കടുവയെ വെടിവെക്കാന്‍ തീരുമാനം
text_fieldsസുൽത്താൻ ബത്തേരി: കടുവാഭീതിയിൽ വിറങ്ങലിച്ച നാട്ടിൽ കടുവയെ വെടിവെക്കാനുള്ള ഉത്തരവിന് ആ൪പ്പുവിളികളോടെ സ്വാഗതം. സമാനതകളില്ലാത്ത സമരപോരാട്ടത്തിന് ചൊവ്വാഴ്ച നായ്ക്കട്ടി ഗ്രാമം സാക്ഷ്യംവഹിച്ചു. തിങ്കളാഴ്ച രാത്രി ഒറ്റ ഗ്രാമത്തിൽ ആറു വള൪ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. രാത്രി എട്ടേമുക്കാലോടെ മറുകര അപ്പുവിൻെറ പശുവിനെ ആക്രമിച്ചു. പശുവിൻെറ കരച്ചിൽകേട്ട് ജനം ഓടിക്കൂടിയതോടെ കടുവ ഓടിമറഞ്ഞു.
രാത്രി പതിനൊന്നരയോടെയാണ് പിലാക്കാവ് കുശലൻെറ കാളയെ കടുവ കൊന്നത്. രാത്രി പന്ത്രണ്ടേ മുക്കാലിനാണ് നായ്ക്കട്ടി ടൗണിനടുത്ത ചിത്രാലക്കര ഷാഹുൽ ഹമീദിൻെറ രണ്ട് പശുക്കളെ കടുവ ആക്രമിച്ചത്. ഒന്നിനെ കൊന്ന് തൊട്ടുപിന്നാലെ ഒപ്പമുണ്ടായിരുന്ന പശുവിനെയും ആക്രമിച്ചു.
നാട്ടുകാ൪ ഓടിക്കൂടി ഒച്ചവെച്ചിട്ടും കടുവ തൊഴുത്തിൽനിന്ന് പുറത്തിറങ്ങിയില്ല. പശുവിൻെറ കഴുത്തിൽ കടി മുറുക്കി. 15 മിനിറ്റോളം കടുവ അതേ നിലയിൽ തുട൪ന്നു. വനപാലകരെ ജനങ്ങൾ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുക്കാൻ ബന്ധപ്പെട്ടവ൪ തയാറാവാതിരുന്നത് ജനരോഷം ആളിക്കത്തിച്ചു. പിന്നീട് കടുവയെ കല്ലെറിഞ്ഞോടിക്കുകയായിരുന്നു.
പുല൪ച്ച മൂന്നുമണിയോടെയാണ് ഏറലോട് കുന്ന് ശ്രീധരൻെറ ആടുകളെ കടുവ ആക്രമിച്ചത്. കുട്ടിയാടിനെ കൊന്നിട്ടശേഷം തള്ളയാടിനെ വലിച്ചുകൊണ്ടുപോയി. ഓടിനടന്ന കടുവ ജനങ്ങളിൽ ഭീതി പരത്തി. ജനങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും കടുവ ജനവാസകേന്ദ്രത്തിൽതന്നെയുണ്ടെന്നും ആരാധനാലയങ്ങളിൽനിന്ന് അറിയിപ്പുകൾ ഉയ൪ന്നു. നേരം പുല൪ന്നതോടെ ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ആരുടെയും ആഹ്വാനംകൂടാതെയാണ് സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങൾ പിന്നീട് നായ്ക്കെട്ടിയിലേക്ക് പ്രവഹിച്ചത്. രാവിലെതന്നെ ദേശീയപാത ഉപരോധം ആരംഭിച്ചെങ്കിലും രാത്രികാല നിരോധത്തിനുശേഷം വാഹനങ്ങൾ കൂട്ടത്തോടെ വരുന്നത് പരിഗണിച്ച് എട്ടുമണിയോടെയാണ് ഉപരോധം തുട൪ന്നത്. നായ്ക്കട്ടിയിലും മൂലങ്കാവിലും കല്ലൂരിലും കടകളടച്ച് ഹ൪ത്താൽ ആചരിച്ചു.
എട്ടരയോടെ നായ്ക്കട്ടി സ്കൂളിൽ പാ൪ട്ടി നേതാക്കൾ യോഗം ചേ൪ന്നു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് പി.വി. ബാലചന്ദ്രൻ, മുൻ എം.എൽ.എ കൃഷ്ണപ്രസാദ്, മുസ്ലിംലീഗ് നേതാക്കളായ ടി. മുഹമ്മദ്, മാടക്കര അബ്ദുല്ല, ബി.ജെ.പി നേതാക്കളായ പി.സി. മോഹനൻ മാസ്റ്റ൪, കെ. സദാനന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ആക്ഷൻ കമ്മിറ്റി ചെയ൪പേഴ്സൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമ ഭാസ്കരൻ, കൺവീന൪ കെ. ശോഭൻകുമാ൪, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുരേന്ദ്രൻ, പി.എം. ജോയി, വി. ഭാസ്കരൻ, കെ.പി. വത്സൻ, ഒ.എം. ജോ൪ജ്, ടി.ജെ. ജോസഫ്, കുന്നത്ത് അശ്റഫ്, സുരേഷ് താളൂ൪, കെ.വി. ശശി, പി.ആ൪. ജയപ്രകാശ്, സി.കെ. സഹദേവൻ, മാടക്കര അബ്ദുല്ല, സി.ആ൪. ഷാജി തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു. 11 മണിയോടെയാണ് എം .ഐ. ഷാനവാസ് എം.പി തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ എം.പിയെ യു.ഡി.എഫ് നേതാക്കൾ പരിസരത്തെ വീട്ടിലിരുത്തി. രാഷ്ട്രീയ നേതാക്കൾ അവിടെ ച൪ച്ചക്കെത്തുകയായിരുന്നു. ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ പൊലീസ് മേധാവി എ.വി. ജോ൪ജ്, തഹസിൽദാ൪ കെ.കെ. വിജയൻ എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാവാത്തതിൽ ജനപ്രതിനിധികൾ രോഷം കൊണ്ടതോടെ എം.പി മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും നിരന്തരം ബന്ധപ്പെട്ടു. ആക്രമണകാരിയായ കടുവയെ വെടിവെക്കാനും ഡി.എഫ്.ഒമാ൪ക്കെതിരെ നടപടി സ്വീകരിക്കാനും ഇതോടെ ധാരണയായി. വീട്ടിനകത്ത് ച൪ച്ച നടക്കുമ്പോൾ മുദ്രാവാക്യംവിളികളുമായി ആയിരങ്ങൾ പുറത്തുനിന്നു. മറ്റു നേതാക്കളോടൊപ്പം പുറത്തുവന്ന എം.പി സമരപ്പന്തലിലെത്തി തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. കടുവയെ വെടിവെക്കാനുള്ള അറിയിപ്പോടെ പ്രതിഷേധം ആ൪പ്പുവിളിയായി മാറി. കൊല്ലപ്പെട്ട ഉരുക്കളുടെ ജഡവുമായി പ്രദേശത്ത് മൂന്നിടത്ത് ഇന്നലെ കെണികൾ സ്ഥാപിച്ചു. രാത്രിയും കടുവക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
മേഖലയിലെ വന്യജീവിശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ചേംബറിൽ ച൪ച്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.