മദ്യവില്‍പനക്കാര്‍ ശ്രീനാരായണ ഗുരുവിനെ പോലും കൂട്ടുപിടിക്കുന്നു -പിണറായി
text_fieldsതിരുവനന്തപുരം: മദ്യവിൽപനക്കാ൪ ശ്രീനാരായണ ഗുരുവിനെ പോലും കൂട്ടുപിടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. എസ്.എഫ്.ഐ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘മദ്യാസക്തിക്കെതിരെ മാനവ ജാഗ്രത’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതിനെതിരെയാണോ ശ്രീനാരായണഗുരു ശബ്ദിച്ചത് അത് മറച്ചുപിടിക്കാനാണ് ഇവ൪ പരിശ്രമിക്കുന്നത്. ഗുരുവിൻെറ അനുയായിയെന്ന് അവകാശപ്പെടുന്ന ഒരാൾ -ഗുരുദേവൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് -പൊതുവേദിയിൽ പറഞ്ഞത് വിദേശമദ്യം കഴിക്കരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് വിദേശമദ്യഷാപ്പ് നടത്തുന്നതിൽ കുഴപ്പമില്ലെന്നുമാണ്. അതിവിചിത്രമായ ന്യായവും അദ്ദേഹം അവതരിപ്പിച്ചു. കള്ള് ചെത്തുന്ന വീട്ടിൽ മറ്റുള്ളവ൪ ചെന്ന് കാണിക്കുന്ന കോപ്രായങ്ങൾ കണ്ടിട്ടാണ് കള്ള് ചെത്തുന്നതിനെക്കുറിച്ച് ഗുരു പറഞ്ഞത്. അല്ലാതെ കള്ള് ചെത്തുന്നതിനോ കള്ളിനോ ഗുരു എതിരായിരുന്നില്ല. എത്ര വിചിത്രമായാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്ന് പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരു ഈഴവ വിഭാഗത്തെ കുലത്തൊഴിലിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ചയാളാണ്. ആലുവയിൽ വ്യവസായ സംഗമം വരെ നടത്തിയ നവോഥാന നായകനാണ്. ഒരു പ്രത്യേക സന്ന്യാസ ശ്രേഷ്ഠനാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻെറ ഏറ്റവും വലിയ പ്രത്യേകത വലതുപക്ഷക്കാരിൽ പോലും ഇടതുപക്ഷ സ്വാധീനമുണ്ടെന്നതാണ്. ഇത് തക൪ക്കാനുള്ള ബോധപൂ൪വമായ ശ്രമമാണ് നടത്തുന്നത്. ഇതിനുപിന്നിലുള്ളത് ചെറിയ ശക്തിയല്ല. നമ്മുടെ നാട്ടിലും രാജ്യത്തും മാത്രം ഒതുങ്ങുന്ന ശക്തിയുമല്ല. അതിന് വേണ്ടി അവ൪ വിവിധ മാ൪ഗങ്ങൾ സ്വീകരിക്കുന്നു. അതിലൊന്നാണ് നമ്മുടെ തലമുറയെ പ്രതികരണശേഷിയില്ലാതെ ലഹരിക്ക് അടിപ്പെടുത്തി മയക്കിക്കിടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജിൽ നടന്ന പരിപാടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ഷൈലജ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ്, പ്രസിഡൻറ് ഷിജുഖാൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, സംസ്ഥാന സമിതിയംഗം പി. ബിജു, എസ്.എഫ്്.ഐ സംസ്ഥാന സമിതിയംഗം ചിന്താ ജെറോം എന്നിവരും സംസാരിച്ചു.
മദ്യത്തിൻെറ പേരിൽ സമുദായത്തെ അടച്ചാക്ഷേപിക്കരുത് -വെള്ളാപ്പള്ളി
തിരുവനന്തപുരം: മദ്യത്തിൻെറ പേരിൽ ഒരു സമുദായത്തെ പിണറായി വിജയൻ അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്ന് എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഒരു ചെത്തുകാരൻെറ മകൻ എന്ന നിലയിലാണ് പിണറായി വിജയനെ ഇ.കെ.നായനാ൪ പരിചയപ്പെടുത്തിയത്. പിണറായി വിജയൻ കള്ള് ചെത്തുകാരെക്കുറിച്ച് മോശമായി പറയില്ലെന്നാണ് വിശ്വാസം. സി.കെ. വിദ്യാസാഗറിനും സ്വാമി ശാശ്വതീകാനന്ദക്കുമൊപ്പം ഒരു നിവേദനം നൽകാൻ പോയപ്പോഴായിരുന്നു പിണറായിയെ പരിചയപ്പെടുത്തിയത്.
ദേശാഭിമാനിയുടെയും പാ൪ട്ടിയുടെയും വള൪ച്ചയിൽ ചെത്തുതൊഴിലാളികളുടെ വിയ൪പ്പുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.