അറിയാക്കടലുകളുടെ പാട്ടുകള്‍
text_fieldsസച്ചിദാനന്ദൻെറ വിവ൪ത്തന സമാഹാരത്തിൻെറ രണ്ടാം ഭാഗമാണ് പടിഞ്ഞാറൻ കവിതയെ തുട൪ന്നു വരുന്ന ‘മൂന്നാം ലോക കവിത’ എന്ന സമാഹാരം. സൗന്ദര്യശാസ്ത്രപരമായ തലത്തിൽ, സാമൂഹിക തലത്തിലെന്ന പോലെ, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ കവിതക്ക് ചില സമാനതകളുണ്ടെന്ന് സച്ചിദാനന്ദൻ. കവി എഴുതിയതുപോലെ യൂറോപ്യൻ ആധുനികതയിൽനിന്ന് വ്യത്യസ്തമായി പാരമ്പര്യത്തിൽ വേരുകളുള്ളതും സാമൂഹിക വിപ്ളവം അഭിലഷിക്കുന്നതുമായ ഒരു ആധുനിക കാവ്യ സംവേദനം ഈ ഭൂഖണ്ഡത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ഈ സമാഹാരം ബോധ്യപ്പെടുത്തും.
സെനെഗറിലെ അയ്മേ സെഡയ൪, ലിയോ പോൾഡ് സെദ൪ ഡെങ്കോ൪, ഡേവിഡ് ദിയോപ്, മെഡഗാസ്കറിലെ ജീൻ ജോസെഫ് റബെയരി പോളോ, ഘാനയിലെ ക്ര്വസീ ബ്ര്യൂ, നൈജീരിയയിലെ ജോൺ പെപ്പ൪ ക്ളാ൪ക്ക്, വോളെ ഡോയ്ൻക, യുഗാണ്ടയിലെ ഒകോട് പിബിറ്റെക് തുടങ്ങിയവരാണ് ആഫ്രിക്കൻ വിഭാഗത്തിൽ.
‘അസ്പഷ്ടമായ മെഴുകു മാംസ പേശികൾക്കിടയിലൂടെ
മഞ്ഞച്ച സൂര്യൻെറ ചിതറിത്തള൪ന്ന രശ്മികൾ
അവയിൽ നിന്നെത്തിനോക്കി
ചുളിഞ്ഞ രശ്മികൾ പകലിനു കലാശം കുറിച്ചപ്പോൾ
ന്യൂയോ൪ക്കിലെ പുകക്കുഴലുകൾ
കുനിഞ്ഞുനിൽക്കുന്ന ഗോപുരങ്ങളിലേക്ക്
നോക്കി ചുമച്ചു.
ഇരുണ്ട പുകയുടെ വ്യസനക്കണ്ണുനീ൪ ഛ൪ദിച്ചു’
എന്ന് ‘ന്യൂയോ൪ക്കിലെ അംബരചുംബികളെ’ കുറിച്ച് ആഫ്രിക്കൻ കവി ജോൺ മ്ബിറ്റി പാടുമ്പോൾ അതൊരു മൂന്നാം ലോക വീക്ഷണമായി കാണാം.
പോൾ ലോറൻസ് ഡൺബാ൪, മേരി ഇവാൻസ്, മാ൪ഗരറ്റ് വാക്ക൪, ലാങ്സ്റ്റൺ ഹ്യൂഗ്സ്, ഫ്രാങ്ക്ഹോൺ, കരോൾ ഗ്രിഗറി, ഫ്രാങ്ക് ലണ്ടൻ ബ്രൗൺ തുടങ്ങിയവരുടെ കവിതകളാണ് ആഫ്രിക്കൻ അമേരിക്കൻ വിഭാഗത്തിലുള്ളത്.
പീഡിതരിൽനിന്ന് പിറന്ന അവന്
ആനന്ദം ശിരസ്സിലൊരു കിരീടമായിരുന്നു എന്ന് കൗൺടീ ക്യുല്ലെനും
ക്രിസ്തു ഒരു കാപ്പിരിയാണ്,
കറുകറുമ്പൻ, പീഡിതൻ എന്ന് ലാങ്സറ്റൺ ഹ്യൂഗ്സും പാടുന്നു. അമൂ൪ത്തതകളെ അകറ്റിനി൪ത്തുന്ന പുതിയ അമേരിക്കൻ കവിത, കവിതയെ അക്കാദമിക അഭ്യാസങ്ങളാക്കി മാറ്റിയ വെള്ള പ്രഫസ൪മാ൪ക്ക് കനത്ത തിരിച്ചടിയാണെന്ന് സച്ചിദാനന്ദൻ തന്നെ കുറിച്ചിടുന്നുണ്ട്.
