കണ്ടില്ലേ ഷ്ടാ.. പൊടിപ്പന്‍ നിലയമിട്ട്
text_fieldsപണ്ട് ചേലപ്പാടന്‍ അന്തോണി റപ്പായിയുടെ ഉശിരന്‍ നിലയമിട്ട് വാനില്‍ എട്ടും പത്തുമായി പൊട്ടുമ്പോള്‍ തിരുവമ്പാടി പൂരമൊരുക്ക് സംഘത്തിലെ ഒരു അനുഭാവി സ്വരാജ് റൗണ്ടിന്‍െറ പടിഞ്ഞാറ് ഭാഗത്തുനിന്ന് ‘എങ്ങനുണ്ട് ന്‍െറ പണി’ എന്ന മട്ടില്‍ ഞെളിയുക പതിവാണ്. തൃശൂര്‍ പൂരത്തിന്‍െറ പ്രധാന പങ്കാളികളില്‍പെടുന്ന തിരുവമ്പാടിക്കുവേണ്ടി വര്‍ഷങ്ങളോളം വെടിക്കെട്ട് ഒരുക്കിയ ചേലപ്പാടനുമായി ഒരു ബന്ധവും ഇല്ലാഞ്ഞിട്ടും ഇഷ്ടന്‍െറ നില്‍പ്പ് കണ്ടാല്‍ വെടിക്കെട്ട് കണ്ടുപിടിച്ചതുതന്നെ പുള്ളിയാണെന്ന് തോന്നും. തനിക്കിഷ്ടപ്പെട്ട വിഭാഗത്തിനായി കനപ്പെട്ടതൊന്നു കൊളുത്തുമ്പോള്‍ തോന്നുന്ന സ്വാഭാവിക പ്രതികരണമായി മാത്രമേ പൂരപ്രേമികള്‍ ഇത്തരം വേഷക്കാരെ കണ്ടിട്ടുള്ളൂ.
തെരഞ്ഞെടുപ്പ് മഹാമഹം കൊട്ടികലാശത്തിലേക്ക് കടക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഉണ്ടെന്നും ഇല്ളെന്നും പറയുന്ന ചില കക്ഷികളുടെ മട്ടുകണ്ടാല്‍ മുന്നണി കെട്ടിപടുത്തത് അവരാണെന്ന് തോന്നും. മത്സരിക്കാന്‍ മരുന്നിനൊരു വാര്‍ഡ് പോലും നല്‍കാതെ ഇത്തരം കക്ഷികളെ മതിയാംവിധത്തിലൊന്ന് പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാതെ കൂട്ടിക്കെട്ടി തങ്ങളോടൊപ്പം ചവിട്ടിപ്പിടിച്ച് കൊണ്ടുപോകുന്നതിനുള്ള സി.പി.എമ്മിന്‍െറ മെയ്വഴക്കവും സിദ്ധിവിശേഷവും നയതന്ത്ര വിശാരദന്മാരായ മേനോന്മാരുടെ ഒറ്റപ്പാലത്തുനിന്ന് പഠിച്ചതാണെന്നുവേണം കരുതാന്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ എം.വി. രാഘവന്‍ നെന്മാറയില്‍ മത്സരിച്ചത് യു.ഡി.എഫ് ചേരിയില്‍ നിന്നാണെങ്കിലും അദ്ദേഹത്തിന്‍െറ പഴയ പാര്‍ട്ടിക്കാരില്‍ നല്ളൊരു വിഭാഗം ഇപ്പോള്‍ സി.പി.എമ്മിനോടൊപ്പമാണ്. സി.എം.പി എന്ന പേരില്‍ തന്നെ ഇടതുചേരിയെ സമ്പുഷ്ടമാക്കാന്‍ പെടാപാടുപെടുന്ന ആ പാര്‍ട്ടിയിലെ പാവങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് എടുത്ത തീരുമാനമറിഞ്ഞപ്പോള്‍ ചേലപ്പാടന്‍ സിദ്ധിയുടെ ക്രെഡിറ്റവകാശപ്പെട്ടിരുന്ന പൂരപ്രേമിയുടെ മോന്തായമാണ് പലരുടേയും മനസ്സിലുദിച്ചത്.
