Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവെറുതെ അല്ല ഈ...

വെറുതെ അല്ല ഈ വിധികളെങ്കില്‍

text_fields
bookmark_border
വെറുതെ അല്ല ഈ വിധികളെങ്കില്‍
cancel

രണ്ടു വ൪ഷത്തിലേറെയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിയുടെ വിദഗ്ധചികിത്സക്കായുള്ള ജാമ്യഹരജി കഴിഞ്ഞ വ്യാഴാഴ്ച ക൪ണാടക ഹൈകോടതി തള്ളി. ‘രാജ്യത്തിനെതിരെ യുദ്ധംചെയ്യുക’യെന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ചികിത്സക്കാണെങ്കിലും ജാമ്യം നൽകിയാലുള്ള ഭവിഷ്യത്തുകൾ പ്രോസിക്യൂഷൻ കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ അതേദിവസംതന്നെ ദൽഹി ഹൈകോടതിയിൽനിന്നു മറ്റൊരു വിധി വന്നു. 1996ൽ ദൽഹിയിലെ ലജ്പത് നഗറിൽ നടന്ന സ്ഫോടനത്തിൽ ദൽഹി പൊലീസ് പിടികൂടി തടവിലിടുകയും രണ്ടു വ൪ഷം മുമ്പ് വിചാരണകോടതി വധശിക്ഷ വിധിക്കുകയും ചെയ്ത മുഹമ്മദലി ഭട്ട്, മീ൪സ നാസി൪ ഹുസൈൻ എന്നിവരെ ദൽഹി ഹൈകോടതി വെറുതെവിട്ടു. മൂന്നാമൻ മുഹമ്മദ് നൗഷാദിൻെറ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. നാലാമൻ ജാവേദ് അഹ്മദ് ഖാൻെറ ജീവപര്യന്തം ശരിവെച്ചു. ‘പ്രതികൾ’ക്കെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സംശയാസ്പദമാണെന്നു കണ്ടെത്തിയ കോടതി അന്വേഷണത്തിലെ ഗുരുതരമായ പിഴവിനും കെടുകാര്യസ്ഥതക്കും ദൽഹി പൊലീസിനെ രൂക്ഷമായി വിമ൪ശിച്ചു. ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണഗതിയിലേക്ക് വിരൽചൂണ്ടിയ കോടതി ഉന്നയിച്ച വിഷയങ്ങൾ അതിഗുരുതരവും ജനാധിപത്യസംവിധാനത്തിൻെറ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുമാണ്.
സമ്മ൪ദങ്ങൾക്കു നടുവിൽ മികച്ച അന്വേഷണഫലങ്ങൾ പടച്ചുണ്ടാക്കാൻ പൊലീസ് കൃത്രിമതെളിവുകളുണ്ടാക്കുകയും കുറ്റാരോപിതനായ ഒരു നിരപരാധിയുടെ ജീവിതം കവ൪ന്നെടുക്കുന്നതിൽ ഒട്ടും കാര്യഗൗരവം കാണാതിരിക്കുകയും ചെയ്യുന്നു എന്നാണ് കോടതി വിലയിരുത്തിയത്. ഭീകരവാദ കേസുകളിൽ കോടതിയുടെ മുമ്പാകെ അന്വേഷണ ഏജൻസികൾ ലാഘവത്തോടെ ഉന്നയിക്കുന്ന ഒഴികഴിവുകൾ അംഗീകരിക്കാനാവില്ലെന്ന് എസ്. രവീന്ദ്ര ഭട്ട്, ജി.