മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവിന്‍െറ ഹരജി; കേസെടുത്തു
text_fieldsകണ്ണൂ൪: രണ്ട് വ൪ഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ മകനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയിൽ ഹരജി നൽകി. മാനന്തവാടി പയ്യപ്പള്ളിയിലെ മണ്ണറക്കോണം വീട്ടിൽ റോബിൻസണാണ് മകൻ സജികുമാറിനെ (22) കാണാനില്ലെന്നു കാണിച്ച് കണ്ണൂ൪ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ്് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം തെളിവ് നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും സജികുമാ൪ താമസിച്ച താഴെ ചൊവ്വയിലെ വീടിനടുത്തുള്ള കിണ൪ പരിശോധിച്ച് തെളിവ് ശേഖരിക്കണമെന്നും റോബിൻസൺ നൽകിയ പരാതിയിൽ പറയുന്നു. കോടതി ഉത്തരവ് പ്രകാരം ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐ.ടി.ഐ പാസായ ശേഷം സജികുമാ൪ നി൪മാണ കമ്പനിയിൽ സൂപ്പ൪വൈസറായി ജോലി ചെയ്യുകയായിരുന്നു. താഴെചൊവ്വയിലെ പുതിയവളപ്പിൽ മതിമേൽ വീട്ടിൽ വാടകക്ക് താമസിക്കുമ്പോഴാണ് കാണാതായത്. 2010 ജൂലൈ 27ന് വാടകവീട്ടിൽ നിന്ന് കാണാതായ മകനെക്കുറിച്ച് പിന്നീട് വിവരമില്ല. കാണാതായ ദിവസം രാവിലെ വീടുമാറുകയാണെന്ന് പറഞ്ഞാണ് സജികുമാ൪ വീട്ടിൽ നിന്ന് പോയതെന്ന് പിതാവ് പരാതിയിൽ പറയുന്നു. മകൻെറ ബാഗ് മൂന്ന് ദിവസത്തിന് ശേഷം അബ്ദുൽ റസാഖ് എന്നയാളുടെ കൈയിൽനിന്ന് കണ്ടെത്തിയതായും ഇയാൾ അൽപ ദിവസത്തിന് ശേഷം മരിച്ചതായും പരാതിയിലുണ്ട്. വാടകവീട്ടിൽ മകനെ അന്വേഷിച്ച് ചെന്നപ്പോൾ അബ്ദുൽ റസാഖിന് സംഭവിച്ചതുപോലെ തനിക്കും സംഭവിക്കാതിരിക്കണമെങ്കിൽ ഇനി ഇങ്ങോട്ട് വരരുതെന്ന് ഭീഷണിപ്പെടുത്തി വീട്ടുടമ തിരിച്ചയച്ചുവത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.