ജനുവരിയോടെ കൊല്ലം തുറമുഖത്തുനിന്ന് കണ്ടെയ്നര്‍ നീക്കം
text_fieldsകൊല്ലം: ജനുവരിയോടെ കൊല്ലം തുറമുഖത്തുനിന്ന് കണ്ടെയ്ന൪ കപ്പലുകളിൽ ചരക്കുനീക്കം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോ൪ട്ട് ഓഫിസ൪ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ 150 കണ്ടെയ്ന൪ കയറ്റാവുന്ന കപ്പലുകളാണ് കൊല്ലം തുറമുഖത്ത് എത്തുന്നത്. കൊച്ചി, തൂത്തുക്കുടി ഉൾപ്പെടെയുള്ള തുറമുഖങ്ങളിലെത്തുന്ന കണ്ടെയ്നറുകൾ പോ൪ട്ട്കപ്പലുകൾ വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്.
കൊല്ലം തുറമുഖംവഴി കശുവണ്ടി കയറ്റുമതിയും ഇറക്കുമതിയും നടത്തുന്നത് സംബന്ധിച്ച് കാഷ്യു പ്രമോഷൻ കൗൺസിൽ ഭാരവാഹികളുമായി ച൪ച്ച നടത്തി. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി വ൪ഷം 2500 കണ്ടെയ്ന൪ കശുവണ്ടിയാണ് ഇറക്കുമതിചെയ്യുന്നത്. കൂടാതെ വ൪ഷം 1200 കണ്ടെയ്ന൪ കശുവണ്ടി കയറ്റുമതിചെയ്യുന്നു. തുറമുഖങ്ങളിൽനിന്ന് ഇവ റോഡ് മാ൪ഗമാണ് ജില്ലയിലെ വിവിധ ഫാക്ടറികളിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഗതാഗതക്കുരുക്കില്ലാതെ ഇന്ധനച്ചെലവും കുറച്ച് ഇതുകൊണ്ട് പോകാൻ ഉചിതം കടൽ മാ൪ഗമാണ്. തുറമുഖത്ത് കസ്റ്റംസ് ക്ളിയറൻസിന് സൗകര്യം ഒരുക്കണമെന്നതാണ് വ്യവസായികളുടെ ആവശ്യം. അതിനുള്ള നടപടികൾ ആരംഭിച്ചു.
തുറമുഖത്തോടുചേ൪ന്ന് സിമൻറ് ടെ൪മിനലിൻെറ നി൪മാണം ഡിസംബറിൽ ആരംഭിക്കും. 2014 ജനുവരിയിൽ കമീഷൻ ചെയ്യുകയാണ് ലക്ഷ്യം. സൗരാഷ്ട്ര സിമൻറ് കമ്പനി അധികൃത൪ ഡിസംബറിൽ തന്നെ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിച്ചേക്കും. ആ പ്ളാൻറ് പ്രവ൪ത്തനം ആരംഭിച്ചാൽ പ്രതിമാസം മൂന്നോ നാലോ കപ്പലുകളിലായി 24000 ടൺ സിമൻറ് ഇവിടെയെത്തും.അതിനെ പാക്കിങ് ചെയ്തായിരിക്കും തുറമുഖത്തിന് പുറത്തേക്ക് പോവുക. എല്ലാത്തരത്തിലുമുള്ള സുരക്ഷിതത്വവും പാലിക്കുന്നതിനാൽ സിമൻറ് ടെ൪മിനലിന് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ അനുമതിക്ക് തടസ്സങ്ങൾ ഇല്ലെന്നും പോ൪ട്ട് ഓഫിസ൪ പറഞ്ഞു.
നൂറ് ടൺ ശേഷിയുള്ള കണ്ടെയ്ന൪ ക്രെയിൻ 2013 ജനുവരി പകുതിയോടെ തുറമുഖത്ത് എത്തും. ജ൪മൻ നി൪മിത ലിബ൪ ക്രെയിനിന് ഓ൪ഡ൪ നൽകി. നിലവിൽ തുറമുഖത്ത് 40 ടൺ കണ്ടെയ്നറുകൾ കൈകാര്യംചെയ്യാൻ ശേഷിയുള്ള ഫോ൪ക് ലിഫ്റ്റുണ്ട്. 24000 ടൺ സംഭരണ ശേഷിയുള്ള ഗോഡൗൺ നി൪മാണത്തിന് മുന്നോടിയായി ലാൻഡ് മാ൪ക്കിങ് അടുത്ത ദിവസങ്ങളിൽ നടക്കും.
തുറമുഖത്തിൻെറ ആഴം ഏഴിൽനിന്ന് ഒമ്പത് മീറ്ററാക്കുന്ന പ്രവ൪ത്തനം ഡിസംബറിൽ ആരംഭിക്കും. ഓഷൻ സ്പാ൪ക്ളിങ് എന്ന കമ്പനിയാണ് ഡ്രഡ്ജിങ് നടത്തുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ മാ൪ച്ചോടെ ഡ്രഡ്ജിങ് പൂ൪ത്തിയാക്കും.
ഗതാഗത തടസ്സവും അപകടങ്ങളും ഒഴിവാക്കാനായി പാചക വാതകം കപ്പൽ മാ൪ഗം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഇതുസംബന്ധിച്ച് രാജ്യത്തെ പ്രമുഖ എൽ.പി.ജി ട്രാൻസ്പോ൪ട്ടിങ് കാ൪ഗോ ഏജൻസിയായ വരുൺ ഷിപ്പിങ് കമ്പനിയുമായി പ്രാഥമിക ച൪ച്ച ആരംഭിച്ചു.
വിശാഖപട്ടണത്തുനിന്ന് മണലുമായി ഡിസംബറിൽ കപ്പൽ എത്തും. തുറമുഖത്ത് പാസഞ്ച൪ ടെ൪മിനൽ ആരംഭിക്കാനുള്ള നി൪ദേശവുമുണ്ട്. മാലിയിലേക്കും ലക്ഷദ്വീപിലേക്കും കൊല്ലത്തുനിന്ന് യാത്രാകപ്പലുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.