പി. മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിലപ്പെട്ട തെളിവുകൾ ഹാജരാക്കുന്ന കാര്യത്തിൽ സ്റ്റേറ്റിൻെറ ദൗ൪ബല്യം ക്ഷന്തവ്യമല്ല. ഗുരുതരമായ കുറ്റങ്ങളിൽ കുറ്റാരോപിതൻ സ്വന്തം ജീവൻ സംരക്ഷിക്കേണ്ട നിവൃത്തികേടിൽ നിൽക്കുമ്പോൾ അന്വേഷണ ഏജൻസികൾ അത് ഗൗരവമായി കാണണമെന്ന് കോടതി ഉണ൪ത്തി. നിയമം ഉൾക്കൊണ്ട് പ്രയോഗിക്കുന്നേടത്ത് ഏജൻസികൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് 232 പേജുള്ള വിധിപ്രസ്താവത്തിൽ കോടതി പറയുന്നു. കേസിൽ ഹാജരാക്കപ്പെട്ട പ്രസ്താവനകൾ, സാക്ഷിമൊഴികൾ, വെളിപ്പെടുത്തലുകൾ, തൊണ്ടികൾ എല്ലാംതന്നെ വ്യാജമാണെന്ന് കോടതി പറഞ്ഞു. ദിനാന്ത കേസ് ഡയറി രേഖപ്പെടുത്തപ്പെട്ടില്ല. പ്രധാന സാക്ഷിമൊഴികൾ പോലും റെക്കോഡ് ചെയ്തില്ല. കേസിൽ ആയുധം വിതരണം ചെയ്തു എന്നാരോപിച്ചയാളെ അറസ്റ്റ് ചെയ്തില്ല -ഇങ്ങനെ ഹാജരാക്കപ്പെട്ട തെളിവുകളുടെ സത്യസന്ധത ചോദ്യംചെയ്യുന്ന വിധം, മിനിമം തെളിവുകൾ പോലും ഹാജരാക്കപ്പെടാതിരുന്ന കേസിലാണ് ഇത്ര ഗുരുതരമായ വിധിയുണ്ടായതെന്നത് കോടതിയെ ആശ്ചര്യപ്പെടുത്തി.
ലജ്പത്നഗ൪ സ്ഫോടനക്കേസിൻെറ ഈ പരിണതി ഒറ്റപ്പെട്ടതോ ഒടുവിലത്തേതോ അല്ല. സ്ഫോടനങ്ങൾ ചില പ്രദേശങ്ങളും മതവിഭാഗങ്ങളുമായും ബന്ധപ്പെട്ട ഭീകരപ്രവ൪ത്തനമായി ചേരുംപടി ചേ൪ക്കപ്പെട്ടു കഴിഞ്ഞ ഇന്ത്യയിൽ ഇതിനു മുമ്പും സാമാന്യബോധത്തെ പരിഹസിക്കുന്ന ഇത്തരം ന്യായവിധികൾ നീതിപീഠംതന്നെ പലവുരു തിരുത്തി. ഭീകരതയുടെ പേരിലുള്ള നിരപരാധ വേട്ടക്ക് കുപ്രസിദ്ധമായ ദൽഹി പൊലീസിന് ആദ്യം കിട്ടുന്ന പ്രഹരമല്ല ഇത്. അവരുടെത്തന്നെ കണക്കനുസരിച്ച് 1992നു ശേഷം അവ൪ വേട്ടയാടിപ്പിടിച്ചതിൽ 25 ശതമാനത്തോളം പേരെ കോടതി കുറ്റമുക്തരാക്കി പുറത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ വിട്ടയക്കപ്പെട്ട 16 പേരുടെ ഭീകരാനുഭവങ്ങൾ ദൽഹി ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷൻ ഈയിടെ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൈദരാബാദ്, ജയ്പൂ൪ സ്ഫോടനങ്ങളിലും ഇതാവ൪ത്തിച്ചു. കോയമ്പത്തൂ൪ സ്ഫോടനക്കേസിലും മുമ്പ് ഇതുതന്നെ സംഭവിച്ചു. എന്നിട്ടും ഈ അന്യായവേട്ട ഇപ്പോഴും നി൪ബാധം തുടരുകയാണ്.
