അപ്പത്തിന്‍െറയും അരവണയുടെയും ഗുണവും ശുചിത്വവും ഉറപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഗുണവും ശുചിത്വവും ഉറപ്പാക്കി ശബരിമലയിലെ അപ്പം, അരവണ നി൪മാണം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഹൈകോടതി. സുരക്ഷിതമായി ശേഖരിക്കാൻ സൗകര്യമുള്ളതിന് ആനുപാതികമായി മാത്രമേ ഉൽപ്പാദനം പാടുള്ളൂ. ആദ്യം നി൪മിക്കുന്നവ ആദ്യം വിറ്റഴിക്കുന്ന രീതി നടപ്പാക്കണം.
ശബരിമലയിൽ പൂപ്പൽ ബാധയേറ്റ അപ്പം വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ നി൪ദേശം.
യന്ത്രങ്ങളും മറ്റും നി൪ത്തിവെക്കാതെ തുട൪ച്ചയായി ഉൽപ്പാദനം നടത്തുന്ന രീതി അവസാനിപ്പിക്കണം. തറയും ഉപകരണങ്ങളും ഇടക്കിടെ വൃത്തിയാക്കണം. ജീവനക്കാ൪ക്ക് ഗ്ളൗസ് ഉൾപ്പെടെ സംവിധാനങ്ങൾ ഏ൪പ്പെടുത്തി ശുചിത്വം ഉറപ്പാക്കണം. നി൪മാണത്തിന് കൂടുതലായി യന്ത്രങ്ങളുടെ സഹായം തേടണം. തുറസ്സായ സ്ഥലത്ത് അപ്പം സൂക്ഷിക്കാൻ അനുവദിക്കരുത്. അപ്പം, അരവണ നി൪മാണത്തിൻെറ രജിസ്റ്റ൪ ഭക്ഷ്യസുരക്ഷാ കമീഷണ൪ക്ക് പരിശോധനക്ക് ലഭ്യമാക്കണം. പ്ളാൻറുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് അപാകതയുണ്ടെങ്കിൽ ദേവസ്വം ബോ൪ഡ്, അപ്പം സ്പെഷൽ ഓഫിസ൪, കരാറുകാ൪ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തണം. അപ്പം സ്പെഷൽ ഓഫിസ൪ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രം മേൽനോട്ടം വഹിക്കണം.
നാലു മണിക്കൂ൪ ഇടവിട്ട് ഉദ്യോഗസ്ഥ൪ പരിശോധന നടത്തണം. പ്ളാൻറിലെ ഫ൪ണസിൻെറ ഘടന മാറ്റുന്നത് ആലോചിക്കണം. അപ്പം, അരവണ നി൪മാണത്തിനുള്ള പരമ്പരാഗത രീതിയിൽ കോടതി അനുവദിക്കാതെ മാറ്റം വരുത്തരുത്. പ്രസാദത്തിൻെറ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന തരത്തിലാണെന്ന് ഉറപ്പാക്കണമെന്നും കോടതി നി൪ദേശിച്ചു.
പൂപ്പൽ ബാധയേറ്റ അപ്പത്തിൽ ആരോഗ്യത്തിന് ഹാനികരമായ പദാ൪ഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യഗുണ നിലവാര മേൽനോട്ട ലാബിലെ പരിശോധന റിപ്പോ൪ട്ട് വിലയിരുത്തിയ കോടതി വ്യക്തമാക്കി. ഉയ൪ന്ന തോതിൽ ഈസ്റ്റിൻെറ സാന്നിധ്യം കണ്ടെത്തിയതിനെത്തുട൪ന്നാണ് ഭക്ഷ്യയോഗ്യമല്ലെന്ന് ലാബ് പരിശോധനാ റിപ്പോ൪ട്ടിൽ പറഞ്ഞിട്ടുള്ളത്. നി൪ദേശിക്കപ്പെട്ട അളവിൽ മാത്രം വസ്തുക്കൾ ഉൾപ്പെടുത്തിയാണ് അപ്പം നി൪മിച്ചിട്ടുള്ളത്. പൂപ്പൽ ബാധിച്ച അപ്പം നശിപ്പിച്ച ബോ൪ഡിൻെറ നടപടിയിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. പൂപ്പൽ ബാധയേറ്റ അപ്പവിതരണം സംബന്ധിച്ച് മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാ൪ത്തകൾ നൽകുന്നത് തടയണമെന്ന ദേവസ്വം ബോ൪ഡിൻെറ ആവശ്യം കോടതി തള്ളി. മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്തം നി൪വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവരാണ് വിവരം പുറത്തുകൊണ്ടുവന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം നിരസിച്ചത്.
ചീഫ് സെക്രട്ടറിയായി വിരമിച്ചിട്ടും ശബരിമല ചീഫ് കമീഷണറായി സേവനം നീട്ടി നൽകിയ കെ. ജയകുമാ൪ പുതിയ ബോ൪ഡ് നിലവിൽ വന്നശേഷം വേണ്ടത്ര ഉണ൪ന്നുപ്രവ൪ത്തിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മണ്ഡല-മകര വിളക്ക് കാലം പൂ൪ത്തിയാകുംവരെ ദേവസ്വം ബോ൪ഡിൻെറ അധികാരം ഉണ്ടായിട്ടും അതിനനുസരിച്ച പ്രവ൪ത്തനം അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പുതിയ ബോ൪ഡ് നിലവിൽ വരുന്നതുവരെ കാലയളവിലെ ഏകോപനമില്ലായ്മയാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. എങ്കിലും മണ്ഡല -മകരവിളക്ക് ഉത്സവം നടത്തിപ്പിന് ഉന്നതാധികാര സമിതി ചെയ൪മാനും ചീഫ് കോ ഓഡിനേറ്ററുമായ കെ. ജയകുമാ൪ തന്നെ നേതൃത്വം നൽകണമെന്ന് കോടതി നി൪ദേശിച്ചു. ദേവസ്വം ബോ൪ഡും സ൪ക്കാറിൻെറ വിവിധ വകുപ്പുകളും ആവശ്യമായ സഹായം നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.