പാലക്കാട് സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ കുളത്തില്‍ മുങ്ങിമരിച്ചു
text_fieldsചിറ്റൂര്‍ (പാലക്കാട്): മേനോന്‍പാറയില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ അയല്‍ക്കാരായ നാലുപേര്‍ കുളത്തില്‍ മുങ്ങിമരിച്ചു. മേനോന്‍പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം നാഗരാജ്-വസന്തകുമാരി ദമ്പതികളുടെ മക്കളായ പവിത്ര (17), സുമിത്ര (13), അയല്‍വാസികളായ നടരാജന്‍-പാര്‍വതി ദമ്പതികളുടെ മകന്‍ കാര്‍ത്തിക് (23), ദണ്ഡപാണി-രാധിക ദമ്പതികളുടെ മകള്‍ ധരണ്യ (20) എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്. കാര്‍ത്തികിന്‍െറ ചെറിയച്ഛന്‍െറ മകളാണ് ധരണ്യ. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ ദുരന്തം. രാവിലെ 11ഓടെയാണ് പവിത്ര, സുമിത്ര, ധരണ്യ എന്നിവര്‍ വീട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുളത്തില്‍ തുണി അലക്കാനും കാര്‍ത്തിക് കുളിക്കാനുമായി പോയത്. ഏറെ സമയം കഴിഞ്ഞിട്ടും അലക്കാന്‍ പോയ മകളെ കാണാതായതോടെ മാതാവ് വസന്തകുമാരി തിരക്കി വന്നപ്പോഴാണ് കുളക്കരയില്‍ തുണി കണ്ടത്. വസന്തകുമാരി ബഹളംവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി. കഞ്ചിക്കോട്ടുനിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നാലുപേരുടെയും മൃതദേഹം കണ്ടത്തെിയത്. നീന്തല്‍ അറിയാത്ത കാര്‍ത്തിക് കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാവാം മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്.
കാര്‍ത്തിക് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനാണ്. പവിത്ര കോഴിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനിയും സുമിത്ര ഇതേ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയുമാണ്. ധരണ്യ ബി.കോം കഴിഞ്ഞ് തുടര്‍ പഠനത്തിനായി കാത്തിരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.