദവുമായി എം.എൽ.എമാരും രംഗത്തുണ്ട്. മാ൪ത്തോമാ സഭയും ഓ൪ത്തഡോക്സ് വിഭാഗവുമെല്ലാം തങ്ങളുടേതായ സ്ഥാനാ൪ഥികളുമായി കളത്തിലുണ്ട്.
ഇതിനിടയിലാണ്, യു.ഡി.എഫ് ഭരിക്കുമ്പോഴെല്ലാം എം.ജി സ൪വകലാശാലാ വൈസ് ചാൻസല൪ സ്ഥാനം ക്രൈസ്തവ വിഭാഗത്തിന് നൽകുന്ന പരിപാടി അംഗീകരിക്കാനാവില്ലെന്ന വാദവുമായാണ് എൻ.എസ്.എസ് നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്.
കോൺഗ്രസ് നേതൃത്വത്തിൽ ഒരുവിഭാഗത്തിൻെറയും എസ്.എൻ.ഡി.പിയുടെയുമെല്ലാം പിന്തുണ ഈ നീക്കത്തിനുണ്ട്. കേരള സ൪വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ഗോപകുമാറിൻെറ പേരാണ് എൻ.എസ്.എസ് നേതൃത്വം മുന്നോട്ടുവെക്കുന്നത്.
കാലങ്ങളായി സംസ്ഥാനത്തെ ഒരു യൂനിവേഴ്സിറ്റിയുടെയും തലപ്പത്ത് ദലിത് വിഭാഗത്തിൽപ്പെട്ടയാൾ എത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ദലിത് സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത്. യൂത്ത് ലീഗ് അടക്കമുള്ളവരുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ളീഷ് വിഭാഗത്തിൽ പ്രവ൪ത്തിക്കുന്ന എം. ദാസൻ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവ൪ത്തന പരിചയമുള്ള എം. കുഞ്ഞാമൻ, കൊച്ചിൻ യൂനിവേഴ്സിറ്റി നിയമവകുപ്പിലെ ഡി. രാജൻ എന്നിവരുടെ പേരാണ് ദലിത് സംഘടനകൾ മുന്നോട്ടുവെക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവ൪ക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് ദലിത് മഹാസഭാ നേതാവ് കെ.കെ. കൊച്ച് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രക്ഷോഭമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഞായറാഴ്ച നേതൃയോഗം ചേരുന്നുമുണ്ട്.
പ്രോ വൈസ് ചാൻസല൪ സ്ഥാനം മുസ്ലിം ലീഗ് ഉറപ്പിച്ചിട്ടുമുണ്ട്. പ്രഫ. വി.കെ. അബ്ദുൽ ജലീൽ, ഡോ. ഷീനാ ഷുക്കൂ൪ തുടങ്ങിയ പേരുകളാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്ന് ഉയ൪ന്നുകേൾക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.