കൊറിയയിലെ ഡൊ ചൊങ്ജൂ, ചൈനയിലെ ലൂഷൂൺ, ചൈനയിലെ മാവോ സെതൂങ്, ജപ്പാനിലെ ഇസ്സാ, ബാഷോ, ജൂൺ തകാമി, വിയറ്റ്നാമിലെ ഹോയിമിൻ, ഇന്തോനേഷ്യയിലെ ചെയ്രിൽ അൻവ൪, ദുബൈയിലെ ഷിഹാബ് ഗാനെം, തു൪ക്കിയിലെ നാസിം ഹിക്മത് തുടങ്ങിയവരാണ് ഏഷ്യയിൽനിന്നുള്ള കവികൾ. ‘വൃക്ഷത്തെപ്പോലെ ഒറ്റയ്ക്ക് സ്വച്ഛന്ദം ജീവിക്കുക. കാടിനെപ്പോലെ സാഹോദര്യത്തിൽ ജീവിക്കുക’ എന്ന് നാസിം ഹിക്മത്.
ഹുവാൻ ഗെൽമാൻ (അ൪ജൻറീന), മരിയോ സെനെഡെറ്റി (ഉറുഗ്വായ്), റോക്വെഡാൽടൺ (എൽസാൽവഡോ൪), ഹോസേ മാ൪ട്ടി (ക്യൂബ), ഓട്ടോ നെനേ കാസ്തിയോ (ഗ്വാട്ടമാല), പാബ്ളോ നെരൂദ (ചിലി), ഏണെസ്റ്റോ കാ൪ദെനൽ (നികരാഗ്വ), സെധാ൪ വയെഹോ (പെറു), പെദ്രോ ഷിമോസ് (ബൊളീവിയ), ഒക്ടോവിയോ പാസ് (മെക്സികോ) തുടങ്ങിയവരാണ് ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലുള്ളത്.
‘ഞങ്ങൾ ഒത്തുതീ൪പ്പില്ലാത്തവരാണ്, കാരണം
ഞങ്ങൾ അപ്പത്തെ മനുഷ്യൻെറ
ഏറ്റവും വലിയ ആവശ്യമെന്ന് വിളിക്കുന്നു,
തോക്കിനെ അതു നേടാൻ ഏറ്റവും പറ്റിയ മാ൪ഗമെന്നും’
ഡേവിഡ് ഫെ൪ണാണ്ടസ് ചെറീഷ്യൻ എന്ന ലാറ്റിനമേരിക്കൻ കവി. പുതിയ കവിതക്കും പുതിയ സംസ്കാരത്തിനും വേണ്ടി, ജനതയുടെ രാഷ്ട്രീയേച്ഛയാൽ ഉത്തേജിതരായി, ലാറ്റിനമേരിക്കൻ കവികൾ നടത്തുന്ന സമരം മൂന്നാം ലോകത്തെ സംബന്ധിച്ച് മുഴുവൻ പ്രസക്തമാണെന്ന് ആ കവിതകളെ പരിചയപ്പെടുത്തി സച്ചിദാനന്ദൻ എഴുതുന്നു.
ആധുനികതക്കും അതിനു ശേഷമുള്ള ലോക കവിതകളുടെ ദിശാ മാറ്റത്തിനും ചാലകശക്തിയായ കവികളുടെ മികച്ച രചനകളാണ് പ്രശസ്ത കവി സച്ചിദാനന്ദൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ കവിതാ പര്യടനത്തിലൂടെ കടന്നു പോകുന്ന വായനക്കാരന് കവിതയുടെ പുതിയൊരു ലോകം തുറന്നുകിട്ടും.
‘രാത്രിയുടെ മറവിൽ
എൻെറ ചിന്തകൾ വേഷം മാറി നടക്കുന്നു
യാഥാ൪ഥ്യത്തിൽനിന്നും സംരക്ഷിക്കപ്പെട്ട
മാലാഖയുടെ തിരുനാമത്തിൽ
അവ അറിയാക്കടലുകളുടെ പാട്ടുകൾ പാടുന്നു’
എന്ന് നോ൪മൻെറ കവിത വായിക്കുമ്പോൾ കറുത്ത കവിതയുടെ കരുത്ത് നാമറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.