പാലക്കാട് നഗരസഭയില്‍ ഒരു സീറ്റെങ്കിലും സി.പി.എം നല്‍കുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ നിലനിര്‍ത്തുകയും ഒടുവില്‍ പതിവുപോലെ നിരാശപ്പെടുകയും ചെയ്തെങ്കിലും ഇടതുപക്ഷ വിജയത്തിനുവേണ്ടി സ്വന്തം നിലയില്‍ ‘പ്രവര്‍ത്തിക്കാനാണ്’ യോഗം തീരുമാനിച്ചത്.
ജില്ലയില്‍ ഇടതുകാര്‍ തങ്ങളെ മാന്യമായി പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്തില്ളെന്ന വിലയിരുത്തലും ഒപ്പമുണ്ടായി. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളുടെ പേരുകള്‍ അക്കമിട്ടെഴുതിയ കുറിപ്പ് സി.പി.എം ജില്ലാ സെക്രട്ടറി സമക്ഷം സമര്‍പ്പിച്ചെന്ന വെളിപ്പെടുത്തലും പ്രസ്തുത യോഗത്തിലുണ്ടായി. തങ്ങള്‍ക്കൊപ്പം ജെ.എസ്.എസ് എന്ന ജനകീയ പാര്‍ട്ടിയുടെ വറ്റാതെയൊഴുകുന്ന കണ്ണുനീരും സി.എം.പി കാണുന്നുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും ജില്ലയില്‍ സി.എം.പി ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനോടൊപ്പം തന്നെ നിലകൊള്ളും. സി.പി.എം ചേരിയുടെ ഉയര്‍ച്ച മാത്രമാണ് സി.എം.പിയുടെ ഒരേയൊരു ലക്ഷ്യം. സീറ്റ് തന്നില്ളെങ്കിലും കുഴപ്പമില്ല.
പിരടിക്കൊന്നുതന്നാല്‍ കുഴപ്പമുണ്ടോ എന്ന കാര്യം ഒരാളും വിശദീകരിച്ചിട്ടുമില്ല. സി.പി.എമ്മിനെ വിജയിപ്പിക്കാന്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനും അതിനായി പ്രത്യേക ഓഫിസ് തന്നെ ആരംഭിക്കാനും സി.എം.പി തീരുമാനിച്ചതിലൂടെ ദണ്ഡിയാത്ര നടത്തിയ മഹാത്മാവിന്‍െറ ത്യാഗത്തെപോലും കവച്ചുവെച്ചോ എന്നേ നിരൂപിക്കേണ്ടതുള്ളൂ. സി.പി.എം ജയിക്കുന്നിടങ്ങളിലെ ക്രെഡിറ്റെങ്കിലും എം.വി.ആര്‍ ശിഷ്യര്‍ക്ക് ലഭ്യമാക്കാന്‍ ഫോര്‍വേഡ് ബ്ളോക്, ഐ.എന്‍.എല്‍, ബാലകൃഷ്ണപിള്ള, പി.സി. ജോര്‍ജ് തുടങ്ങി അകത്തും പുറത്തുമായി നില്‍ക്കുന്ന വന്‍ ശക്തികളുടെ ഇടപെടലും ശിപാര്‍ശയും അനിവാര്യം. അവരൊക്കെ ചേര്‍ന്നാല്‍ സി.പി.എം ഒന്നമരുമെന്ന് ധരിക്കാം. ഇനി അമര്‍ന്നില്ളെങ്കിലും പാലക്കാട് ജില്ലയില്‍ സി.എം.പി ഒന്നിച്ചൊരു മനസ്സായി കോളജ് റോഡിലെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തിലുള്ളവരെ പിന്തുണക്കുകതന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.