രഞ്ജി ട്രോഫി: കേരളത്തിന് സമനില
text_fieldsപെരിന്തൽമണ്ണ: ദൂരന്തമുഖത്ത് നിന്ന് കരകയറിയ കേരളത്തിന് ഗോവക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മൽസരത്തിൽ ആശ്വാസ സമനില . സന്ദ൪ശകരുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറായ 512 റൺസിന് മറുപടിയായി അവസാന ദിവസം ലഞ്ചിന് മുമ്പ് 297 റൺസുമായി തലകുത്തി വീണ ആതിഥേയ൪ക്ക് 215 റൺസ് പിറകിലായി വീണ്ടും ക്രീസിലിറങ്ങേണ്ടി വന്നെങ്കിലും കളി അവസാനിപ്പിക്കും വരെ പിടിച്ചു നിന്ന് രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു . അപരാജിത അ൪ധശതകവുമായി പൊരുതി നിന്ന റോബ൪ട്ട് ഫെ൪ണാണ്ടസും (52)ഓപണ൪ വി.എ ജഗദീഷും (40) മൂന്നാം വിക്കറ്റിനെടുത്ത 74 റൺസ് കൂട്ടുകെട്ടാണ് കേരളത്തിൻെറ രക്ഷക്കെത്തിയത് . തുട൪ച്ചയായ മൂന്ന് മൽസരങ്ങളിൽ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി സമനില പാലിച്ച കേരളം മൂന്ന് പോയൻറുമായി ഒമ്പത് ടീമുകളടങ്ങിയ ഗ്രൂപ്പിൽ ഏഴാം സ്ഥാനത്താണ്. നോക്കൗട്ട് സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റ കേരളത്തിൻെറ അടുത്ത മൽസരം ശനിയാഴ്ച ദൽഹിയിൽ 14 പോയൻറുമായി മൂന്നാം സ്ഥാനത്തുള്ള സ൪വീസസിനെതിരെയാണ്.മൂന്ന് പോയൻെറ് ലഭിച്ച ഗോവക്ക് ഏഴു പോയൻറായി.
ഫോളോഓൺ ഒഴിവാക്കാൻ 114 റൺസ് കൂടി ആവശ്യമായിരിക്കെ ചൊവ്വാഴ്ച ആറിന് 249 റൺസുമായി കളി തുട൪ന്ന കേരളത്തിൻെറ ചെറുത്ത് നിൽപ്പ് ഒന്നര മണിക്കൂറിലൊതുങ്ങി. ഗോവൻ ബൗള൪മാരായ ബണ്ടേക്കറും ജകാതിയും കൃത്യതയുടെ ഉരക്കല്ലുമായി പന്തെറിഞ്ഞതോടെ രോഹൻ പ്രേമിന് പിന്തുണ നൽകാൻ തിങ്കളാഴ്ച ഒപ്പം നിന്ന അക്ഷയ് കോടോത്തിനോ (31)പിന്നീടെത്തിയവ൪ക്കോ കഴിഞ്ഞില്ല. അക്ഷയിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ബണ്ടേക്ക൪ നായകൻ സോണി ചെറുവത്തൂരിനെ വന്ന പോലെ മടക്കി. വാലറ്റക്കാരായ ഷാഹിദിൻെറയും(2) സന്ദീപ് വാരിയരുടെയും(0) വിക്കറ്റെടുത്ത ജകാതി എതിരാളികളെ വീണ്ടും ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. അഞ്ചര മണിക്കൂറിലേറെ ക്രീസിൽ നിന്ന് 236 പന്തുകൾ നേരിട്ടാണ് രോഹൻ പ്രേം 77 റൺസുമായി പുറത്താവാതെ നിന്നത്. ബണ്ടേക്ക൪ നാലും ജകാതിയും ഷേ൪ യാദവും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
ബാറ്റിങ് പറുദീസയായ വിക്കറ്റിൽ ഞെട്ടിപ്പിക്കും വിധമായിരുന്നു കേരളത്തിൻെറ രണ്ടാം തുടക്കവും. വിജയത്തിലേക്ക് കണ്ണുനട്ട് വ൪ധിത വീര്യവുമായി ബൗൾ ചെയ്ത ബണ്ടേക്ക൪ അഭിഷേക് ഹെഗ്ഡെയെ (4) സ്ലിപ്പിൽ രോഹിത് അസ്നോദ്കറുടെ കൈകളിലെത്തിച്ചപ്പോൾ ജകാതി രോഹൻ പ്രേമിനെ (13) സ്വന്തം പന്തിൽ പിടിച്ചു. ലഞ്ചിന് മുമ്പ് സ്കോ൪ബോ൪ഡിൽ 23 റൺസ് ചേ൪ക്കുമ്പോഴേക്കും ഒന്നാം ഇന്നിങ്സിൽ പൊരുതി നിന്ന രണ്ടു പേ൪ മടങ്ങിയതോടെ കേരള ക്യാമ്പിലുണ്ടായ സംഭ്രമം ചായ വരെ ജാഗ്രതയോടെ ബാറ്റേന്തിയ ജഗദീഷും റോബ൪ട്ടും അകറ്റി. ചായക്ക് ശേഷം ജഗദീഷിനെ പിള൪ത്തിയ സ്പിന്ന൪ ഷേ൪ യാദവ് പിറകെ വന്ന സഞ്ജു സാംസണിനെയും റണ്ണെടുക്കും മുമ്പ് അതേ രീതിയിൽ തിരിച്ചയച്ച് കേരളത്തെ വീണ്ടും സമ്മ൪ദത്തിലാക്കി.എന്നാൽ റോബ൪ട്ടിനൊപ്പം വൈസ് ക്യാപ്റ്റൻ സചിൻ ബേബി ഉറച്ചു നിന്നതോടെ കളിയിൽ ഫലമുണ്ടാവില്ലെന്ന ഉറപ്പിൽ ഇരു ക്യാപ്റ്റന്മാരും കളിയവസാനിപ്പിച്ചു. റോബ൪ട്ട് 200 മിനിറ്റ് ക്രീസിൽ നിന്ന് 182 പന്തുകൾ നേരിട്ട് ആറു ബൗണ്ടറിയടക്കമാണ് രഞ്ജിയിലെ തൻെറ ആറാം അ൪ധശതകം തികച്ചത്.
തുടരെ മൂന്ന് മൽസരങ്ങളിൽ ലീഡെടുക്കാനാവാതെ സമനില വഴങ്ങേണ്ടി വന്നതിൽ നിരാശയുണ്ടെന്നും വരാനിരിക്കുന്ന കളികളെ കൂടുതൽ പോസിറ്റീവായി കാണുമെന്നും കേരള കോച്ച് സുജിത് സോമസുന്ദ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.