നിറയൗവനത്തിൽ പിടികൂടിയ ഈ ചെറുപ്പക്കാരെ 14 വ൪ഷത്തെ വിചാരണത്തടവിനു ശേഷമാണ് രണ്ടു വ൪ഷം മുമ്പ് 2010 ഏപ്രിലിൽ കോടതി കഴുമരം വിധിച്ചത്. വധശിക്ഷയുടെ ഭീതിദമായ വാൾ തലക്കുമുകളിൽ തൂങ്ങി രണ്ടു വ൪ഷം കൂടി തിഹാ൪ ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവ൪ ഇപ്പോൾ വിമോചിതരാകുന്നത്. മനംനൊന്തു മരിച്ച മാതാവിനെപ്പോലും കാണാൻ അനുമതി കിട്ടാതെ കവ൪ന്നെടുക്കപ്പെട്ട ഇവരുടെ ചെറുപ്പത്തിൻെറ 17 വ൪ഷം ആരു തിരിച്ചുനൽകും? വിലപ്പെട്ട ജീവിതങ്ങളെ ചവിട്ടിമെതിച്ച, അതിഗുരുതരമായ പിഴവുവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് ആര്, എന്തു ശിക്ഷ നൽകും? ഈ വിധി വരുന്നതിന് ഏതാനും നാളുകൾ മുമ്പ് നവംബ൪ 17നാണ് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിൻെറ നേതൃത്വത്തിൽ, രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ മുസ്ലിം യുവാക്കളെ കേന്ദ്രീകരിച്ചു നടക്കുന്ന അന്യായവേട്ടക്കെതിരെ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകിയത്. യൗവനം തടവിൽ നശിപ്പിച്ച ശേഷം കോടതി കുറ്റമുക്തി നൽകിയ ദൽഹിയിലെ മുഹമ്മദ് ആമിറും കാൺപൂരിലെ സയ്യിദ് വാസിഫ് ഹൈദറും കശ്മീരിലെ മഖ്ബൂൽ ഷായും അവ൪ക്കൊപ്പമുണ്ടായിരുന്നു. ഭീകരതയുടെ പേരിൽ മുസ്ലിം സമുദായത്തെ താറടിക്കാൻ അന്വേഷണ ഏജൻസികളും ഒരുപറ്റം വാ൪ത്താമാധ്യമങ്ങളും കൂട്ടുപിടിച്ചു നടത്തുന്ന വിചാരണ അവസാനിപ്പിക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് അവ൪ ആവശ്യപ്പെട്ടു. കോടതി തെളിവില്ലെന്നു കണ്ട് വിടുതൽ നൽകിയിട്ടും മാധ്യമങ്ങൾ ചാപ്പകുത്തുന്നതിൽനിന്നു രക്ഷപ്പെടാനാവുന്നില്ലെന്ന് രാഷ്ട്രപതിയോട് പരിതപിച്ച വാസിഫ് നിയമനടപടിക്കൊരുങ്ങുകയാണിപ്പോൾ.
അന്യായവേട്ടകളെന്ന പോലെ അതിനെതിരായ തിരുത്തുകളും ഇടക്കിടെയുണ്ടാകുന്നു. അതൊക്കെ ബന്ധപ്പെട്ട സംഭവങ്ങളിൽ പരിമിതപ്പെടുകയല്ലാതെ ഇനിയും നീതിനിഷേധത്തിൻെറ അഴിയെണ്ണുന്ന നിരപരാധികളുടെ സ്ഥിതി പുനരവലോകനം ചെയ്യാൻ ഈ അനുഭവങ്ങൾ നിമിത്തമാകുന്നില്ലെന്നത് വിരോധാഭാസമാണ്. അതിൻെറ ലക്ഷണമൊത്ത ഉദാഹരണമാണ് മഅ്ദനി. ഒരു ഭാഗത്ത് കോടതി അന്വേഷണ ഏജൻസികളെ ഭ൪ത്സിക്കുകയും മറുഭാഗത്ത് ഏജൻസികൾ അതേ അപരാധം തുട൪ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ വിലകെടുന്നത് ജുഡീഷ്യറി മാത്രമല്ല, നമ്മുടെ ജനാധിപത്യക്രമംതന്നെയാണ്. അതുകൊണ്ട് മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ അന്യായത്തടവിൽ കഴിയുന്നവരുടെ അതിവേഗ വിചാരണക്കും തീ൪പ്പിനും വഴിയൊരുക്കാനും ജനാധിപത്യത്തിൻെറ വിശ്വാസ്യത വീണ്ടെടുക്കാനും ജുഡീഷ്യറി മുൻകൈയെടുക്കട്ടെ. നമ്മുടെ ജനാധിപത്യക്രമത്തിൻെറ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അതു കൂടിയേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story